പുണ്യദിനങ്ങളിലേക്ക് വൃശ്ചികം പിറന്നു; ഭക്തജനത്തിരക്കിലേക്ക് അയ്യപ്പക്ഷേത്രങ്ങൾ
Mail This Article
തിരൂർ ∙ വൃശ്ചികം പിറന്ന് മണ്ഡലകാലം ആരംഭിച്ചതോടെ ഇനിയുള്ള 41 നാൾ ഭക്തർക്ക് പുണ്യദിനങ്ങൾ. ഇന്നു മുതൽ ക്ഷേത്രങ്ങളിൽ കറുപ്പുടുത്ത് മാലയിട്ട് വ്രതശുദ്ധിയിൽ ശരണം വിളികളോടെ ഭക്തരെത്തും. ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിൽ പുലർച്ചെ നട തുറക്കുന്നതു ദർശനത്തിനായി ഭക്തജനത്തിരക്കാകും. ഇവിടെവച്ച് ഒട്ടേറെപ്പേരാണ് മാലയിട്ട് സ്വാമിമാരാകുക. ഇതിനായി പ്രത്യേകം സൗകര്യവുമൊരുക്കിയിട്ടുണ്ട്. ശനി, ബുധൻ ദിവസങ്ങളിലും ഞായറാഴ്ചകളിലും ക്ഷേത്രങ്ങളിൽ തിരക്കു വർധിക്കും. ഈ ദിവസങ്ങളിൽ മാല അണിയുന്നവരും ഏറെയാണ്. മുൻപു തന്നെ വ്രതം ആരംഭിച്ചിരുന്ന പലരും ശബരിമലയിലേക്കു യാത്ര തുടങ്ങിയിട്ടുമുണ്ട്. ദിവസങ്ങൾക്കുള്ളിൽ ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്ന് നടന്ന് ശബരിമലയിലേക്കു പോകുന്ന ഭക്തരും ചമ്രവട്ടം പാതയിൽ എത്തിത്തുടങ്ങും.
മണ്ഡലകാലം പിറന്നതോടെ പൂജാ സ്റ്റോറുകളിൽ സ്വാമി മാലകളുടെ വിൽപന തകൃതിയായി. തുളസിമാല തൊട്ട് വിവിധ വർണങ്ങളിലുള്ള കല്ലുമാലകൾ വരെയുണ്ട്. 75 രൂപ മുതൽ 140 വരെയാണ് ഇവയുടെ വില. രുദ്രാക്ഷത്തിന്റെ മാലകളും വിപണിയിൽ എത്തിയിട്ടുണ്ട്. മാലയ്ക്കു പുറമേ കറുപ്പ് മുണ്ടുകളും ഷർട്ടുകളും മറ്റും വൻ തോതിലാണ് പൂജാ സ്റ്റോറുകളിൽ എത്തിച്ചിരിക്കുന്നത്. തുണി കൊണ്ടുള്ള ബാഗുകളും പുതപ്പുകളും പൂജയ്ക്കുള്ള പാത്രങ്ങളുമെല്ലാം കടകളിലുണ്ട്. കെട്ടുനിറയ്ക്കു വേണ്ട വസ്തുക്കളെല്ലാം ചേർത്ത് പാക്കറ്റാക്കിയും വിൽപന നടക്കുന്നുണ്ട്.