സംവിധായകൻ സിദ്ദീഖിനുള്ള സ്മരണാഞ്ജലി: ‘ലാവെർണ’ ബസിൽ നാളെ സൗജന്യയാത്ര
Mail This Article
മലപ്പുറം∙ തിരൂർ–മഞ്ചേരി റൂട്ടിൽ നാളെ സർവീസ് തുടങ്ങുന്ന ‘ലാവെർണ’ ബസിന്റെ ആദ്യ ദിന യാത്രയ്ക്കുള്ള ‘ടിക്കറ്റ്’ അന്തരിച്ച സംവിധായകൻ സിദ്ദീഖിനെക്കുറിച്ചുള്ള ഓർമകളാണ്. സിദ്ദീഖിനുള്ള സ്മരണാഞ്ജലിയായി ബസിന്റെ ആദ്യദിനത്തിൽ യാത്ര സൗജന്യം. സിദ്ദീഖെന്ന സിനിമാ പ്രവർത്തകനെയും മനുഷ്യ സ്നേഹിയെയും അടുത്തറിയാൻ സഹായിക്കുന്ന ലഘുലേഖ യാത്രക്കാർക്കു വിതരണം ചെയ്യും.
മലയാള സിനിമയിൽ കാരവൻ റെന്റൽ സംരംഭം നടത്തുന്ന ലാവെർണ ആൻഡ് എസ് കമ്പനിയിൽ ബിസിനസ് പങ്കാളിയായിരുന്നു സിദ്ദീഖ്. അത് കൊണ്ടുമാത്രമല്ല ലാവെർണ ആദ്യ യാത്ര സൗജന്യമാക്കുന്നത്. അതിന്റെ കാരണം ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും സിദ്ധിഖിന്റെ ആത്മ സുഹൃത്തുമായിരുന്ന പി.കെ.മുഹമ്മദ് ഷാഫി പറയുന്നു–‘എന്തൊരു നല്ല മനുഷ്യനായിരുന്നു സിദ്ദീഖ്. ഒരിക്കലെങ്കിലും പരിചയപ്പെട്ടവർക്ക് അദ്ദേഹത്തെ മറക്കാനാവില്ല’.
ഒരു പതിറ്റാണ്ടിലേറെ നീണ്ട ആത്മബന്ധമായിരുന്ന ഷാഫിയും സിദ്ദീഖും തമ്മിൽ. പൊതുസുഹൃത്ത് വഴി തുടങ്ങിയ ബന്ധം പിന്നീട് വ്യവസായ പങ്കാളിത്തത്തിലേക്കുവരെ എത്തി.ഷാഫിയെ കാണാനും അദ്ദേഹവുമായി ബന്ധപ്പെട് പരിപാടികളിൽ പങ്കെടുക്കാനുമായി പല വട്ടം കോട്ടയ്ക്കലിലെത്തിയിട്ടുണ്ട് സിദ്ദീഖ്.
നാളെ രാവിലെ 6.45ന് തിരൂരിൽനിന്നാണ് ബസ് സർവീസ് ആരംഭിക്കുന്നത്. തിരൂർ–മഞ്ചേരി റൂട്ടിൽ ആറും തിരൂർ –കോട്ടയ്ക്കൽ റൂട്ടിൽ രണ്ടും സർവീസാണുള്ളത്. നാളെ എല്ലാ യാത്രയും സൗജന്യമാണ്. ലാവെർണ ഇനി പുതുതായി തുടങ്ങുന്ന എല്ലാ ബസ് സർവീസുകളുടെയും ആദ്യദിന യാത്ര സൗജന്യമായിരിക്കുമെന്ന് ഷാഫി പറഞ്ഞു.