ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ വീണ് ഡോക്ടർ മരിച്ചു
Mail This Article
കോഴിക്കോട്∙ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി ഡോക്ടർ മരിച്ചു. കണ്ണൂർ റീജനൽ പബ്ലിക് ഹെൽത്ത് ലാബിലെ കൺസൽറ്റന്റ് കോവൂർ പാലാഴി എംഎൽഎ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം.സുജാതയാണ് (54) മരിച്ചത്. ഇന്നലെ രാവിലെ പത്തേകാലോടെയാണ് സംഭവം. കണ്ണൂരിലേക്കു പോകാനായി ഇവർ സ്റ്റേഷനിലെത്തിയപ്പോൾ എറണാകുളം– കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് പുറപ്പെടുകയായിരുന്നു. കയറാൻ നോക്കിയപ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥൻ തടഞ്ഞു. ഡോക്ടറെ ബെഞ്ചിലിരുത്തി. ഉടനെ ട്രെയിൻ പതുക്കെയായപ്പോൾ ഇവർ ഓടിക്കയറുകയായിരുന്നു.
വീഴാൻ പോകവേ യാത്രക്കാരും ആർപിഎഫ് ഉദ്യോഗസ്ഥനും ചേർന്നു താങ്ങിനിർത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും സുജാത പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണു. ഉടനെ പുറത്തെടുത്തു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയതിനെ തുടർന്ന് ആന്തരികമായി ഗുരുതര പരുക്കുകളുണ്ടായിരുന്നു. പുറത്തു കാര്യമായി പരുക്കില്ലെങ്കിലും ആന്തരിക രക്തസ്രാവവും അസ്ഥികൾ ഒടിഞ്ഞതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കോഴിക്കോട് ആർപിഎച്ച് ലാബിലെ സീനിയർ മെഡിക്കൽ ഓഫിസറായിരുന്ന ഇവർ കഴിഞ്ഞ ജൂണിലാണ് കണ്ണൂരിലേക്കു പോയത്. ഭർത്താവ്: പി.ടി.ശശിധരൻ (സയന്റിസ്റ്റ്, കോഴിക്കോട് എൻഐഇഎൽഐടി). മക്കൾ: ജയശങ്കർ (സോഫ്റ്റ്‌വെയർ എൻജിനീയർ, ബെംഗളൂരു), ജയകൃഷ്ണൻ (എൻജിനീയറിങ് വിദ്യാർഥി, സ്വീഡൻ). സഹോദരൻ: ഡോ. എം.സുരേഷ് (ഐഐടി, ചെന്നൈ). സംസ്കാരം ഇന്നു 3ന് മാങ്കാവ് ശ്മശാനത്തിൽ.