ADVERTISEMENT

മലപ്പുറം∙ ബാല്യത്തിൽ നഷ്ടപ്പെട്ട വിദ്യാഭ്യാസം തിരികെ നേടാൻ സഹായം തേടിയ യുവതിക്കു പൂർണ പിന്തുണയുമായി വനിതാ കമ്മിഷൻ. അദാലത്തിലാണു സഹായം തേടി 28 വയസ്സുകാരിയായ യുവതി എത്തിയത്. ബിഹാറിൽനിന്നു വീട്ടുജോലിക്കായി ഏട്ടാം വയസ്സിൽ കോട്ടയത്ത് എത്തിയതാണിവർ. ജോലി ചെയ്ത വീട്ടിലെ പീഡനത്തെത്തുടർന്നു സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ അനാഥാലയത്തിലെത്തിയ യുവതിക്കു പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. തുടർന്ന്, പ്രായപൂർത്തിയായ യുവതിയെ തൃപ്രങ്ങോട് സ്വദേശി വിവാഹം കഴിച്ചു.

യുകെജിയിലും ഒന്നിലും പഠിക്കുന്ന രണ്ടു കുട്ടികളുടെ അമ്മയാണ് ഇന്നിവർ. കുട്ടികൾ സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോഴാണു തനിക്കു നഷ്ടപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം തിരികെ നേടണമെന്ന് യുവതിക്ക് ആഗ്രഹമുണ്ടായത്. യുവതിയുടെ ആഗ്രഹം അറിഞ്ഞ ഭർത്താവിനു സന്തോഷമായി.  എന്നാൽ, പ്രാഥമിക വിദ്യാഭ്യാസത്തിനു പ്രായം തടസ്സമായി നിന്നപ്പോൾ ഇവർ വനിതാ കമ്മിഷനെ സമീപിക്കുകയായിരുന്നു. എതിർകക്ഷികളില്ലാത്ത കേസിൽ യുവതിയുടെ പ്രാഥമിക വിദ്യാഭ്യാസ അവകാശം നൽകാൻ ആവശ്യമായ സഹായങ്ങൾ കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു പരാതി പരിഗണിച്ച വനിതാ കമ്മിഷൻ അംഗം വി.ആർ.മഹിളാമണി പറഞ്ഞു.

ഇവർ താമസിക്കുന്ന പഞ്ചായത്തിലെ വനിതാ കമ്മിഷൻ  ജാഗ്രതാ സമിതിയുടെ സഹായത്തോടെ യുവതിക്കു സ്‌കൂൾ പഠനം ആരംഭിക്കുന്നതിനുള്ള സാധ്യത സംബന്ധിച്ചു റിപ്പോർട്ട് തേടും. ബന്ധപ്പെട്ട ഓഫിസുകളുമായി ആലോചിച്ചു പഠനസൗകര്യം ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും വനിതാ കമ്മിഷൻ അംഗം പറഞ്ഞു. ജില്ലാതല അദാലത്തിൽ‌ ഇന്നലെ 40 കേസുകൾ പരിഗണിച്ചു.ഇതിൽ 8 പരാതികൾ തീർപ്പാക്കി. 6 പരാതികൾ പൊലീസിനു കൈമാറി.

26 കേസുകൾ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. ഗാർഹിക പീഡനം, സ്വത്ത് തർക്കം തുടങ്ങിയ കേസുകളാണു കമ്മിഷനു മുന്നിലെത്തിയതിൽ കൂടുതലും. പൊതുവേ, മലപ്പുറം ജില്ലയിൽ വനിത കമ്മിഷനു മുന്നിലെത്തുന്ന കേസുകളുടെ എണ്ണത്തിൽ കുറവുള്ളതായാണു വിലയിരുത്തൽ. സുഹൃത രജീഷ്, കെ.ബീന, കൗൺസലർ ശ്രുതി നാരായണൻ, വനിതാ കമ്മിഷൻ ജീവനക്കാരായ  എസ്.രാജേശ്വരി, ജെ.എസ്. വിനു തുടങ്ങിയവർ അദാലത്തിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com