മീൻ വാങ്ങാൻ പാത്രവുമായി വരുന്നവർക്ക് പുരസ്കാര സർട്ടിഫിക്കറ്റ്; പ്ലാസ്റ്റിക് സഞ്ചി കുറയ്ക്കുക ലക്ഷ്യം
Mail This Article
മഞ്ചേരി ∙ നഗരസഭയിലെ പുല്ലൂരിലും ചെമ്മരത്തും പ്ലാസ്റ്റിക് സഞ്ചിക്കു പകരം പാത്രത്തിൽ മത്സ്യവും മാംസവും സ്ഥിരമായി വാങ്ങുന്നവരെ കാത്തിരിക്കുന്നത് പുരസ്കാര സർട്ടിഫിക്കറ്റ്. നഗരസഭാംഗം ഹുസൈൻ മേച്ചേരിയാണ് വാർഡ് ശുചീകരണത്തിന്റെ ഭാഗമായി വേറിട്ട പദ്ധതി നടപ്പാക്കുന്നത്. വാർഡിൽ പ്ലാസ്റ്റിക് സഞ്ചി കുറയ്ക്കുകയാണ് ലക്ഷ്യം.
പാത്രത്തിൽ മത്സ്യവും മാംസവും വാങ്ങുന്നവരുടെ ഫോട്ടോയെടുത്ത് വിൽപനക്കാർ നഗരസഭാംഗത്തിനു വാട്സാപ് ചെയ്യും. സ്ഥിരമായി പാത്രം ഉപയോഗിക്കുന്നവരെ കണ്ടെത്തി വർഷത്തിലൊരിക്കൽ നഗരസഭയുടെ സർട്ടിഫിക്കറ്റ് നൽകും. കഴിഞ്ഞ ദിവസം 12 പേർക്ക് സർട്ടിഫിക്കറ്റ് നൽകി. ഒരു വർഷത്തോളമായി പദ്ധതി തുടങ്ങിയിട്ട്. മറ്റുള്ളവർക്ക് പ്രചോദനമാകാൻ ഫോട്ടോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യും.
വാർഡിൽ 3 വർഷമായി ജനകീയാടിസ്ഥാനത്തിലാണ് ശുചീകരണം. വീടിന്റെ മുൻപിൽ റോഡ് വൃത്തിയാക്കുന്ന വ്യക്തികൾ, അയൽക്കൂട്ടങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെയും പുരസ്കാരത്തിനു പരിഗണിച്ചു. നഗരസഭാധ്യക്ഷ വി.എം.സുബൈദ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ ഖൈറുന്നീസ, കോ ഓർഡിനേറ്റർമാരായ ജയേഷ്, ബിന്ദു എന്നിവർ പ്രസംഗിച്ചു.