ADVERTISEMENT

അങ്ങാടിപ്പുറം ∙  തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭഗവതിക്കണ്ടം നടീൽ യജ്ഞം കാർഷിക സംസ്‌കൃതിയുടെ ഉണർത്തുപാട്ടായി. ക്ഷേത്രത്തിന്റെ വടക്കേനടയിൽ ആറാട്ടുകടവിനക്കരെ 188 സെന്റ് വിസ്‌തൃതിയുള്ള ഭഗവതിക്കണ്ടത്തിലേക്ക് ചടങ്ങിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ഭക്തജനപ്രവാഹമായി. ക്ഷേത്രത്തിലും ഇന്നലെ രാവിലെ മുതൽ തിരക്കുണ്ടായിരുന്നു.  

രാവിലെ പന്തീരടിപൂജയ്‌ക്ക് ശേഷം കളത്തുംചാളയ്‌ക്കൽ കർഷക കുടുംബത്തിലെ മൂപ്പൻ അയ്യപ്പൻ വരമ്പത്ത് ഭദ്രദീപം തെളിച്ച് ഇളനീർ വെട്ടി ആടിയശേഷം ആദ്യ ഞാറ്റുമ്മുടി നടീലിനായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാലിന് കൈമാറി. അദ്ദേഹം വയലിലിറങ്ങി ആദ്യ നടീൽ നിർവഹിച്ചതോടെ നടീൽ യജ്ഞത്തിന് തുടക്കമായി.  

വയലിന് ചുറ്റുമായി വരമ്പിൽ കാത്തുനിന്ന നൂറുകണക്കിന് ഭക്തർ ഭഗവതിയുടെ അനുഗ്രഹത്തിനായി പ്രാർഥനാപൂർവം കണ്ടത്തിലിറങ്ങി നടീൽ യജ്ഞത്തിന്റെ ഭാഗമായി. കൊച്ചുകുട്ടികളും വയോധികരും യുവതീ യുവാക്കളുമെല്ലാം ആവേശപൂർവം ചേറ്റിലിറങ്ങി ഞാറുനട്ടു. നടീലിനു ശേഷം ആറാട്ടു കടവിലിറങ്ങി ശുദ്ധി വരുത്തി ക്ഷേത്രത്തിൽ ഭഗവതിയെ തൊഴുത് മടങ്ങി.  വൈകിട്ടുള്ള തിരിഞ്ഞു പന്തീരടി പൂജയ്‌ക്ക് മുൻപ് നടീൽ പൂർത്തിയാക്കണമെന്നാണ് പ്രമാണം.

എന്നാൽ ഒന്നര മണിക്കൂറിനകം തന്നെ ഭഗവതി കണ്ടം നട്ടു കഴിഞ്ഞിരുന്നു. അപ്പോഴും വയൽ വരമ്പുകളിലൂടെ നടീൽ യജ്ഞത്തിന്റെ ഭാഗമാകാൻ ഭക്തജനങ്ങൾ പ്രവഹിച്ചു കൊണ്ടിരുന്നു. യജ്ഞ സമാപ്‌തിയുടെ സന്തോഷത്തിൽ കാർഷിക വൃത്തിയിൽ ഏർപ്പെട്ട കർഷക കുടുംബത്തിലെ അംഗങ്ങൾ ക്ഷേത്രം വടക്കേ നടയിൽ ചവിട്ടുകളിയും ഒരുക്കി. ചവിട്ടുകളിയുടെ ഭാഗമായവർക്ക് ക്ഷേത്രത്തിൽ നിന്ന് നിവേദിച്ച പ്രസാദവും പാരിതോഷികവും നൽകി.  ക്ഷേത്രത്തിൽ നടന്ന പ്രസാദ ഊട്ടിൽ 2500 ലേറെ പേരാണ് പങ്കാളികളായത്. 

നടീൽ യജ്ഞം നൽകുന്നത് സമത്വത്തിന്റെ സന്ദേശം: പി.സി.അരവിന്ദൻ 
തിരുമാന്ധാംകുന്ന് ഭഗവതി കണ്ടം നടീൽ യജ്ഞം സമത്വത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് ഗാനരചയിതാവ് പി.സി.അരവിന്ദൻ.  കഴിഞ്ഞ 40 വർഷത്തിലേറെയായി താൻ യജ്ഞത്തിൽ പങ്കെടുക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com