കാട് കനിഞ്ഞുനൽകിയ മെയ്‌വഴക്കവുമായി സുജിത്ത് ദേശീയ ജിംനാസ്റ്റിക്സ് മീറ്റിന്
Mail This Article
നിലമ്പൂർ ∙ കാട്ടിലെ ജീവിതം പകർന്ന മെയ്‌വഴക്കവുമായി സുജിത്ത് ഡൽഹിയിൽ ദേശീയ സ്കൂൾ ജിംനാസ്റ്റിക്സ് മീറ്റിൽ കേരളത്തിനുവേണ്ടി മാറ്റുരയ്ക്കും. പ്രാക്തന ഗോത്രവിഭാഗത്തിന്റെ നിലമ്പൂർ ഐജിഎംഎംആർ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ സുജിത്ത് കണ്ണൂരിൽ 6, 7 തീയതികളിൽ നടന്ന സംസ്ഥാന ജിംനാസ്റ്റിക്സ് മീറ്റിൽ പൊതുവിഭാഗത്തിലെ താരങ്ങളുമായി മത്സരിച്ചാണ് ദേശീയ മീറ്റിന് യോഗ്യത നേടിയത്.
ചാലിയാർ പന്തീരായിരം ഏക്കർ വനത്തിൽ പാലക്കയം കോളനിയിലെ ഗോപിയുടെയും കാഞ്ചനയുടെയും 7 മക്കളിൽ ഇളയവനാണ് സുജിത്ത്. ജനവാസമേഖലയിൽനിന്ന് ഉൾവനത്തിലെ കോളനിയിലേക്ക് 6 കിലോമീറ്റർ ദൂരം നടക്കണം. പാലക്കയത്തെ പെരിപ്പതറ്റിക് സ്കൂളിലാണ് പ്രാഥമിക പഠനം. സുജിത്തിന്റ കഴിവു തിരിച്ചറിഞ്ഞ് അധ്യാപിക കെ.ടി.കല്യാണി ഇടപെട്ട് ഐജിഎംഎംആർ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തു.15 സെന്റിലെ കൊച്ചുവീട്ടിലാണ് ഗോപിയും കുടുംബവും കഴിയുന്നത്. തേൻ ഉൾപ്പെടെ ചെറുകിട വനവിഭവങ്ങൾ ശേഖരിച്ചാണ് ഉപജീവനം നടത്തുന്നത്. അവധിക്ക് വീട്ടിലെത്തുമ്പോൾ സുജിത്ത് പിതാവിന്റെ സഹായിയായി കാടുകയറും.
കാടും മേടും താണ്ടി നേടിയ കരുത്ത് അങ്ങനെ സുജിത്തിന് മുതൽക്കൂട്ടായി. ഫുട്ബോളിലും മറ്റു കായിക ഇനങ്ങളിലും സ്കൂളിൽ തിളങ്ങി. കായികാധ്യാപകൻ കെ.പി.പ്രകാശൻ സുജിത്തിനെ ജിംനാസ്റ്റിക്സിലേക്ക് വഴിതിരിച്ചുവിട്ടു. പ്രധാനാധ്യാപകൻ സി.ബിജോയ്, സീനിയർ സൂപ്രണ്ട് അജീഷ് പ്രഭ, മാനേജർ പ്രീത, അധ്യാപകർ എന്നിവർ എല്ലാ പ്രോത്സാഹനവും നൽകി. ഫ്ലോർ എക്സർസൈസാണ് സുജിത്തിന്റെ ഇനം. കണ്ണൂരിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ദേശീയ മീറ്റിൽ പങ്കെടുക്കാൻ 13ന് ഡൽഹിക്കു തിരിക്കും. 15ന് മത്സരം തുടങ്ങും. സംസ്ഥാനത്ത് കാട്ടുനായ്ക്കർ വിഭാഗത്തിൽനിന്ന് ദേശീയ ജിംനാസ്റ്റിക്സ് മീറ്റിൽ ഒരാൾ പങ്കെടുക്കുന്നത് ആദ്യമാണെന്ന് അധികൃതർ പറഞ്ഞു. സുജിത്തിന് നാളെ 11ന് സ്കൂളിലെ ചടങ്ങിൽ യാത്രയയപ്പ് നൽകും.