സർവകലാശാലാ ക്യാംപസിൽ പൊലീസ് സ്റ്റേഷൻ ഉയരുന്നു; പാർപ്പിട സമുച്ചയം ഇപ്പോഴും അകലെ
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് കെട്ടിട സമുച്ചയം ഉയരുമ്പോഴും പൊലീസുകാരുടെ പാർപ്പിട സമുച്ചയം പദ്ധതി ഇപ്പോഴും മരീചിക. യൂണിവേഴ്സിറ്റി ഭൂമിയിൽ 1.97 കോടി രൂപ മുടക്കിയാണ് പൊലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കുന്നത്. പ്ലമിങ്, വയറിങ്, പെയ്ന്റിങ് തുടങ്ങിയവയും ടൈൽസ് വിരിക്കലും കഴിഞ്ഞാൽ കെട്ടിടം പൂർത്തിയാകും. ജനുവരിയിൽ പുതു വർഷ സമ്മാനമായി കെട്ടിടോദ്ഘാടനം നടത്താനാണ് അധികൃത നീക്കം. 50 വർഷമായി യൂണിവേഴ്സിറ്റിയുടെ കെട്ടിടത്തിൽ വാടകയ്ക്കാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. വേണ്ടത്ര സൗകര്യം ഇല്ലെന്നത് എന്നും പ്രശ്നം. സ്വന്തം കെട്ടിടം നിർമിക്കാൻ ക്യാംപസിൽ സ്ഥലം കിട്ടാതെ ഒരു കാലത്ത് തേഞ്ഞിപ്പലം പൊലീസ് സ്ഥലം വിടുമെന്ന് വരെ പ്രഖ്യാപിച്ചിരുന്നു. തേഞ്ഞിപ്പലം, പെരുവള്ളൂർ, പള്ളിക്കൽ വില്ലേജ് ഓഫിസർമാർ വഴി പുതിയ സ്ഥലത്തിനായി അക്കാലത്ത് അന്വേഷണവും നടത്തിയിരുന്നു. പക്ഷേ, ഒന്നും ഒത്തുവന്നില്ല. വർഷങ്ങളോളം പൊലീസിന് സ്ഥലം നൽകില്ലെന്ന് ശഠിച്ച യൂണിവേഴ്സിറ്റി സിൻഡിക്കറ്റുകൾ ഒടുവിൽ പൊലീസിനെ ചേർത്ത് നിർത്താൻ മനസ്സ് കാണിച്ചതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ കെട്ടിട നിർമാണം.
50 സെന്റിൽ നിർമാണ പ്രവർത്തനങ്ങൾക്കാണ് സിൻഡിക്കറ്റ് സർക്കാരിന്റെ ആഭ്യന്തര വകുപ്പിന് അനുമതി നൽകിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം യൂണിവേഴ്സിറ്റിയുടേത് തന്നെയായി തുടരും. എന്നാൽ, അവിടെ പൊലീസിന് സ്റ്റേഷനും പാർപ്പിട സമുച്ചയത്തിനും കെട്ടിടം നിർമിക്കാം. എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയാണ് തേഞ്ഞിപ്പലം സ്റ്റേഷന് കെട്ടിടം നിർമിക്കുന്നത്. എന്നാൽ, സ്റ്റേഷനിലെയും ഹൈവേ പട്രോളിങ് വിഭാഗത്തിലെയും മറ്റും 50ൽപരം പൊലീസുകാർക്ക് തേഞ്ഞിപ്പലത്ത് നിലവിൽ പാർപ്പിട സമുച്ചയമില്ല. വാഴ്സിറ്റിയുടെ പഴയ ക്വാർട്ടേഴ്സുകൾ പലതും വർഷങ്ങളായി ഉപയോഗ ശൂന്യം. പാർപ്പിട സമുച്ചയത്തിന് സ്ഥലം ഉണ്ടെങ്കിലും കെട്ടിട നിർമാണത്തിന് സർക്കാർ പണം അനുവദിച്ചിട്ടില്ല. തൽക്കാലം 2 കോടി രൂപയെങ്കിലും സർക്കാർ അനുവദിച്ചാൽ പാർപ്പിട സമുച്ചയ നിർമാണം തുടങ്ങാവുന്നതേയുള്ളു.