ADVERTISEMENT

തിരൂർ ∙ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ രാജീവ്ഗാന്ധി സ്റ്റേഡിയത്തിന്റെ വികസനം നടത്താനുള്ള നഗരസഭയുടെ തീരുമാനം ഏറെ പ്രതീക്ഷകളോടെയാണു കായികപ്രേമികൾ കാണുന്നത്. 6 കോടി രൂപ ചെലവു വരുന്ന നവീകരണമാണു നഗരസഭ ഇവിടെ നടത്താനൊരുങ്ങുന്നത്. ഇതിനായി ഒരു മാസത്തിനുള്ളിൽ ഡിപിആർ തയാറാക്കുമെന്നും അറിയിച്ചിരുന്നു.

എന്നാൽ നവീകരണം നടത്താൻ നഗരസഭ ഏറെ വെല്ലുവിളികൾ നേരിടേണ്ടി വരും. പണം തന്നെയാണു പ്രധാന പ്രശ്നം. നിലവിൽ മൈതാനത്തിനു ചുറ്റും 450 മീറ്റർ നീളത്തിൽ ഒരു നടപ്പാത ഉണ്ടാക്കിയതു മാത്രമാണു വർഷങ്ങൾക്കിപ്പുറം ഇവിടെ നടന്ന ഒരു വികസന പ്രവർത്തനം.

പ്രതാപകാലം തിരികെ കിട്ടുമോ
പന്തിനു പിറകേ പായുന്ന കളിക്കാരും അവരുടെ ചടുലനീക്കങ്ങളും, നിറഞ്ഞുകവിഞ്ഞ കാണികൾ, അവരുടെ ആർപ്പുവിളികൾ, എന്നും ഉണർന്നിരുന്ന ട്രാക്കും ഫീൽഡും, പിന്നെ രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കും. ഇതൊക്കെയായിരുന്നു ഒരു കാലത്തു തിരൂർ രാജീവ്ഗാന്ധി സ്റ്റേഡിയം. 

ഇടക്കാലത്ത് അതെല്ലാം ഇല്ലാതായി. രാവിലെയെത്തുന്ന പ്രഭാതസവാരിക്കാരും സാറ്റ് തിരൂരിന്റെ കായികതാരങ്ങളും മറ്റുമാണ് നിലവിൽ ഈ മൈതാനത്തിന്റെ ജീവൻ അൽപമെങ്കിലും നിലനിർത്തുന്നത്. നവീകരണത്തിലൂടെ ആ പഴയ പ്രതാപം തിരികെ കിട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പ്രതിസന്ധികൾ വിളയുന്ന മൈതാനം
ഏറെ പ്രതിസന്ധികളാണ് ഇപ്പോൾ രാജീവ്ഗാന്ധി സ്റ്റേഡിയം നേരിടുന്നത്. ലക്ഷങ്ങൾ ചെലവിട്ട് ഇവിടെ നിർമിച്ച രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് പാടേ നശിച്ചിട്ടു വർഷങ്ങളായി. കൃത്യമായ പരിപാലനമില്ലാത്തതു കാരണമാണ് ഇതു നശിച്ചതെന്നു വ്യക്തം. 8 വരികളുള്ള ട്രാക്ക് നിർമിച്ച ശേഷം ഇവിടെ ഒട്ടേറെ സ്പോർട്സ് മത്സരങ്ങൾ നടന്നിട്ടുണ്ട്.

സ്റ്റേഡിയത്തിന്റെ വടക്കു ഭാഗത്തു നിർമിച്ച കോൺക്രീറ്റ് ഗാലറികൾ യാതൊരു ലക്ഷ്യബോധവുമില്ലാതെ നിർമിച്ചിട്ടതാണ്. വലുപ്പമുണ്ടെന്നല്ലാതെ ആളുകൾക്ക് ഇവിടേക്കു കയറാൻ പോലും സാധ്യമല്ല. കൂടാതെ വെട്ടിമാറ്റാത്ത മരച്ചില്ലകൾ വളർന്നു ഗാലറിക്കുമേൽ എത്തിയിരിക്കുന്നു. പുതിയ ഇരുമ്പു ഗാലറികളും പെയിന്റടിക്കാതെ നശിച്ചു തുടങ്ങിയിരിക്കുന്നു.

പന്തുരുണ്ടിരുന്ന മൈതാനം നിറയെ പുല്ലുവളർന്നിട്ടുണ്ട്. ഹൈമാസ്റ്റ് ലൈറ്റുകളുണ്ടെങ്കിലും കേടായതിനാൽ രാത്രി വെളിച്ചമില്ല. മറ്റൊരു പ്രധാന പ്രശ്നം മൈതാനത്തിന്റെ ഉയർച്ചയിൽനിന്നു താഴ്ചയിലേക്കുള്ള കിടപ്പാണ്. ഒരു വശം ഉയർന്നിരിക്കുന്ന മൈതാനത്തു വേഗത്തിൽ ഓടിയാൽ ഉരുണ്ടുവീഴുമെന്നുറപ്പ്. ഇങ്ങനെ പരിശീലനത്തിനിടയിൽ വീണു പരുക്കേറ്റ ഒട്ടേറെ താരങ്ങളുണ്ട് ഇവിടെ. 

കായികതാരങ്ങൾക്കു വസ്ത്രം മാറാനുള്ള ഇടവും ശുദ്ധജലത്തിനുള്ള സംവിധാനവും ശുചിമുറിയുമൊന്നും ഇവിടെയില്ല. നഗരസഭ തയാറാക്കുന്ന ഡിപിആറിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തണമെന്നാണു കായികതാരങ്ങൾ ആവശ്യപ്പെടുന്നത്.

നിലം മാറണം
തിരൂ‍ർ വില്ലേജിലെ 179/3 സർവേ നമ്പറിൽ തിരൂർ പുഴ ചുറ്റിയൊഴുകുന്ന മനോഹരമായ 10 ഏക്കർ സ്ഥലത്താണു താഴേപ്പാലം രാജീവ്ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയമുള്ളത്. എന്നാൽ ഈ 10 ഏക്കറിൽ 6 ഏക്കറും റവന്യു വകുപ്പിന്റെ രേഖകളിൽ ഇപ്പോഴും നിലമാണ്. ഇതു തരം മാറ്റാനുള്ള അപേക്ഷ വർഷങ്ങൾക്കു മുൻപു നൽകിയതാണ്. ഇപ്പോൾ അത് ഏതാണ്ട് അംഗീകരിച്ചിട്ടുണ്ട്. ഇനി ഇതിനുള്ള ഫീസായ 15 ലക്ഷം രൂപ കെട്ടിവയ്ക്കണം.

എന്നാൽ പൊതുകാര്യമായതിനാൽ ഈ ഫീസ് ഒഴിവാക്കി നൽകണമെന്നു നഗരസഭ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം അംഗീകരിച്ച് തരംമാറ്റിയുള്ള അംഗീകാരം കിട്ടിയാൽ മാത്രമേ ഇവിടെ നിർമാണങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ. ഇത് ഉടൻ സാധ്യമാകുമെന്നാണു പ്രതീക്ഷ.

പണം വേണം;  പക്ഷേ എങ്ങനെ?
6 കോടി രൂപയുടെ വികസനം! അതെങ്ങനെ സാധ്യമാക്കാമെന്ന ചിന്തയിലാണു നഗരസഭ. മുൻപു സ്പോർട്സ് കൗൺസിൽ 10 കോടിയിലേറെ രൂപ ഇതിനായി നൽകാമെന്ന് ഏറ്റിരുന്നു. എന്നാൽ ഇതിനായി ഒപ്പുവയ്ക്കേണ്ട കരാറിലെ ചില നിബന്ധനകൾ ഈ തുക സ്വീകരിക്കുന്നതിൽനിന്നു നഗരസഭയെ പിന്നോട്ടു വലിച്ചു. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടുമെന്നായിരുന്നു പേടി. ഇതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും ചെയ്യാനായില്ല.

ഇതോടെ വികസനം ഒറ്റയ്ക്കു നടത്തുമെന്നു നഗരസഭ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഇതിനു വേണ്ട പണം കണ്ടെത്തുകയെന്നതാണു നഗരസഭയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. എംഎൽഎ, എംപി എന്നിവരെ പണം തന്നു സഹായിക്കാൻ ആവശ്യപ്പെട്ടു സമീപിക്കാനാണു നഗരസഭ ആലോചിക്കുന്നത്. ബാക്കി പണത്തിനുള്ള സഹായം തേടി കായികപ്രേമികളെയും പ്രവാസികളെയും സമീപിക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com