ADVERTISEMENT

അരീക്കോട്∙സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹപാഠികൾക്ക് വീടൊരുക്കാൻ ഭക്ഷ്യമേള, കാഴ്ച വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് സൗഹൃദത്തിന്റെ ഊന്നുവടിയൊരുക്കിയ സിംബയോസിസ്, മണ്ണിനെ അറിഞ്ഞുവളരാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ബിരിയാണിപ്പാടം...വേറിട്ട ഒട്ടേറെ പദ്ധതികളിലൂടെ സാമൂഹിക പ്രതിബദ്ധത ‘പാഠ്യപദ്ധതിയുടെ’ ഭാഗമാക്കിയ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ അംഗീകാര നിറവിൽ. സാമൂഹിക ഉൾച്ചേർക്കൽ അടിസ്ഥാനമാക്കി പി.എം.ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരത്തിൽ കേരളത്തിലെ മികച്ച രണ്ടാമത്തെ സ്കൂളായി ഓറിയന്റിനെ തിരഞ്ഞെടുത്തു. 2 ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം അടുത്ത മാസം 2ന് കൊച്ചിയിൽ സ്പീക്കർ എ.എൻ.ഷംസീർ സമ്മാനിക്കും.

വിദ്യാർഥികളിൽ സാമൂഹിക ബോധം വളർത്താനായി നടപ്പാക്കിയ വേറിട്ട പദ്ധതികളാണ് സ്കൂളിനെ പുരസ്കാരത്തിനർഹമാക്കിയത്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 7 വിദ്യാർഥികൾക്ക് വീടൊരുക്കാനായി സംഘടിപ്പിച്ച ‘കൂട്ടായ്മയുടെ കൈപ്പുണ്യം’ ഏറെ ശ്രദ്ധ നേടിയിരുന്നു.വിദ്യാർഥികളും രക്ഷിതാക്കളും പാചകം ചെയ്തു കൊണ്ടുവന്ന വിഭവങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഭക്ഷ്യമേള നാടിന്റെ ഉത്സവമായി മാറി. വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഓഫ് ദ് ബ്ലൈൻഡുമായി സഹകരിച്ച് നടത്തുന്ന ‘സിംബയോസിസ്’ ആണ് വേറിട്ട മറ്റൊരു പരിപാടി.

ഇരു വിദ്യാലയങ്ങളിലെയും വിദ്യാർഥികൾ തമ്മിൽ സൗഹൃദം സ്ഥാപിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കിയത്.വിദ്യാർഥികൾക്കിടയിൽ മതനിരപേക്ഷ മൂല്യങ്ങൾ വളർത്താനായി നടപ്പാക്കിയ ദണ്ഡിയാത്രയുടെ പുനരാവിഷ്കാരം, വായനശീലം വളർത്താൻ ലക്ഷ്യമിട്ടുള്ള 20,000 ബുക്ക് ചാലഞ്ച്, മുതിർന്ന പൗരന്മാരെ ചേർത്തുപിടിക്കുന്ന ‘ഉപ്പിലിട്ട ഓർമകൾ’, ലഹരിക്കെതിരായ നിരന്തര പ്രവർത്തനങ്ങൾ എന്നിവ നടത്തി.

കോവിഡ് കാലത്ത് ‘ഒപ്പമുണ്ട് ഓറിയന്റൽ’പദ്ധതിയിലൂടെ ഒട്ടേറെ കുട്ടികൾക്ക് മൊബൈൽ ഫോൺ,ടാബ്, ടിവി എന്നിവ നൽകി.ഓലൈവ് എന്ന പേരിൽ സ്വന്തമായി ഓൺലൈൻ പഠന പ്ലാറ്റ്ഫോമും സ്കൂളിനുണ്ട്.വ്യവസായി ഗൾഫാർ മുഹമ്മദലി ചെയർമാനായ പി.എം.ഫൗണ്ടേഷൻ പ്രഫ.കെ.എ.ജലീലിന്റെ പേരിൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.പ്രിൻസിപ്പൽ കെ.ടി.മുനീബ് റഹ്മാൻ, പ്രധാനാധ്യാപകൻ സി.പി.അബ്ദുൽ കരീം, പിടിഎ പ്രസിഡന്റ് ടി.പി.മുനീർ, എംടിഎ പ്രസിഡന്റ് എം. റജീന സയ്യിദലി, എസ്എംസി ചെയർമാൻ അഷ്റഫ് വട്ടിക്കുത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com