ADVERTISEMENT

മങ്കട∙ പാലക്കത്തടത്തെ പാതയോരത്തെ  തണൽമരത്തിന് കീഴെയുള്ള ഇളനീർ കച്ചവടത്തിന് ഇരട്ടിമധുരമാണ്. ദാഹം മാറ്റാൻ ഇളനീർ കുടിക്കാനെത്തുന്നവർ വീട്ടിലേക്ക് കൂടി പാർസൽ വാങ്ങിയാണ് മടങ്ങുന്നത്. കാരണം മറ്റൊന്നുമല്ല ഇളനീര് വെട്ടാൻ തുടങ്ങുമ്പോഴാണ് കച്ചവടക്കാരൻ ഇരിക്കുന്ന ചക്രക്കസേര  ഉപഭോക്താവിന്റെ ശ്രദ്ധയിൽപെടുന്നത്. അരയ്ക്കു താഴെ തളർന്നിട്ടും തളരാത്ത മനസ്സുമായി തെരുവോരക്കച്ചവടം നടത്തി  കുടുംബത്തെ മുന്നോട്ടു നയിക്കുകയാണ് വെള്ളില സ്വദേശിയായ സുനിൽ എന്ന മുപ്പത്താറുകാരൻ.  തെങ്ങുകയറ്റത്തൊഴിലാളിയായ അയ്യപ്പന്റെ ഏക മകനാണ് സുനിൽ. ഇരുപത്തിമൂന്നാം വയസ്സിൽ തോട്ടത്തിൽ അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങിൽനിന്ന് വീണ് ഗുരുതരമായി പരുക്കേൽക്കുകയും അരയ്ക്കു താഴെ തളർന്നു പോകുകയും ചെയ്തു.  

ഓട്ടോ വാങ്ങി ഉപജീവനം നടത്തണമെന്നാണ് സുനിലിന്റെ ആഗ്രഹം. എന്നാൽ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാൽ താൽക്കാലികമായി ഒരു ഓട്ടോ  സംഘടിപ്പിച്ച് തനിക്ക് ഓടിക്കാവുന്ന രീതിയിൽ അതിൽ വ്യത്യാസം വരുത്തി. രാവിലെ സ്വയം ഓട്ടോ ഓടിച്ചാണ് കച്ചവടത്തിനെത്തുന്നത്. സാധനങ്ങൾ ഇറക്കാൻ സഹായിക്കാൻ വാർഡ് മെംബറോ സുഹൃത്തുക്കൾ ആരെങ്കിലുമൊക്കെയോ കൂടെ വരും. പിന്നീട് വൈകിട്ട് പോകുന്നതുവരെ തനിച്ചാണ് കച്ചവടം. ഒരേ ഇരിപ്പ് ഇരിക്കുന്നതിനാൽ ശരീരത്തിൽ നീരുവന്ന് പൊട്ടി മുറിവാകുന്നുണ്ട്.

നവകേരള സദസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മങ്കടയിൽ എത്തിയപ്പോൾ മുച്ചക്ര വാഹനത്തിനു വേണ്ടി സുനിൽ അപേക്ഷ നൽകിയിരുന്നു. ഓട്ടോ വാങ്ങാൻ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ. വാർഡ് അംഗം ഷെരീഫ് ചുണ്ടയിലിന്റെ നേതൃത്വത്തിൽ,  സുനിലിന് പാലിയേറ്റീവ് പ്രവർത്തകരുടെയും  നാട്ടുകാരുടെയും സഹായത്തോടെ ഈയിടെ വീട് വച്ച് നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com