കോഴിക്കോട് വിമാനത്താവളത്തിന് കൂടുതൽ സുരക്ഷ; ലീഡ്–ഇൻ ലൈറ്റുകൾ സ്ഥാപിക്കാൻ അഞ്ചിടത്ത് സ്ഥലം ഏറ്റെടുക്കുന്നു
Mail This Article
കരിപ്പൂർ ∙ റൺവേ വികസനത്തിനൊപ്പം, കോഴിക്കോട് വിമാനത്താവളത്തിൽ വിമാന ലാൻഡിങ് സുരക്ഷിതമാക്കാൻ 5 കേന്ദ്രങ്ങളിൽ ലീഡ്–ഇൻ ലൈറ്റുകൾ സ്ഥാപിക്കുന്നു. ഇതിനായി എയർപോർട്ട് അതോറിറ്റിക്കു വേണ്ടി 25 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി സംസ്ഥാന സർക്കാരിനു കീഴിൽ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഭൂമി ഏറ്റെടുക്കൽ വിഭാഗം ആരംഭിച്ചു. സാങ്കേതിക വിഭാഗം നിർദേശിച്ച നിശ്ചിത അകലങ്ങളിൽ ഉയർന്ന സ്ഥലങ്ങളിലാണ് ലീഡ്–ഇൻ ലൈറ്റുകൾ വരുന്നത്.
കണ്ണമംഗലം, ചേലേമ്പ്ര, പള്ളിക്കൽ വില്ലേജുകളിലായാണ് സ്ഥലം ഏറ്റെടുക്കുന്നത്. ആവശ്യമായ പ്രദേശങ്ങളിൽ ഉടമകളെ കണ്ടെത്തി.പള്ളിക്കൽ വില്ലേജിലാണ് 3 കേന്ദ്രങ്ങൾ. ഈത്തച്ചിറ, കോഴിപ്പുറം, ആരക്കോട്, ചേലേമ്പ്ര വില്ലേജിലെ പൈങ്ങോട്ടൂർ, കണ്ണമംഗലം വില്ലേജിലെ ചെരുപ്പടിമല എന്നിവിടങ്ങളിലാണു ലൈറ്റുകൾ സ്ഥാപിക്കുക.
ചെരുപ്പടി മലയിൽ ഏകദേശം 9 സെന്റും മറ്റിടങ്ങളിൽ ഏകദേശം 4 സെന്റ് വീതവുമാണ് വിളക്കുകൾ സ്ഥാപിക്കാൻ വേണ്ടത്. ഉടൻ നടപടികൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥലം ഏറ്റെടുക്കൽ വിഭാഗം.
കുന്നുകളും മലകളും നിറഞ്ഞ പ്രദേശങ്ങൾക്കു നടുവിലാണ് കോഴിക്കോട് വിമാനത്താവളം. മഞ്ഞും മഴയും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയിലും രാത്രിസമയങ്ങളിലും സുരക്ഷിത ലാൻഡിങ്ങിന് വൈമാനികരെ റൺവേയുടെ ദിശ കാണാൻ സഹായിക്കുന്നതിനാണ് ഈ വിളക്കുകൾ.
2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെത്തുടർന്ന് എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ റിപ്പോർട്ടിൽ വിമാനത്താവളത്തിന്റെ കൂടുതൽ സുരക്ഷയ്ക്കായി നിർദേശിച്ച 2 പ്രധാന കാര്യങ്ങളാണ് റെസ വികസനവും ലീഡ്–ഇൻ ലൈറ്റ് സ്ഥാപിക്കലും. റൺവേ റീ കാർപറ്റിങ്, റെസ വികസനം എന്നിവയ്ക്കൊപ്പം ലീഡ് –ഇൻ ലൈറ്റുകൾകൂടി വരുന്നതോടെ കൂടുതൽ സുരക്ഷയുള്ള വിമാനത്താവളമായി കോഴിക്കോട് മാറും.
റെസ വികസനം: ഒരു മാസത്തിനകംജോലി തുടങ്ങും
ടെൻഡർ നടപടി പൂർത്തിയായതോടെ, കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനം ഒരു മാസത്തിനകം ആരംഭിക്കും. ഹരിയാന കേന്ദ്രീകരിച്ചുള്ള ഗവാർ കൺസ്ട്രക്‌ഷൻ കമ്പനിക്കാണു കരാർ ലഭിച്ചത്. റൺവേ സുരക്ഷാ മേഖല ഇരുവശങ്ങളിലും 150 മീറ്റർ വീതം നീളം കൂട്ടൽ, നിശ്ചിത ചെരിവിൽ മണ്ണിട്ട് ഉയർത്തൽ, ഡ്രെയ്നേജ് സംവിധാനം ഒരുക്കൽ എന്നിവയാണ് പ്രധാനമായും കരാറിലുള്ളത്. 19 മാസത്തിനകം ജോലി പൂർത്തിയാക്കണമെന്നാണു വ്യവസ്ഥ. റൺവേ വികസനത്തിനായി ഏറ്റെടുത്ത ഭൂമി സംസ്ഥാന സർക്കാർ നേരത്തേ എയർപോർട്ട് അതോറിറ്റിക്കു കൈമാറിയിട്ടുണ്ട്.
നിലവിൽ 2860 മീറ്റർ റൺവേക്കു പുറമേ, 90 മീറ്റർ വീതമാണ് റെസയുടെ പരിധിയുള്ളത്. അത് 240 മീറ്ററാക്കി വികസിപ്പിക്കുകയാണു ജോലി. ഇരുവശങ്ങളിലും 150 മീറ്റർ വീതമാണ് കൂട്ടേണ്ടത്. ടേബിൾ ടോപ് റൺവേ ആയതിനാൽ നിലവിലുള്ള റൺവേ ഉയരത്തിൽ മണ്ണിടാൻ ഏകദേശം 30 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് വേണ്ടിവരുമെന്നാണു വിലയിരുത്തൽ.
ഊരാളുങ്കൽ സൊസൈറ്റി ഉൾപ്പെടെ 7 കമ്പനികളാണു കരാറിൽ പങ്കെടുത്തത്. 402.92 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. 20.08 കോടി രൂപ കുറച്ച് 322 കോടി രൂപയാണ് ഗവാർ കൺസ്ട്രക്‌ഷൻ കമ്പനി കരാർ തുകയായി ടെൻഡറിൽ കാണിച്ചിരുന്നത്.