വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് സഹായം; കാരുണ്യവഴിയേ 20 ബസുകൾ
Mail This Article
വളാഞ്ചേരി ∙ വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് സഹായം തേടുന്ന യുവതിക്കു വളാഞ്ചേരിയിലെ സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും കൈത്താങ്ങ്. എടയൂർ ചീനിച്ചോട് പള്ളിപ്പുറത്തുപടി സുമിതയുടെ(37) വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്തുന്നതിനാണ്, ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന 20 ബസുകൾ ഇന്നലെ കാരുണ്യയാത്ര നടത്തിയത്. യാത്രക്കാർ പൂർണമായും സഹകരിച്ചു. പലരും യാത്രാച്ചെലവിലും അധികം തുക നൽകി.
സ്റ്റാൻഡിലെ യാത്രക്കാരും ഉദാരമായി സഹായിച്ചു. തങ്ങൾക്കു ലഭിച്ച കലക്‌ഷനിൽനിന്ന് വാഹനത്തിന്റെ ഇന്ധനച്ചെലവ് കഴിച്ചു ബാക്കി തുക ചികിത്സാസഹായ സമിതിയെ ഏൽപിക്കാനാണ് തീരുമാനം. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി.കുഞ്ഞിമൊയ്തീൻ, സെക്രട്ടറി റോയൽ അഷ്റഫ്, കെ.ടി.ഖാലിദ്, സുമിത ചികിത്സാ സഹായസമിതി കൺവീനർ പി.ടി.സുധാകരൻ, കെ.കെ.മായിൻകുട്ടി, പി.രാജൻ, പി.പി.റഫീഖ്, പി.പി.അലവി, വി.ടി.അഷ്റഫലി എന്നിവർ ധനസമാഹരണത്തിനു നേതൃത്വം നൽകി.