ADVERTISEMENT

തിരൂർ ∙ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഉൾക്കിടിലത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന വാഗൺ ട്രാജഡിയെന്ന കൂട്ടക്കുരുതി നടന്നിട്ട് ഇന്ന് 102 വർഷം പിന്നിടുന്നു. 1921 നവംബർ 19നായിരുന്നു കൂട്ടക്കുരുതി നടന്നത്. അന്ന് 70 പേരാണ് വാഗണിൽ ശ്വാസംമുട്ടി മരിച്ചത്. മലബാർ സമരത്തെത്തുടർന്ന് പിടിയിലായവരെ കോയമ്പത്തൂരിലെ ജയിലിലെത്തിക്കാൻ തിരൂരിൽ നിന്ന് 1711 എന്ന നമ്പറുള്ള ചരക്കു ട്രെയിനിലെ വാഗണിൽ കുത്തിനിറച്ചു കൊണ്ടുപോകുകയായിരുന്നു.  കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്ക് വാഗണിൽ 64 പേർ മരിച്ചുകിടക്കുന്നതാണ് കണ്ടത്. 6 പേർ കൂടി പിന്നീട് മരിച്ചു. 





വളപുരത്ത് നടന്ന വാഗൺ ട്രാജഡി 102–ാം വാർഷിക ദിനാചരണം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
വളപുരത്ത് നടന്ന വാഗൺ ട്രാജഡി 102–ാം വാർഷിക ദിനാചരണം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

മറക്കാൻ സാധിക്കാത്ത ഈ കൂട്ടക്കുരുതിയുടെ സ്മാരകമായി തിരൂരിൽ വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺഹാളുണ്ട്. അതിൽ ചുവന്ന പെയിന്റ് അടിച്ച 1711 വാഗണിന്റെ മാതൃകയുമുണ്ട്. 1921 നവംബർ 19ന് സംഭവിച്ചത് ഒരു ട്രാജഡിയല്ലെന്നും അതിനെ വിളിക്കേണ്ടത് വാഗൺ മസാക്കർ (കൂട്ടക്കൊല) എന്നാണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞിരുന്നു. തിരൂരിൽ ഒരു മ്യൂസിയം തയാറാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുമുണ്ടായില്ല. വാഗൺ ട്രാജഡി ടൗൺഹാൾ കാണാനും സംഭവം മനസ്സിലാക്കാനും വിദ്യാർഥികൾ അടക്കം ഒട്ടേറെപ്പേരാണ് എത്താറുള്ളത്. ഇവർക്ക് വിവരങ്ങൾ പറഞ്ഞു കൊടുക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ് ഇവിടെ. ഇത്തരം സംവിധാനങ്ങൾ ഉടൻ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

ഒരു നാടിന്റെ ഹൃദയവേദന

വാഗൺ ട്രാജഡിയുടെ 102–ാം വാർഷിക ദിനാചരണത്തിലും ഈ ഗ്രാമത്തിന് നടുക്കുന്ന ഓർമകൾ. ആ കൊടുംക്രൂരതയിൽ ജീവൻ ബലി നൽകിയ എഴുപതിൽ 41 പേരും കുരുവമ്പലം, പുലാമന്തോൾ വില്ലേജിലുള്ളവരായിരുന്നു. 1921 നവംബർ 19ന് തിരൂരിൽനിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എംഎസ് റെയിൽവേയുടെ 77–ാം നമ്പർ ട്രെയിനിന്റെ മുരൾച്ച ഈ നാടിന്റെ ഹൃദയവേദനയാണ്.  

1711–ാം നമ്പർ ചരക്കു വാഗണിലാണ് ഈ നാട്ടിലെ യുവാക്കൾ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചത്. പള്ളി ദർസ് വിദ്യാർഥികളായിരുന്നു ഇവരിലേറെപ്പേരും. എന്നാൽ ദുരന്തത്തിന് ഇരകളായ ഈ ഗ്രാമവാസികളെയും ഗ്രാമത്തെയും ചരിത്രം വേണ്ടവിധം ഗൗനിച്ചില്ലെന്നാണ് ഇന്നാട്ടുകാരുടെ പരാതി. 2005 ൽ ജില്ലാ പഞ്ചായത്ത് നിർമിച്ച കുരുവമ്പലത്തെ സ്‌മാരക മന്ദിരം മാത്രമാണ് വാഗൺ ദുരന്തത്തിന്റെ ഓർമയ്‌ക്കായി ഇവിടെ ആകെയുള്ളത്. 

ഇന്നലെ വളപുരത്ത് നടന്ന വാർഷിക ദിനാചരണം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ബ്രിട്ടിഷ് ഭരണകൂടത്തിന്റെ പൈശാചികതയുടെ നേർസാക്ഷ്യമാണ് വാഗൺ ദുരന്തമെന്ന് അദ്ദേഹം പറഞ്ഞു. സലീം കുരുവമ്പലം ആധ്യക്ഷ്യം വഹിച്ചു. അബ്‌ദു സമദ് പൂക്കോട്ടൂർ, സിപി.സെയ്‌തലവി എന്നിവർ അനുസ്‌മരണ പ്രസംഗം നടത്തി. സംഘാടക സമിതി ചെയർമാൻ കെ.ടി.ജമാൽ, കൺവീനർ ഇസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com