ADVERTISEMENT

തിരൂർ ∙ റെയിൽവേ അധികൃതർ വാക്കുപാലിച്ചു. മലപ്പുറംകാർക്കും ഇനി വന്ദേഭാരതിൽ കുതിക്കാം. കഴിഞ്ഞ ഏപ്രിലിലാണു സംസ്ഥാനത്തേക്ക് ആദ്യ വന്ദേഭാരത് അനുവദിച്ചത്. ഇതിന്റെ തുടക്കത്തിൽ തിരൂരിലും നിർത്തുമെന്നു റെയിൽവേ അറിയിച്ചു. ട്രയൽ റണ്ണിൽ നിർത്തുകയും ചെയ്തു. എന്നാൽ പിന്നീട് ഈ സ്റ്റോപ് ഒഴിവാക്കി. അരക്കോടിയോളം ജനങ്ങളുമായി, സംസ്ഥാനത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയ്ക്കു സ്റ്റോപ് ആവശ്യവുമായിരുന്നു.

രാഷ്ട്രീയ കക്ഷികളും യാത്രക്കാരുടെ സംഘടനകളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും സ്റ്റോപ് നൽകിയില്ല. തുടർന്ന് ആ കനൽ കെടാതെ മലപ്പുറം ഉള്ളിൽ സൂക്ഷിച്ചു. ഇതിനിടെയാണ് ഓഗസ്റ്റ് അവസാന വാരത്തിൽ സംസ്ഥാനത്തേക്ക് അടുത്ത വന്ദേഭാരത് നൽകാനുള്ള തീരുമാനമായത്. തുടർന്ന് മലപ്പുറം ഒരുമിച്ചുനിന്നതോടെ ആവശ്യം റെയിൽവേ അംഗീകരിക്കുകയായിരുന്നു. 

കെട്ടിലും മട്ടിലും മാറ്റവുമായി കൊമ്പനെത്തും

വെള്ളയും നീലയും നിറത്തിലുള്ള 12 റേക്കുകളുമായാണ് ആദ്യത്തെ വന്ദേഭാരത് ഓടുന്നത്. എന്നാൽ പുതിയ വന്ദേഭാരത് റേക്കുകൾ നിറത്തിൽ അടിമുടി മാറ്റത്തിലാണ്. ഓറഞ്ചും കറുപ്പും കലർന്ന നിറമാണിതിന്. 8 റേക്കുകളാണ് ആദ്യഘട്ടത്തിൽ. വടക്കൻ കേരളത്തിൽ 110 കി.മീ വേഗത്തിൽ കുതിക്കും. തെക്കു ഭാഗത്തേക്കു പോകുമ്പോൾ 80 കി.മീ വരെയാകും വേഗം. സുരക്ഷയ്ക്കു വണ്ടിക്കകത്തും പുറത്തുമായി 40 സിസിടിവി ക്യാമറകളുണ്ട്. അകത്ത് ആർപിഎഫ് ഉദ്യോഗസ്ഥരുടെ നോട്ടവുമുണ്ട്.

വന്ദേഭാരത് നാളെ വൈകിട്ട്  3.42നു തിരൂരിൽ

വന്ദേഭാരത് ട്രെയിൻ.  (Photo courtesy: RailMinIndia)
വന്ദേഭാരത് ട്രെയിൻ. (Photo courtesy: RailMinIndia)

തിരൂർ ∙ രണ്ടാം വന്ദേഭാരത് എക്സ്പ്രസിനു തിരൂരിലും സ്റ്റോപ് അനുവദിച്ചതോടെ ജില്ലയ്ക്ക് ആഘോഷം. നാളെ 12.30നു പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യുന്ന ട്രെയിൻ വൈകിട്ട് 3.42നു തിരൂരിലെത്തും. ഇവിടെ ബിജെപി ജില്ലാ കമ്മിറ്റി, യാത്രക്കാരുടെ സംഘടനകൾ, മറ്റു സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ആദ്യ 2 ദിനങ്ങളിലും സാധാരണ യാത്രക്കാർക്ക് ഇതിൽ കയറാനാകില്ല.

26 മുതൽ ടിക്കറ്റെടുത്തു കയറാം. യാത്ര തുടങ്ങിയാൽ രാവിലെ 7നു കാസർകോട്ടുനിന്ന് പുറപ്പെടും. തിരൂരിൽ സ്റ്റോപ് അനുവദിച്ചതിനാൽ നിലവിൽ തീരുമാനിച്ച സമയക്രമത്തിൽ അൽപം മാറ്റമുണ്ടാകും. ഇക്കാര്യത്തെക്കുറിച്ചു റെ‍യിൽവേ അധികൃതർ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ എക്സ്പ്രസിനു തിരൂരിൽ സ്റ്റോപ് നൽകണമെന്ന് ആവശ്യപ്പെട്ട് മനോരമ വാർത്തകൾ നൽകിയിരുന്നു. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് ജില്ലയിൽ എവിടെയും നിർത്തുന്നില്ല.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇതു തുടങ്ങിയ സമയത്ത് ആദ്യം തിരൂരിൽ നിർത്തുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്റ്റോപ് മാറ്റുകയായിരുന്നു. ഇത് ഏറെ പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. ജില്ലയോടു റെയിൽവേ കാട്ടുന്ന അവഗണനയാണിതെന്നു വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണഓട്ടത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് 6.45ന് അരൂർ റെയിൽ പാലത്തിലൂടെ എറണാകുളം ജില്ലയിലേക്കു പ്രവേശിക്കുന്നു. അരൂർ-കുമ്പളം പാലമാണ് തൊട്ടടുത്തു കാണുന്നത്. ചിത്രം: ഇ.വി. ശ്രീകുമാർ ∙ മനോരമ
കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണഓട്ടത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് 6.45ന് അരൂർ റെയിൽ പാലത്തിലൂടെ എറണാകുളം ജില്ലയിലേക്കു പ്രവേശിക്കുന്നു. അരൂർ-കുമ്പളം പാലമാണ് തൊട്ടടുത്തു കാണുന്നത്. ചിത്രം: ഇ.വി. ശ്രീകുമാർ ∙ മനോരമ

ഇതിനിടെയാണു രണ്ടാമത്തെ സർവീസ് പ്രഖ്യാപിച്ചത്. എംപി അടക്കമുള്ളവരും വിവിധ സംഘടനകളും സ്റ്റോപ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രിയുടെ ഓഫിസുമായി ബിജെപി ജില്ലാ നേതൃത്വവും ബന്ധപ്പെട്ടിരുന്നു. ഇടപെടലുകൾ ഉണ്ടായതോടെ എക്സ്പ്രസിനു തിരൂരിൽ സ്റ്റോപ് അനുവദിക്കുകയായിരുന്നു. കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള പോകുമ്പോളുള്ള ശരാശരി വേഗം കൈവരിക്കുന്ന ശരാശരി വേഗം 72.39 കി.മീ. തിരിച്ചു തിരുവനന്തപുരത്തുനിന്നു കാസർകോട് ഭാഗത്തേക്കു പോകുമ്പോളുള്ള ശരാശരി വേഗം – 70.90 കി.മീ

നിലവിലെ ടൈം ടേബിൾ ഇങ്ങനെ – കാസർകോട്ടുനിന്നു രാവിലെ 7നു പുറപ്പെടും. തിരുവനന്തപുരത്ത് 3.05ന് എത്തും. തിരിച്ച് 4.05ന് യാത്ര തുടങ്ങി കാസർകോട് രാത്രി 11.58ന് എത്തും. (ഇതിനിടയിലെ സ്റ്റേഷനുകളുടെ കാര്യത്തിൽ ഈ സമയം വരെ വ്യക്തതയില്ല. കാരണം തിരൂരിൽ സ്റ്റോപ് അനുവദിച്ചതിനാൽ ഇപ്പോൾ പറഞ്ഞ സമയക്രമം എന്തായാലും മാറും.)

പ്രത്യേകം ശ്രദ്ധിക്കുക: ഈ ട്രെയിനിന് 8 ബോഗികളാണുള്ളത്. ഓറഞ്ചും കറുപ്പും കലർന്ന നിറമാണ്. 

ആദ്യ ദിനം ഇങ്ങനെയാണ്: 12.30ന് കാസർകോട്ടുനിന്നു ഫ്ലാഗ് ഓഫ് ചെയ്യും. 3.42നു തിരൂരിൽ എത്തും.

വന്ദേഭാരതിന്റെ സമയക്രമം ഇങ്ങനെ: തിരുവനന്തപുരം ഭാഗത്തേക്ക് 

  • കാസർകോട് – രാവിലെ 7.00
  • കണ്ണൂർ – 7.55
  • കോഴിക്കോട് – 8.57
  • തിരൂർ – 9.22
  • ഷൊർണൂർ – 9.58
  • തൃശൂർ – 10.38
  • എറണാകുളം – 11.45
  • ആലപ്പുഴ – 12.32
  • കൊല്ലം – 1.40
  • തിരുവനന്തപുരം – 3.05

കാസർകോട് ഭാഗത്തേക്ക്

  • തിരുവനന്തപുരം – വൈകിട്ട് 4.05
  • കൊല്ലം – 4.53
  • ആലപ്പുഴ – 5.55
  • എറണാകുളം – 6.35
  • തൃശൂർ – 7.40
  • ഷൊർണൂർ – 8.15
  • തിരൂർ – 8.52
  • കോഴിക്കോട് – 9.23
  • കണ്ണൂർ – 10.24
  • കാസർകോട് – 11.58

ആദ്യത്തേതിനും സ്റ്റോപ് വേണം ഇ.ടി.മുഹമ്മദ് ബഷീർ എംപി
വന്ദേഭാരതിനു തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു റെയിൽവേ മന്ത്രിയെയും മറ്റു ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേഭാരതിനു കൂടി സ്റ്റോപ് അനുവദിക്കണം. അതിനായുള്ള പരിശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. 

കൂടുതൽ ട്രെയിനുകളും നിർത്തണം കുറുക്കോളി മൊയ്തീൻ എംഎൽഎ
തിരൂരിനെ പരിഗണിച്ചതിനു റെയിൽവേ മന്ത്രിയെയും അതിനായി പരിശ്രമിച്ച ഇ.ടി.മുഹമ്മദ് ബഷീർ എംപിയെയും അഭിനന്ദിക്കുകയാണ്. കൂടുതൽ ദീർഘദൂര ട്രെയിനുകളും ഇവിടെ ഘട്ടംഘട്ടമായി അനുവദിക്കേണ്ടതുണ്ട്. 

സ്വാഗതം ചെയ്യുന്നു വി.എസ്.ജോയ് (ഡിസിസി പ്രസിഡന്റ്)
ജില്ലയ്ക്ക് അർഹതപ്പെട്ട പരിഗണനയാണു ലഭിച്ചത്. സ്വാഗതം ചെയ്യുന്നു 

ഏറെ സന്തോഷം കെ.രഘുനാഥ്,മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്.
സന്തോഷം നിറഞ്ഞ വാർത്ത. അതേസമയം, രാവിലെ വന്ദേഭാരത് ഓടുമ്പോൾ പരശുറാം ഉൾപ്പെടെയുള്ള മറ്റു വണ്ടികൾ ഒതുക്കിയിടരുത്. അത് സാധാരണക്കാരായ യാത്രക്കാരുടെ സമയത്തെ ഏറെ ബാധിക്കും. 

ഇനിയും നിർത്താനുണ്ട് ട്രെയിനുകൾ ഇ.എൻ.മോഹൻദാസ്, സിപിഎം ജില്ലാ സെക്രട്ടറി.
ഇരുപതിലേറെ ദീർഘദൂര ട്രെയിനുകൾക്ക് ഇനിയും ഇവിടെ സ്റ്റോപ് നൽകേണ്ടതുണ്ട്. മറ്റുള്ള ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കാത്തത് അനീതിയാണ്. 

100 കോടിയുടെ വികസനം രവി തേലത്ത്, ബിജെപി ജില്ലാ പ്രസിഡന്റ്.
100 കോടിയുടെ റെയിൽവേ വികസനമാണു ജില്ലയിൽ നടക്കുന്നത്. വന്ദേഭാരത് എക്സ്പ്രസിനും സർക്കാർ സ്റ്റോപ് അനുവദിച്ചത് ആ വികസനത്തിന്റെ ഭാഗമാണ്. 

ഇടപെടൽ ശക്തമാക്കണം മുനീർ കറുമ്പടി, മലബാർ റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻ.
നടപടി സ്വാഗതാർഹമാണ്. ആദ്യ വന്ദേഭാരതിനും രാജധാനിക്കും ഇവിടെ സ്റ്റോപ് അനുവദിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് ഇടപെടൽ ശക്തമാക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com