ADVERTISEMENT

പൊന്നാനി ∙ തീരദേശ റെയിൽപാത പൂർണതയിലെത്തണമെങ്കിൽ ഇരട്ടപ്പാത വേണം. ആദ്യഘട്ടത്തിൽ ഒറ്റ ലൈൻ മാത്രമാണ് ആലോചിക്കുന്നത്. തുടക്കത്തിൽ പരമാവധി 10 ട്രെയിനുകൾക്കു മാത്രമേ ഇരുഭാഗത്തേക്കുമായി സർവീസ് നടത്താൻ കഴിയുകയുള്ളൂ. പാത ഇരട്ടിച്ചാൽ ചുരുങ്ങിയത് 25 ട്രെയിനുകൾക്ക് ഒരു ഭാഗത്തേക്കു മാത്രം ഓടാൻ കഴിയും. ഇതോടെ ഞൊടിയിടയിൽ ട്രെയിനുകൾ വന്നുപോകുന്ന പാതയായി തീരദേശ റെയിൽപാത മാറും. നിലവിലെ ഷൊർണൂർ റൂട്ടിനെക്കാൾ വളവുകൾ കുറയുമെന്നത് ഇൗ പാതയുടെ സാധ്യത വർധിപ്പിക്കും. 

ഒറ്റ ലൈൻ നിർമിക്കുകയാണെങ്കിൽ പോലും മണിക്കൂറിൽ ചുരുങ്ങിയത് 160 കിലോമീറ്റർ വേഗത്തിൽ‌ ട്രെയിനുകൾക്ക് ഓടാനാകും. മംഗളൂരു–തിരുവനന്തപുരം റൂട്ടിലെ പ്രധാന റെയിൽപാതയായി ഭാവിയിൽ മാറാനുള്ള സാധ്യത ഏറെയാണ്. പാത തിരൂരിലാണു വന്നുചേരുന്നതെങ്കിൽ ഉയർന്ന നിലവാരത്തിലേക്ക് അതിവേഗം പദ്ധതിക്ക് എത്തിച്ചേരാൻ കഴിയും. മലപ്പുറം ജില്ലയ്ക്കു മാത്രമല്ല, തൃശൂർ ജില്ലയ്ക്കും പദ്ധതി വൻ മുതൽക്കൂട്ടാകും. 

ഇഴഞ്ഞുനീങ്ങിയ ഗുരുവായൂർ ലൈൻ 

∙ 1994 ജനുവരിയിലാണു തൃശൂരിൽനിന്നു ഗുരുവായൂരിലേക്കുള്ള റെയിൽവേ ലൈൻ കമ്മിഷൻ ചെയ്യുന്നത്. ഒറ്റ ലൈനാണു നിർമിച്ചത്. തൊട്ടുപിന്നാലെ തന്നെ 1995–1996 വർഷത്തിലെ റെയിൽവേ ബജറ്റിൽ ഉൾപ്പെടുത്തി ഇൗ പാത മലപ്പുറം ജില്ലയിലേക്കു നീട്ടുന്നതിനു സർവേ നടപടികൾ തുടങ്ങി. പാത ഇൗ രീതിയിൽ ബന്ധിപ്പിച്ചാൽ മാത്രമേ ഗുരുവായൂർ–തൃശൂർ ലൈനിനു ഭാവിയുള്ളൂവെന്നതു മുന്നിൽക്കണ്ടാണ് ഉടൻ വിപുലീകരണ പദ്ധതി തയാറാക്കിയത്.

പക്ഷേ, അന്തിമ ലൊക്കേഷൻ സർവേക്കെതിരെ കാര്യമായ എതിർപ്പുകൾ ഉയർന്നു. രാഷ്ട്രീയ നേട്ടത്തിനനുസരിച്ച് അലൈൻമെന്റുകളിലും അക്കാലത്തെ ജനപ്രതിനിധികൾ തോന്നിയപടിയുള്ള ഇടപെടലുകൾ നടത്തി. പാത എങ്ങുമെത്താത്ത തരത്തിലേക്ക് എത്തി. പിന്നീടു കോവിഡ് പശ്ചാത്തലത്തിലുണ്ടായ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കൂടിയായപ്പോൾ തീരദേശ റെയിൽപാതയെന്ന സ്വപ്നം പൂർണമായി നിലച്ച മട്ടായി. തൃശൂർ–ഗുരുവായൂർ ലൈൻ ഉദ്ഘാടനം ചെയ്തു മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇൗ പാത ഇരട്ടിപ്പിക്കാൻ കഴിഞ്ഞില്ല. ചുരുങ്ങിയ ട്രെയിനുകൾ വച്ച് പാത ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയായി. 

‘ഞാൻ മുന്നിലുണ്ട്’ 

∙ ഉറപ്പ് ഇ.ശ്രീധരന്റേതാണ്. റെയിൽവേ മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും ഇ.ശ്രീധരൻ അയച്ച കത്തിൽ ഇൗ ഉറപ്പുണ്ട്. കത്തിനൊപ്പം തന്നെ തീരദേശ പാതയിൽ പല നിർദേശങ്ങളും ശ്രീധരൻ മുന്നോട്ടുവച്ചു. പ്രധാനമായും പാത തിരൂരിലെത്തിക്കുന്നതു സംബന്ധിച്ചാണ്. ഇതു വലിയ നേട്ടങ്ങൾക്കു വഴിയൊരുക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. തിരുനാവായ–ഗുരുവായൂർ പാതയുടെ സർവേക്കാണ് അനുമതിയെങ്കിലും ഉദ്യോഗസ്ഥ സംഘം തിരൂരിന്റെ സാധ്യത കൂടി പരിശോധിക്കുന്നുണ്ട്. പഠന റിപ്പോർട്ടുകൾ അനുകൂലമായാൽ തിരൂരിലേക്ക് പാതയെത്തിക്കുന്നതിനുള്ള നടപടികളിലേക്കു കടക്കാനാകും. മാത്രവുമല്ല, ഭാവിയിൽ തൃശൂരിൽ നിന്ന് ഗുരുവായൂർ വഴി തിരൂരിലേക്ക് ഇരട്ട ലൈൻ ഉറപ്പാക്കുകയും ചെയ്യാം. 

നാളെ : എല്ലാം ശരിയായാൽ 4 വർഷത്തെ കാത്തിരിപ്പ് മതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com