പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട പണംവെളുപ്പിക്കൽ കേസ്; മലപ്പുറത്ത് 7 ഇടത്ത് ഇ.ഡി പരിശോധന
Mail This Article
മലപ്പുറം ∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി (പിഎഫ്ഐ) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ (പിഎംഎൽഎ) സംസ്ഥാനത്തെ വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. മലപ്പുറം ജില്ലയിൽ സംസ്ഥാന, ജില്ലാ നേതാക്കൾ ഉൾപ്പെടെ 7 പേരുടെയും തൃശൂരിൽ മുൻ സംസ്ഥാന നേതാവിന്റെയും എറണാകുളത്ത് മുൻ ജില്ലാ നേതാവിന്റെയും വയനാട്ടിൽ സംസ്ഥാന കൗൺസിൽ മുൻ അംഗത്തിന്റെയും വീട്ടിലായിരുന്നു പരിശോധന. വിവിധയിടങ്ങളിൽനിന്ന് വൻ തുകയും വിവിധ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
മലപ്പുറത്ത് മങ്കട പഞ്ചായത്ത് അസി.എൻജിനീയർ മഞ്ചേരി കിഴക്കേത്തല തടവള്ളി തയ്യിൽ അബ്ദുൽ ജലീൽ, പിഎഫ്ഐ മുൻ സംസ്ഥാന സമിതിയംഗവും ഊർങ്ങാട്ടിരി മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ മൂർക്കനാട് പറമ്പാട്ടുമ്മൽ നൂറുൽ അമീൻ, മലപ്പുറം ഈസ്റ്റ് ജില്ലാ മുൻ പ്രസിഡന്റ് കോഡൂർ വലിയാട് പരേങ്ങൽ വീട്ടിൽ അബ്ദുൽ അസീസ്, അരീക്കോട് കൊഴക്കോട്ടൂർ കൊടപ്പത്തൂർ അബ്ദുൽ ഖാദർ, എളയൂർ ആലുംകുണ്ടിൽ മുഹമ്മദ് ഹനീഫ, കുളത്തൂർ വെങ്ങാട് പള്ളിപ്പടി താഴത്തേ തെക്കത്ത് ഹൈദർ അലി, പുൽപറ്റ ഷാപ്പിൻകുന്ന് മണ്ണേത്തൊടി പള്ളിയാളി ഹംസ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.
ഇവരിൽ ജലീലും ഹംസയും കാരാപറമ്പിലെ ഗ്രീൻവാലി ഫൗണ്ടേഷൻ ട്രസ്റ്റ് അംഗങ്ങളായിരുന്നു. ഹംസയുടെ വീട്ടിൽനിന്ന് വൻതുകയും 3 മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായാണ് വിവരം. ജലീലിന്റെ വീട്ടിൽനിന്ന് ലാപ്ടോപും 3 മൊബൈൽ ഫോണുകളുമാണ് പിടിച്ചെടുത്തത്. ഗ്രീൻവാലി ഓഫിസ് നേരത്തേ എൻഐഎ സംഘം കണ്ടുകെട്ടിയിരുന്നു. മതപഠനകേന്ദ്രവുമായി ബന്ധപ്പെട്ട ചില രേഖകളും പിടിച്ചെടുത്തതായാണ് വിവരം. മറ്റുള്ളവരുടെ വീടുകളിൽനിന്നും വിവിധ രേഖകൾ കണ്ടെടുത്തിട്ടുണ്ട്.
തൃശൂരിൽ മുൻ സംസ്ഥാന സെക്രട്ടറി ചാവക്കാട് കടപ്പുറം മുനക്കക്കടവ് പോക്കാക്കില്ലത്ത് അബ്ദുൽ ലത്തീഫിന്റെ (47) വീട്ടിൽ ആറര മണിക്കൂർ പരിശോധന നടന്നു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് അബ്ദുൽ ലത്തീഫ് വിദേശത്ത് ജോലി ചെയ്യുന്നുവെന്നാണ് വിവരം. ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യയിൽനിന്ന് ഉദ്യോഗസ്ഥർ മൊഴിയെടുത്തു. ആധാരം ഉൾപ്പെടെയുള്ള ചില രേഖകളും ശേഖരിച്ചുവെന്നാണു വിവരം.
എറണാകുളത്ത് മുൻ ജില്ലാ സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ കുമ്പളത്ത് സ്കൂൾപടി റെയിൽവേ ഗേറ്റിനു സമീപം ജമാൽ മുഹമ്മദിന്റെ (62) വീട്ടിലായിരുന്നു പരിശോധന.മാനന്തവാടി ചെറ്റപ്പാലത്ത് പിഎഫ്ഐ സംസ്ഥാന കൗൺസിൽ മുൻ അംഗം പൂഴിത്തറ അബ്ദുൽ സമദിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. കണ്ണൂരിൽനിന്നുള്ള സിആർപിഎഫ് അംഗങ്ങളുടെയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയപ്പോൾ അബ്ദുൽ സമദിന്റെയും സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
വിവിധയിടങ്ങളിലെ പരിശോധനയിൽ ഇ.ഡിയുടെ കൊച്ചി, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. 2010 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ പിഎഫ്ഐക്കു വൻതോതിൽ കള്ളപ്പണമെത്തിയെന്ന നിഗമനത്തിലാണ് ഇ.ഡി. കൊച്ചി മരട് മേഖലയിൽ പിഎഫ്ഐ വലിയ തോതിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ഇ.ഡിക്കു ലഭിച്ചിരുന്നു.
5 പേരെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്തു
മഞ്ചേരി ∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ചു ജില്ലയിൽനിന്നുള്ള 5 പേരെ കഴിഞ്ഞ ദിവസം കൊച്ചിയിലെ എൻഐഎ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു ചോദ്യംചെയ്തു.ഇ.ഡി ഇന്നലെ പരിശോധിച്ച 2 വീടുകൾ ചോദ്യം ചെയ്യപ്പെട്ടവരുടേതാണ്. എൻഐഎ ചോദ്യം ചെയ്യലിന്റെ തുടർച്ചയാണ് ഇ.ഡി പരിശോധനയെന്നു സൂചനയുണ്ട്. കാരാപ്പറമ്പ് ഗ്രീൻവാലി ഫൗണ്ടേഷൻ, ട്രസ്റ്റ് തുടങ്ങിയവ സംബന്ധിച്ച വിവരമാണ് ഇവരിൽനിന്നു എൻഐഎ അന്വേഷിച്ചത്. ഗ്രീൻവാലി ഫൗണ്ടേഷൻ ഓഫിസിൽ നേരത്തേ എൻഐഎ പരിശോധന നടത്തുകയും നോട്ടിസ് പതിക്കുകയും ചെയ്തിരുന്നു. അതീവ രഹസ്യമായാണ് ഇന്നലെ ഇ.ഡി പരിശോധനയ്ക്ക് എത്തിയത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
പൊലീസിലെ ഉന്നതർപോലും പരിശോധന നടക്കുന്നുണ്ടെന്ന വിവരം മാത്രമാണ് അറിഞ്ഞത്. എവിടെയാണെന്നോ, ആരുടെ വീടുകളിലാണെന്നോ അറിഞ്ഞില്ല. ലോക്കൽ പൊലീസിനു പുറമേ, വിജയവാഡയിൽനിന്നുള്ള 5 ബറ്റാലിയൻ സിആർപിഎഫ് ഭടന്മാരാണ് സംഘത്തെ അനുഗമിച്ചത്. വീടുകൾക്കു മുൻപിൽ പഴുതടച്ച സുരക്ഷയൊരുക്കിയായിരുന്നു പരിശോധന. വീട്ടുകാർ ഒഴികെ പുറത്തുനിന്ന് ആരെയും അകത്തേക്കു കയറ്റിവിടാതെ ഗേറ്റിനു കാവൽ നിർത്തിയായിരുന്നു പരിശോധന. ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങാതെ ഉദ്യോഗസ്ഥർക്കും പൊലീസിനുമുള്ള ഭക്ഷണം അകത്തേക്ക് പാഴ്സലായി എത്തിച്ചാണ് ഒരു പകൽ മുഴുവൻ വീട് അരിച്ചുപെറുക്കി പരിശോധന നടത്തിയത്.