21 ദിവസം, തിരൂരിൽനിന്ന് വന്ദേഭാരതിൽ കയറിയത് 1101 പേർ; ടിക്കറ്റിനത്തിൽ കിട്ടിയത് 8 ലക്ഷം
Mail This Article
തിരൂർ ∙ വന്ദേഭാരത് എക്സ്പ്രസിന് ജില്ല നൽകുന്നത് വൻ ലാഭമെന്നു റെയിൽവേയുടെ കണക്കുകൾ. 21 ദിവസത്തിനുള്ളിൽ തിരൂരിൽനിന്ന് വണ്ടിയിൽ കയറിയത് 1101 പേർ. ടിക്കറ്റിനത്തിൽ കിട്ടിയത് 8,04,452 രൂപ. ഏറെ മുറവിളികൾക്കു ശേഷമാണ് രണ്ടാം വന്ദേഭാരത് സർവീസിന് തിരൂരിൽ സ്റ്റോപ് അനുവദിച്ചത്. ഇത് റെയിൽവേക്ക് നഷ്ടമാകില്ലെന്ന് അന്നുതന്നെ യാത്രക്കാരുടെ സംഘടനകൾ ഉറപ്പിച്ചു പറഞ്ഞിരുന്നു.
അതു ശരിയാണെന്നു തെളിയിക്കുകയാണ് കണക്കുകൾ. കഴിഞ്ഞ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 15 വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നത്. ഇതുപ്രകാരം തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് (20632) എക്സ്പ്രസിൽ 21 ദിവസത്തിനിടെ തിരുവനന്തപുരത്തുനിന്ന് തിരൂരിൽ വന്നിറങ്ങിയതും ഇവിടെനിന്ന് കയറിയതും 289 പേരാണ്. ഇതുവഴി റെയിൽവേക്ക് 1,73,592 രൂപ ലഭിച്ചു. ആകെ 8400 പേരാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ കയറിയിട്ടുള്ളത്.
കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് (20631) എക്സ്പ്രസിൽ ഇക്കാലയളവിൽ തിരൂരിൽനിന്ന് കയറുകയോ ഇവിടെ ഇറങ്ങുകയോ ചെയ്തത് 812 പേരാണ്. ഈയിനത്തിൽ റെയിൽവേക്ക് കിട്ടിയത് 6,30,860 രൂപയും. വന്ദേഭാരതിന്റെ ആദ്യ സർവീസിൽ തന്നെ തിരൂരിലേക്കും ഇവിടെനിന്നുമുള്ള യാത്രക്കാരുടെ എണ്ണം ഏറെയുണ്ടായിരുന്നു. പുതിയ കണക്ക് പുറത്തുവന്നതോടെ ആദ്യ വന്ദേഭാരത് എക്സ്പ്രസിനും തിരൂരിൽ സ്റ്റോപ് വേണമെന്ന ആവശ്യം യാത്രക്കാർ ഉന്നയിച്ചുതുടങ്ങി. കൂടാതെ രാജധാനി ഉൾപ്പെടെയുള്ള ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ് വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.