ഡോക്ടറടക്കം 5 ജീവനക്കാർ, ചികിത്സ പൂർണമായും സൗജന്യം; നൂറേങ്ങൽമുക്കിൽ ആരോഗ്യകേന്ദ്രം തുറന്നു
Mail This Article
മലപ്പുറം∙ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയിൽ ആരംഭിക്കുന്ന ഹെൽത്ത് ആൻഡ് വെൽനെസ് ക്ലിനിക്കിലെ മേൽമുറി–27 നൂറേങ്ങൽമുക്കിലെ ആരോഗ്യകേന്ദ്രം പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ ജനങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. താങ്ങാനാവാത്ത ചികിത്സച്ചെലവുകൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാർക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്നത് ഭരണകൂടങ്ങളുടെ ബാധ്യത ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേൽമുറി നൂറേങ്ങൽമുക്ക് ഭാഗത്ത് ആദ്യമായി തുടങ്ങുന്ന സർക്കാർ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ഉത്സവാന്തരീക്ഷത്തിലായിരുന്നു. മികച്ച പശ്ചാത്തല സംവിധാനത്തോടു കൂടി പൂർണമായും സൗജന്യ ചികിത്സയാണു ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങളിൽ ലഭിക്കുക. ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ്, ജെഎച്ച്ഐ, ആരോഗ്യപ്രവർത്തകർ എന്നിങ്ങനെ 5 ജീവനക്കാരോടു കൂടിയാണ് വെൽനെസ് കേന്ദ്രം പ്രവർത്തിക്കുക. സ്ഥാപനത്തിൽ ചികിത്സയും മരുന്നും ഉൾപ്പെടെ എല്ലാ സേവനങ്ങളും പൂർണമായും സൗജന്യമാണ്. ആദ്യത്തെ വെൽനെസ് കേന്ദ്രം കഴിഞ്ഞ ആഴ്ചയിൽ മുണ്ടുപറമ്പിൽ ഉദ്ഘാടനം ചെയ്തിരുന്നു. മൂന്നാമത്തെ വെൽനെസ് കേന്ദ്രം 17ന് ആലത്തൂർപടിയിൽ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ നഗരസഭാ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. പി.ഉബൈദുല്ല എംഎൽഎ മുഖ്യാതിഥിയായിരുന്നു. സ്ഥിരസമിതി അധ്യക്ഷരായ സിദ്ദീഖ് നൂറേങ്ങൽ, പി.കെ.അബ്ദുൽ ഹക്കീം, മറിയുമ്മ ഷരീഫ് കോണോത്തൊടി, സി.പി.ആയിഷാബി, കൗൺസിലർ ആമിന അഷറഫ് പാറച്ചോടൻ, എ.പി.ശിഹാബ്, സി.കെ.സഹീർ, ബിനു രവികുമാർ, കപൂർ കദീജ, പി.കെ.ബാവ, എൻ.കെ.മജീദ്, മന്നിയിൽ അബൂബക്കർ, പി.പി.മെഹബൂബ്, പനമ്പുഴ ബാപ്പുട്ടി, പി.എം.ജാഫർ, കുഞ്ഞിപ്പു, എൻ.മുസ്തഫ, അഷ്റഫ് പാറച്ചോടൻ, എൻ.വി.ഷഫീഖ് വാഫി, എൻ.വി.മൂസ, മെഡിക്കൽ ഓഫിസർ ഡോ.രാധിക തുടങ്ങിയവർ പ്രസംഗിച്ചു.