ADVERTISEMENT

പൊന്നാനി ∙ കഞ്ഞിപ്പുരയിൽ ടോൾ പ്ലാസ, പൊന്നാനി ബൈപാസിൽ വിശ്രമകേന്ദ്രം, വാഹനങ്ങൾ ഒതുക്കി വിശ്രമിക്കുന്നതിന് മലപ്പുറം ജില്ലയിൽ നാലിടങ്ങൾ, ടോൾ പ്ലാസയോടു ചേർന്ന് കഞ്ഞിപ്പുരയിൽ തന്നെ മെഡിക്കൽ എയ്ഡ്പോസ്റ്റും ട്രാഫിക് എ‍യ്ഡ്പോസ്റ്റും... അതിവേഗം പണി പുരോഗമിക്കുന്ന ആറുവരിപ്പാതയിൽ, ജില്ലയിൽ പരമാവധി ഇടങ്ങളിൽ അനുബന്ധ സംവിധാനങ്ങൾ ഒരുക്കാനാണ് കരാറുകാരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. വിശ്രമകേന്ദ്രങ്ങളോടു ചേർന്ന് ആധുനിക ശുചിമുറി സൗകര്യങ്ങളുണ്ടാകും. 

വെറും ടോൾ പ്ലാസയല്ല
അത്യാധുനിക സൗകര്യങ്ങളോടെയാണ് ടോൾ പ്ലാസ വിഭാവനം ചെയ്തിരിക്കുന്നത്. വെട്ടിച്ചിറയ്ക്കും കഞ്ഞിപ്പുരയ്ക്കുമിടയിൽ ഇരു ഭാഗങ്ങളിലായാണ് ടോൾ പ്ലാസ നിർമിക്കുന്നത്. ഇതിനായുള്ള പണികൾ തുടങ്ങിക്കഴിഞ്ഞു. ഓരോ ഭാഗത്തേക്കുമുള്ള ടോൾ പ്ലാസകൾ തമ്മിൽ 400 മീറ്റർ അകലമുണ്ടാകും. ടോൾ പ്ലാസകളിലാണ് പാതയിലെ മുഴുവൻ ക്യാമറകളിൽനിന്നുമുള്ള ദൃശ്യങ്ങൾക്കായുള്ള മോണിറ്ററുകൾ സ്ഥാപിക്കുന്നത്.

സ്ഥിരം കെട്ടിടമായിരിക്കും ടോൾ പ്ലാസയുടെ ഭാഗമായി നിർമിക്കുക. ടോൾ പ്ലാസയോടു ചേർന്നുതന്നെയാണ് ട്രാഫിക് എയ്ഡ്പോസ്റ്റും മെഡിക്കൽ എയ്ഡ് പോസ്റ്റും വിഭാവനം ചെയ്തിരിക്കുന്നത്. ടോൾ പിരിക്കുന്നതിനായി മാത്രമുള്ള ടെൻഡർ ഉദ്ഘാടനത്തിനു തൊട്ടുമുൻപായി നടക്കും. നിർമാണ–നടത്തിപ്പ് ചുമതലയുള്ള കരാറുകാർക്ക് ടോൾപിരിവുമായി ബന്ധമുണ്ടാകില്ല. 

വിശാലമായി വിശ്രമകേന്ദ്രം
ചമ്രവട്ടം ജംക്‌ഷനും കുറ്റിപ്പുറത്തിനുമിടയിലുള്ള പൊന്നാനി ബൈപാസിലാണ് വിശ്രമകേന്ദ്രത്തിനുള്ള സൗകര്യമൊരുക്കുന്നത്. ശുചിമുറി കോംപ്ലക്സ് ഉൾക്കൊള്ളുന്നതാണ് വിശ്രമകേന്ദ്രം. പൊന്നാനി ഇൗശ്വരമംഗലം മേഖലയിലാണ് പ്രധാന വിശ്രമകേന്ദ്രമൊരുങ്ങുന്നത്. ഡ്രൈവിങ്ങിനിടെ ഉറക്കം വന്നാൽ വാഹനം ഒതുക്കി ഉറങ്ങുന്നതിനും പ്രത്യേക കേന്ദ്രങ്ങളുണ്ട്.

കോഹിനൂർ, കരുമ്പിൽ, പൊന്നാനി ബൈപാസിൽ അയങ്കലം ബാവഹാജി മെമ്മോറിയൽ ഫാത്തിമ ജുമാ മസ്ജിദിനു സമീപം എന്നിവിടങ്ങളിൽ വാഹനം ഒതുക്കി ഉറങ്ങുന്നതിനുള്ള സൗകര്യമൊരുക്കും. ഇത്തരം കേന്ദ്രങ്ങളിൽ ശുചിമുറി സൗകര്യമുണ്ടാകും. ഇവിടങ്ങളിലല്ലാതെ മറ്റൊരിടത്തും വാഹനം നിർത്തിയിടാൻ അനുമതിയുണ്ടാകില്ല. പൊന്നാനി ബൈപാസ് കഴിഞ്ഞാൽ പിന്നെ തൃശൂരിൽ പുന്നയൂർക്കുളത്തിനടുത്തും എടക്കഴിയൂരുമാണ് ഇത്തരം സൗകര്യമുള്ളത്. 

ടോൾ പ്ലാസകൾ
കോഴിക്കോട് ബൈപാസിലെ ടോൾ പ്ലാസ കഴിഞ്ഞാൽ പിന്നെ മലപ്പുറം ജില്ലയിൽ കഞ്ഞിപ്പുരയിലാണ് അടുത്ത ടോൾ ബൂത്ത്. അതുകഴിഞ്ഞാൽ പിന്നെ തൃശൂർ ജില്ലയിൽ തൃപ്രയാറിൽ. സംസ്ഥാനത്ത് 9 ഇടങ്ങളിൽ ടോൾ പ്ലാസകൾ നിർമിക്കുന്നുണ്ടെങ്കിലും ഒരേ ദിശയിലുള്ള യാത്രയിൽ എവിടെയെല്ലാം ടോൾ നൽകണമെന്നും എത്ര രൂപ നൽകണമെന്നുമുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ഇതിനായി പ്രത്യേക പാക്കേജുകൾ യാത്രക്കാർക്കായി ഒരുക്കിയേക്കും. ആറുവരിപ്പാതയിൽ യാത്രക്കാർക്കായി ഒരുക്കുന്ന സേവനങ്ങൾക്കു കൂടിയാണ് ടോൾ ഇൗടാക്കുന്നത്. 

വയർലെസ് സംവിധാനങ്ങൾ
ആറുവരിപ്പാതയിലെ സുരക്ഷയുടെയും സേവനങ്ങളുടെയും ഭാഗമായി വയർലെസ് സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. സംസ്ഥാനത്തുടനീളമുള്ള ആറുവരിപ്പാത പ്രവർത്തനങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്ന തരത്തിലായിരിക്കും വയർലെസ് സംവിധാനങ്ങൾ ഒരുക്കുന്നത്. ഓരോ ജില്ലയിലും നടത്തിപ്പ് ചുമതലയുള്ളവരാണ് കൈകാര്യം ചെയ്യുകയെങ്കിലും മറ്റു ജില്ലകളുമായി സംവിധാനം ഏകോപിപ്പിക്കുമെന്നാണ് അറിയുന്നത്.

പാത നിർമാണത്തിന്റെ ഭാഗമായി നിലവിലെ റോഡിൽനിന്നു മാറ്റുന്ന വൈദ്യുതക്കാലുകൾക്കും ലൈനുകൾക്കും പകരം  ദേശീയപാത അതോറിറ്റി പോസ്റ്റും ലൈനും സ്ഥാപിച്ചു നൽകുന്നുണ്ട്. പഴയ വൈദ്യുതക്കാലുകൾ പൂർണമായും ഒഴിവാക്കാനാണു നിർദേശം. 

ആറുവരിപ്പാത കടക്കാൻ ഒൻപതിടത്ത് ടോൾ
സംസ്ഥാനത്ത് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ആറുവരിപ്പാതയിൽ യാത്ര ചെയ്യുമ്പോൾ 9 ടോൾ ബൂത്തുകൾ കടക്കേണ്ടിവരും. പാതയിൽ ഓരോ പദ്ധതിയിലും വിഭാവനം ചെയ്ത ടോൾ ബൂത്തുകളാണിത്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ആകുന്നതേയുള്ളു.

നിവലിൽ വിഭാവനം ചെയ്ത ടോൾബൂത്തുകൾ കാസർകോട് കേളോത്ത്, കല്യാശ്ശേരി, അഴിയൂർ, തലശ്ശേരി, കോഴിക്കോട് ബൈപാസ്, മലപ്പുറം കഞ്ഞിപ്പുര, തൃശൂർ തൃപ്രയാർ, അരൂർ മുതൽ കൊട്ടുകുളങ്ങര വരെയുള്ള ഭാഗത്ത് 2 ടോളുകൾ എന്നിവയാണ്. ടോൾ നിരക്കുകളും തീരുമാനിച്ചിട്ടില്ല

ആറുവരിപ്പാത നിർമാണം: നാട്ടുകാരുടെ പ്രയാസങ്ങൾ ലോകസ്ഭയിലും
ദേശീയപാത 66ന്റെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമന്ന് എം.പി.അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിൽ അരീക്കോട്–പരപ്പനങ്ങാടി ദേശീയപാതയിൽ കൊളപ്പുറം ജംക്‌ഷനിൽ 5 കിലോമീറ്റർ സഞ്ചരിച്ചാലേ റോഡിനു മറുവശത്ത് എത്താനാവൂ. താഴേ ചേളാരിയിൽ പരപ്പനങ്ങാടി റോഡിലേക്കും മേലേ ചേളാരിയിൽ മാതാപ്പുഴ റോഡിലേക്കും പ്രവേശിക്കാൻ സാധ്യമല്ല.

ഇരുമ്പുചോല, വെളിമുക്ക്, കോഹിനൂർ ജംക്‌ഷൻ, പൈങ്ങോട്ടൂർമാട്, പാറമ്മൽ എന്നിവിടങ്ങളിൽ അടിപ്പാതകളോ മേൽപാതകളോ നിർമിക്കണം. പരപ്പുലാക്കൽ കുഴിമ്പാട്ടുപാടം റോഡിൽനിന്ന് ഹൈവേയിൽ പ്രവേശിക്കാനും ബുദ്ധിമുട്ടുണ്ട്. കലുങ്കുകൾ, ഓടകൾ എന്നിവ ജനവാസ കേന്ദ്രങ്ങളിലേക്ക് തുറക്കുന്ന വിധത്തിൽ നിർമിച്ചത് വെള്ളക്കെട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com