ജനാധിപത്യബോധം വളർത്താൻ മെഗാ തിരുവാതിര
Mail This Article
മലപ്പുറം ∙ വോട്ടർപട്ടികയിൽ യുവ വോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനും വിദ്യാർഥികളിൽ ജനാധിപത്യബോധം വളർത്താനും സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പിഷേൻ (സ്വീപ്) മലപ്പുറവും മലപ്പുറം ഗവ. കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബും (ഇഎൽസി) ചേർന്നു മെഗാ തിരുവാതിര സംഘടിപ്പിച്ചു. കലക്ടർ വി.ആർ.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബൂത്ത് ലെവൽ ഓഫിസർമാർക്കുള്ള ഉപഹാര വിതരണവും അദ്ദേഹം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. കദീജ അധ്യക്ഷത വഹിച്ചു.
ഏറനാട് ഡപ്യൂട്ടി തഹസിൽദാർ സി.എ.ഷൈജു, ഇഎൽസി നോഡൽ ഓഫിസർ എ.വേണുഗോപാലൻ, ഇഎൽസി കോർഡിനേറ്റർ ഡോ. കെ. അബ്ദുൽസലാം, യൂണിയൻ ഫൈൻ ആർട്‌സ് സെക്രട്ടറി ഷഹർബാൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ മികച്ച ബൂത്ത് ലെവൽ ഓഫിസർമാരായി തിരഞ്ഞെടുക്കപ്പെട്ട സുധീർ കുമാർ, ഇബ്രാഹിം, ഹോം ടു ഹോം സന്ദർശനം പൂർത്തിയാക്കിയ നിലമ്പൂർ താലൂക്കിലെ പി.എച്ച്.ആമിന, വി.നൗഷാദലി, എ.എം.സാദിഖ്, വി.പി.ഇന്ദിര, തിരൂർ താലൂക്കിലെ സുധീർകുമാർ എന്നിവർക്കാണ് ഉപഹാരം നൽകിയത്. തുടർന്നു കോളജിലെ ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ ഫ്ലാഷ് മോബും വിവിധ മത്സരങ്ങളും നടത്തി.
ആവേശപ്പൂട്ടിട്ട് കാളപൂട്ട് മത്സരം
താനൂർ ∙ താനാളൂർ സി.പി.പോക്കർ ഹാജിയുടെ കണ്ടത്തിൽ നടന്ന കാളപൂട്ട് മത്സരത്തോടെ മേഖലയിലെ ഓണാഘോഷത്തിന് വർണാഭമായ തുടക്കം. താനാളൂർ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, എന്റെ താനൂർ എന്നിവ ചേർന്നാണ് കാളപൂട്ട് ഉത്സവം നടത്തിയത്. 6 വർഷങ്ങൾക്ക് ശേഷം നടന്ന കാളപൂട്ട് കാണാൻ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ എത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 72 ജോടി കന്നുകൾ പങ്കെടുത്തു.സമാപന ചടങ്ങ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ജനകീയ കാർഷിക മേളയായ കാളപൂട്ട് അന്യംനിന്ന് പോവാതിരിക്കാൻ എല്ലാ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. മുതിർന്ന കന്നുടമകളെ ആദരിച്ചു. മുഴുവൻ പൂട്ടുകാർക്കും മന്ത്രി ഓണക്കോടി സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.മല്ലിക ആധ്യക്ഷ്യം വഹിച്ചു. തെയ്യമ്പാടി സൈതലവി, കൊളക്കാടൻ നാസർ, മുജീബ് താനാളൂർ, കെ.ബഷീർ, സി.പി.കുഞ്ഞുട്ടി, കപ്പൂർ ഫൈസൽ, ചെമ്പൻ മാനു എന്നിവർ പ്രസംഗിച്ചു.