രണ്ടാം വന്ദേഭാരതിനും തിരൂരിൽ സ്റ്റോപ്പില്ല; കരട് പട്ടികയിൽ ജില്ലയിൽ ഒരു സ്റ്റോപ്പുമില്ല
Mail This Article
തിരൂർ ∙ സംസ്ഥാനത്തേക്ക് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനും മലപ്പുറത്തെ സ്റ്റേഷനുകളിൽ നിർത്താതെ കൂകിവിളിച്ചു കടന്നുപോകും. ട്രെയിൻ യാത്രയ്ക്കിടെ കടന്നുപോകുന്ന ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവയിൽ മറ്റെല്ലാ ജില്ലകളിലും ട്രെയിൻ നിർത്തി ഓടുമ്പോൾ മലപ്പുറത്ത് മാത്രം രണ്ടാം വന്ദേഭാരതിനും സ്റ്റോപ്പുണ്ടാകില്ല. ആദ്യ വന്ദേഭാരത് സർവീസ് നടത്തുന്ന സമയത്തും പറഞ്ഞുപറ്റിച്ച റെയിൽവേ രണ്ടാമത്തെ സർവീസിലും ജില്ലയെ തഴയുകയാണ്. ട്രെയിൻ നിർത്തുന്ന സ്റ്റോപ്പുകളുടെ കരടു പട്ടിക പുറത്തുവന്നപ്പോഴാണ് ഇക്കുറിയും തിരൂർ റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയതായി വ്യക്തമായത്. ഇത് റെയിൽവേ ജില്ലയോടു കാട്ടുന്ന കടുത്ത അവഗണന തുടരുകയാണെന്നതിനുള്ള തെളിവായി.
അരക്കോടിയോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സംസ്ഥാനത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണു മലപ്പുറം. റെയിൽവേക്ക് വർഷം തോറും വലിയ വരുമാനം നൽകുന്ന ജില്ലയുമാണിത്. കഴിഞ്ഞ വർഷം മാത്രം ജില്ല റെയിൽവേക്കു നൽകിയത് 65.19 കോടി രൂപയാണ്. അതിൽ തിരൂർ റെയിൽവേ സ്റ്റേഷനാണു മുൻപന്തിയിൽ– 29.48 കോടി രൂപ. ഇവിടെനിന്നു യാത്ര ചെയ്തതാകട്ടെ 29.96 ലക്ഷം യാത്രക്കാരും. ഇത്രയൊക്കെ വരുമാനവും യാത്രക്കാരുമുണ്ടായിട്ടും ജില്ലയെ എന്തിനു തഴയുന്നുവെന്നാണു യാത്രക്കാരുടെ ചോദ്യം.
കഴിഞ്ഞ ഏപ്രിലിലാണ് വന്ദേഭാരത് ആദ്യ സർവീസ് ആരംഭിച്ചത്. അന്ന് തുടക്കത്തിൽ പ്രഖ്യാപിച്ച കരട് സ്റ്റേഷൻ പട്ടികയിൽ തിരൂരിനെ ഉൾപ്പെടുത്തിയിരുന്നു. ആദ്യ ട്രയൽ റണ്ണിലും തിരൂരിൽ ട്രെയിൻ നിർത്തി. എന്നാൽ പിന്നീട് ജില്ലയെ ഒഴിവാക്കി പട്ടികയിറക്കുകയായിരുന്നു. ആദ്യം സ്റ്റോപ്പുണ്ടെന്നു പറഞ്ഞ് പിന്നീടത് ഒഴിവാക്കിയത് ജില്ലയെ അപമാനിക്കുന്നതിനു തുല്യമായാണ് യാത്രക്കാരും നാട്ടുകാരും കണ്ടത്. തുടർന്ന് സ്റ്റോപ് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും നടന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നണികളും സമരം നടത്തി. അതോടെ കോയമ്പത്തൂർ – ജബൽപൂർ എക്സ്പ്രസിനു സ്റ്റോപ് കൊടുത്ത് തടിയൂരാനാണു റെയിൽവേ ശ്രമിച്ചത്. കൂടാതെ അടുത്ത സർവീസിൽ തിരൂരിനെ പരിഗണിക്കാമെന്നും അധികൃതർ പറഞ്ഞിരുന്നു.
സ്റ്റോപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നതു മാത്രമാണ് ഏക ആശ്വാസം. 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി സർവീസ് ഉദ്ഘാടനം ചെയ്യും. അതിനു മുൻപ് ചർച്ചകളിൽ തിരൂരിനെയും പരിഗണിച്ചാൽ ജില്ലയുടെ പ്രയാസം മാറും. അതിനായി ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷികളുടെയും ശക്തമായ ഇടപെടലാണു വേണ്ടത്. ചർച്ചകൾക്കായി ഇനിയുള്ളത് 3 ദിവസം മാത്രമാണ്. അതിനായി കാത്തിരിക്കുകയാണ് ജനം.
‘സ്ലീപ്പർ കോച്ച് കുറയ്ക്കരുത്’
മലപ്പുറം ∙ കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാനപ്പെട്ട ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറയ്ക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനൽ സെക്രട്ടറി കെ.വി.സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, സി.സി.ജാഫർ, രജിത മഞ്ചേരി, ഇബ്രാഹിംകുട്ടി മംഗലം തുടങ്ങിയവർ പ്രസംഗിച്ചു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local