ADVERTISEMENT

പൊന്നാനി ∙ ആറുവരിപ്പാതയുടെ ഇരു ഭാഗത്തുമായി അയ്യായിരത്തോളം സ്ട്രീറ്റ് ലൈറ്റുകൾ വരും. ഇരുനൂറോളം നിരീക്ഷണ ക്യാമറകളുണ്ടാകും. ഓരോ 30 മീറ്ററിനിടയിലും ഇരു ഭാഗത്തുമായി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓരോ 500 മീറ്ററിനിടയിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെ റോഡിന്റെ മുഴുവൻ ഭാഗങ്ങളും നിരീക്ഷണ ക്യാമറയുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് ശ്രമം. ദൃശ്യങ്ങളെല്ലാം ടോൾ പ്ലാസയിലെ ബിഗ് സ്ക്രീനിൽ തെളിയും. മുഴുവൻ സമയവും ദൃശ്യങ്ങൾ നിരീക്ഷിക്കാൻ ടോൾ പ്ലാസയിൽ ജീവനക്കാരുണ്ടാകും. അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ സുരക്ഷാ സംഘം പാഞ്ഞെത്തും.

പകൽ പോലെ രാത്രിയും..

ആറുവരിപ്പാതയുടെ മുക്കിലും മൂലയിലും വരെ വെളിച്ചമെത്തുന്ന രീതിയിലാണ് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. നിർമാണം പൂർത്തിയായി ആദ്യത്തെ 15 വർഷം സ്ട്രീറ്റ് ലൈറ്റിന്റെയടക്കം പ്രവർത്തനവും അറ്റകുറ്റപ്പണികളും കരാറുകാരാണ് വഹിക്കേണ്ടത്. ഇതിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതും കരാറുകാരുടെ ചുമതലയാണ്. ഏതാണ്ട് 6 ലക്ഷം രൂപ വരെ മാസം വൈദ്യുതി ചാർജ് വരുമെന്നാണ് കണക്കുകൂട്ടൽ. തദ്ദേശ സ്ഥാപനങ്ങളൊന്നും നടത്തിപ്പ് ചുമതല വഹിക്കേണ്ടതില്ല. ടോൾ പ്ലാസയിൽ മാത്രം മാസം ഒരു ലക്ഷം രൂപയോളം വൈദ്യുതിച്ചെലവുണ്ടാകുമെന്നാണ് വിലയിരുത്തൽ. അത്യാധുനിക സംവിധാനങ്ങൾ ടോൾ പ്ലാസയിൽ ഒരുക്കുന്നുണ്ട്. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നതും നിരീക്ഷിക്കുന്നതും കരാറുകാരുടെ തന്നെ ഉത്തരവാദിത്തത്തിലായിരിക്കും.

പരമാവധി വേഗം100 കിലോമീറ്റർ

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ യാത്ര ചെയ്യാവുന്ന തരത്തിലാണ് ആറുവരിപ്പാത ഒരുക്കുന്നത്. ചില ഭാഗങ്ങളിൽ വേഗത്തിന് നിയന്ത്രണമുണ്ട്. ജില്ലയിൽ ഏറ്റവും കുറഞ്ഞ വേഗം നിശ്ചയിച്ചിരിക്കുന്നത് മണിക്കൂറിൽ 65 കിലോമീറ്റർ ആണ്. വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് ഇൗ വേഗം നിശ്ചയിച്ചിരിക്കുന്നത്. മേൽപാലങ്ങളുള്ള ചില ഭാഗങ്ങളിൽ 80 കിലോമീറ്റർ വേഗം നിശ്ചയിച്ചതൊഴിച്ചാൽ ബാക്കിയെല്ലായിടത്തും 100 കിലോമീറ്റർ വേഗത്തിൽ തന്നെ ഓടിക്കാവുന്നതാണ്.

വട്ടപ്പാറ വളവ് ഇനി കഥകളിൽ!

വളാഞ്ചേരി വട്ടപ്പാറ വളവ് പണ്ടൊരു അപകട വളവായിരുന്നുവെന്ന് പുതുതലമുറയോട് ഇനി കഥയായി പറയാം.. ആറുവരിപ്പാതയുടെ ഭാഗമായി ഏറ്റവും വലിയ പാലം വളാഞ്ചേരിയിൽ ഒരുങ്ങുകയാണ്. 2.2 കിലോമീറ്റർ നീളത്തിലാണ് ഇവിടെ മേൽപാലം ഒരുങ്ങുന്നത്. വളവ് തുടങ്ങുന്നതിനു തൊട്ടുമുൻപ് കഞ്ഞിപ്പുര മരമില്ല് മുതലാണ് അപ്രോച്ച് റോഡ് തുടങ്ങുന്നത്. പാലത്തിന്റെ മറ്റൊരു ഭാഗം മുക്കിലപീടികയിലും വന്നെത്തി നിൽക്കുന്നു. നിലവിൽ 5 കിലോമീറ്ററോളം നീളമുള്ള റോഡാണ് 2.2 കിലോമീറ്റർ നീളത്തിൽ പാലത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്നത്. വട്ടപ്പാറയിലെ പേടി സ്വപ്നമായ അപകട വളവ് ഒഴിവാകുന്നതിനു പുറമേ ഇത്രയും ദൂരം ഇൗ ഭാഗത്ത് കുറഞ്ഞു കിട്ടുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

ട്രാഫിക് ജംക്‌ഷൻ ഇല്ലാത്ത പാത

കാസർകോട് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന ആറുവരിപ്പാതയുടെ ഭാഗമാണ് ജില്ലയിലൂടെ കടന്നു പോകുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവും ആദ്യം പൂർത്തിയാകുന്ന പാതകളിലൊന്നാണ് ജില്ലയിലേത്. ട്രാഫിക് സിഗ്‌നലുകളോ ജംക്‌ഷനുകളോ ആറുവരിപ്പാതയിലുണ്ടാകില്ല. പാതയുടെ അരികിലായി സർവീസ് റോഡുകളും റോഡുകളിലേക്ക് ഇറങ്ങാനുള്ള വഴികളും മാത്രമേയുണ്ടാകൂ.

സംസ്ഥാനത്ത് പാത ഏറ്റവും കൂടുതൽ നീളത്തിൽ കടന്നു പോകുന്നത് ആലപ്പുഴ ജില്ലയിലൂടെയാണ്. ഏതാണ്ട് 100 കിലോമീറ്ററിലധികം നീളമുണ്ട്. പുതിയ നിർമാണം ഏറ്റവും കുറവ് നടക്കുന്നത് എറണാകുളത്താണ്. 26 കിലോമീറ്റർ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും 75 കിലോമീറ്ററിലധികം നീളമേറിയ പാതയാണ്. കാസർകോട് 83 കിലോമീറ്റർ നീളമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com