സ്റ്റാംപ് കണ്ടാൽ ഇപ്പോഴും കരീമിന് ആവേശം; ശേഖരിച്ചത് പതിനായിരത്തോളം സ്റ്റാംപുകൾ
Mail This Article
നിലമ്പൂർ ∙ തയ്യൽ തൊഴിലാളിയായ പുലിവെട്ടി അബ്ദുൽ കരീമിന് സ്റ്റാംപ് ശേഖരണമാണ് ഊർജം. 16ാം വയസ്സിലാണ് സ്റ്റാംപ് ശേഖരിച്ച് തുടങ്ങിയത്. 64ാം വയസ്സിലും ആവേശത്തിന് കുറവില്ല.ചന്തക്കുന്ന് സ്വദേശിയായ അബ്ദുൽ കരീം 6-ാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ. തുടർന്ന് തയ്യലിലേക്ക് തിരിഞ്ഞു. ഗൾഫിൽ നിന്ന് ബന്ധു അയച്ച കത്തിലെ സ്റ്റാംപ് ശേഖരിച്ചാണ് തുടക്കം.1947 മുതൽ ഇതുവരെ ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയവ ഉൾപ്പെടെ പതിനായിരത്തോളം സ്റ്റാംപുകൾ ആൽബങ്ങളിൽ സൂക്ഷിക്കുന്നു. വിദേശ രാജ്യങ്ങളുടെ സ്റ്റാംപുകളും ഉണ്ട്. ഗാന്ധിജിയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ വ്യക്തമാക്കുന്ന ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും സ്റ്റാംപുകൾ കൗതുകം പകരുന്നവയാണ്. നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, എകെജി തുടങ്ങിയവരുടെയും ചിത്രങ്ങളടങ്ങിയ സ്റ്റാംപുകൾ ശേഖരത്തിലുണ്ട്. ഇന്ത്യൻ സിനിമയുടെ 100ാം വാർഷികത്തോടനുബന്ധിച്ച് 2013 ൽ 50 നടീനടന്മാരുടെ ചിത്രങ്ങൾ സഹിതം തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാംപുകളും കരീം സ്വന്തമാക്കി.
തപാൽ വകുപ്പ് സ്റ്റാംപ് പ്രകാശനം ചെയ്യുമ്പോൾ നൽകുന്ന ആദ്യദിന കവർ ഉൾപ്പെടെ 100 മിനിയേച്ചർ ഷീറ്റുകളും സൂക്ഷിക്കുന്നു. മിക്ക ലാേക രാജ്യങ്ങളുടെയും കറൻസികളും കരീമിന്റെ കൈവശമുണ്ട്. പുരാവസ്തു ശേഖരവും സൂക്ഷിക്കുന്നു. പ്രധാന സംഭവങ്ങൾ പ്രസിദ്ധീകരിച്ച പത്രങ്ങളും കൈവശമുണ്ട്.വില നൽകിയും പരസ്പരം കൈമാറിയും ആണ് ശേഖരം വിപുലമാക്കുന്നത്. അതിനായി വരുമാനത്തിന്റെ ഒരു ഭാഗം കരീം നീക്കിവയ്ക്കുന്നു. ഭാര്യ സക്കീന, മക്കൾ റഫീഖ്, റമീഫ്, റുക്സാന, റിയാ ജാസ്മിൻ എന്നിവർക്ക് അതിൽ എതിർപ്പില്ല. യുഎഇയിലുള്ള റഫീഖും റമീഫും അവിടെ നിന്ന് സ്റ്റാംപുകളും നാണയങ്ങളും ശേഖരിച്ച് അയച്ച് കൊടുക്കുന്നുമുണ്ട്.
നിലമ്പൂർ മസ്ജിദുൽ റഹ്മാന് സമീപമാണ് കരീമിന്റെ തയ്യൽ കട.