പുത്തൻതെരുവിൽ 5 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
Mail This Article
താനൂർ ∙ പുത്തൻതെരുവിൽ 5 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. രാത്രി 7.50ന് ആണ് വാഹനങ്ങളുടെ കൂട്ടയിടി നടന്നത്. അപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾക്ക് സാരമായ പരുക്കേറ്റു. പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ദേവധാർ മേൽപാലം ഇറങ്ങി വരുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിച്ചതോടെയാണ് അപകട പരമ്പരയ്ക്ക് തുടക്കമായത്. ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ എതിരെ വന്ന മറ്റൊരു കാർ, സ്കൂട്ടർ എന്നിവയിലും റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ വള്ളിക്കുന്ന് സ്വദേശിയും കെഎസ്ഇബി ജീവനക്കാരനുമായ ബബിതിനെ കൈക്കും കാലിനും സാരമായ പരുക്കുകളോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു വാഹനങ്ങളിലുള്ളവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ടിഡിആർഎഫ് അംഗങ്ങളും രക്ഷാപ്രവർത്തനം നടത്തി.