ജഗതി ശ്രീകുമാർ അപകടത്തിൽപെട്ട ഡിവൈഡർ മുനമ്പും 52 മരണങ്ങൾ ‘കണ്ട’ പാണമ്പ്ര വളവും ഇനിയില്ല
Mail This Article
തേഞ്ഞിപ്പലം ∙ 50 വർഷങ്ങൾക്കിടെ 52 മരണങ്ങൾ സംഭവിച്ച പാണമ്പ്ര വളവ് ഇനി ഓർമ. പടിഞ്ഞാറ് വശത്തെ കൊക്ക നികത്തി നിർമിച്ച സർവീസ് റോഡ് വാഹന ഗതാഗതത്തിനു തുറന്നു. യൂണിവേഴ്സിറ്റി, രാമനാട്ടുകര, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഇപ്പോൾ പുതിയ റോഡ് വഴിയാണ് പോകുന്നത്. മുൻപ് കയറ്റിറക്കം കുറയ്ക്കാൻ വളവ് സൃഷ്ടിച്ചപ്പോൾ അധികപ്പറ്റായി കാട് കയറിയ കൊക്കയാണ് നികത്തി സർവീസ് റോഡ് നിർമിച്ചത്.
നികത്തിയിട്ട ശേഷിക്കുന്ന സ്ഥലംകൂടി ഉപയോഗിച്ച് നാലുവരിപ്പാത നിർമിക്കും. ഗതാഗതം തിരിച്ചുവിടാൻ സ്ഥാപിച്ച ഡിവൈഡർ ഇതോടെ നോക്കുകുത്തിയായി. ഡിവൈഡറിന്റെ പടിഞ്ഞാറ് വശത്തെ നിലവിലുള്ള റോഡിൽ ഇപ്പോൾ വാഹന ഗതാഗതമില്ല. ഡിവൈഡറിന്റെ കിഴക്കു വശത്തെ റോഡ് പ്രയോജനപ്പെടുത്തിയാണ് ഇപ്പോഴും ചേളാരി, തൃശൂർ ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗതം.
കൂടുതൽ വാർത്തകൾക്ക് : www.manoramaonline.com/local
ഈ ഭാഗത്ത് സർവീസ് റോഡ് നിർമിക്കുന്നതോടെ തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ അതുവഴിയാക്കും. തുടർന്ന് വളവും കയറ്റിറക്കവും ഇല്ലാത്ത നാലുവരിപ്പാത നിർമിക്കും. നടൻ ജഗതി ശ്രീകുമാറിന് കാറപകടത്തിൽ പരുക്കേൽക്കാൻ ഇടയാക്കിയ ഡിവൈഡർ മുനമ്പും ഇപ്പോഴില്ല. ഇവിടെ എൻഎച്ചിൽ പാലത്തിനുള്ള തൂണുകൾ പൂർത്തിയായി.
ബീമുകൾ സ്ഥാപിച്ച ശേഷം കോൺക്രീറ്റിങ് നടത്തുന്നതോടെ പാലം പൂർത്തിയാകും. പാലത്തിന് മീതെയാണ് പാത നിർമിക്കുക. പാലത്തിന്റെ അടിഭാഗം അടിപ്പാതയായി ഉപയോഗിക്കാം. സർവീസ് റോഡുകൾ വഴി എത്തുന്ന വാഹനങ്ങൾക്ക് മറുഭാഗത്ത് എത്താൻ അടിപ്പാത സഹായകമാകും.
English Summary: Jagathy Sreekumar car accident, Curve, divider at Panambra in Kozhikode