മുന്നൂറിലേറെ തൂണുകൾ, 22 മാസം കൊണ്ട് നിർമാണം; കുറ്റിപ്പുറത്തെ ആറുവരിപ്പാലം ഫെബ്രുവരിയിൽ പൂർത്തിയാകും
Mail This Article
കുറ്റിപ്പുറം ∙ മംഗളൂരു–ഇടപ്പള്ളി ആറുവരിപ്പാതയുടെ ഭാഗമായി ഭാരതപ്പുഴയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ ജോലികൾ 2024 ഫെബ്രുവരിയിൽ പൂർത്തിയാകും. ഇരുവശത്തേക്കുമായി 6 ട്രാക്കുകളോടുകൂടിയ പാലത്തിന്റെ ഉപരിതലം പൂർണമായി കോൺക്രീറ്റ് ചെയ്തുകഴിഞ്ഞു. ഇനി പാലത്തിന് വശങ്ങളിലെ കൈവരികളുടെ നിർമാണവും പാലം അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്ന ജോലികളുമാണ് ശേഷിക്കുന്നത്.
22 മാസം കൊണ്ടാണ് ഭാരതപ്പുഴയ്ക്കു കുറുകെ പുതിയ പാലം നിർമിച്ചത്. നിലവിൽ ഭാരതപ്പുഴയിലുള്ളതിൽ ഏറ്റവും വീതിയേറിയ പാലമാണിത്. ഭൂമിക്കടിയിൽ ഉള്ളതടക്കം മുന്നൂറിലേറെ തൂണുകളാണ് പാലത്തിനായി നിർമിച്ചത്. പാലത്തെ താങ്ങിനിർത്തുന്ന ഒരു തൂണിനു താഴെ 9 തൂണുകളാണുള്ളത്. റെക്കോർഡ് വേഗത്തിലാണ് പുഴയിലെ തൂണുകളുടെ നിർമാണം പൂർത്തിയാക്കിയത്.
പാലത്തിന് ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കും. നിലവിലെ ഭാരതപ്പുഴ പാലത്തിൽ കാൽനട യാത്രക്കാർക്ക് സൗകര്യമില്ലെങ്കിലും പുതിയ പാലത്തിൽ ഇരുവശങ്ങളിലുമായി വീതിയേറിയ നടപ്പാതയും നിർമിച്ചിട്ടുണ്ട്. 4 മാസത്തിനകം പാലത്തിന്റെ എല്ലാ ജോലികളും തീർക്കാനുള്ള തിരക്കിട്ട ഒരുക്കത്തിലാണ് കരാറുകാർ.