6.07 ഹെക്ടർ ഭൂമി വ്യക്തിക്ക് നൽകാൻ വിധി; അപ്പീൽ വൈകിപ്പിച്ച് വനംവകുപ്പ്
Mail This Article
നിലമ്പൂർ ∙ നോർത്ത് വനം ഡിവിഷനിൽ എടവണ്ണ റേഞ്ചിൽ മൂലേപ്പാടത്ത് വനംവകുപ്പിന്റെ കൈവശമുള്ള 6.07 ഹെക്ടർ ഭൂമി വ്യക്തിക്ക് വിട്ടു കൊടുക്കാനുള്ള കോടതി വിധിയിൽ അപ്പീൽ നൽകുന്നതിൽ വനംവകുപ്പിന് അനാസ്ഥ. പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂമി വൻ വിലമതിക്കുന്നതാണ്. വിധിക്കെതിരെ അപ്പീൽ നൽകുന്നതിൽ വനം വകുപ്പ് വൈകിപ്പിക്കുന്നതായാണ് ആരോപണം.
മൂലപ്പാടം പാലം കഴിഞ്ഞ് നിലമ്പൂർ - നായാടംപൊയിൽ റോഡിന് ഇരുവശത്തുമായാണ് ഭൂമിയുടെ കിടപ്പ്. വശങ്ങളിൽ കുറുവൻപുഴ, റബർത്തോട്ടം, ആദിവാസി കോളനി എന്നിവയാണ്. ഒരു ഭാഗം വനത്തിന്റെ തുടർച്ചയാണ്.ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോൾ പരിധിയിൽ കവിഞ്ഞ് കൈവശംവച്ചതാണെന്ന പേരിൽ ഭൂമി സർക്കാർ കൈവശപ്പെടുത്തിയെന്നാണ് വ്യക്തിയുടെ വാദം.
ഉപയോഗിക്കാതെ കിടന്ന് കാട് വളർന്നപ്പാേൾ സെക്‌ഷൻ 5 പ്രകാരവും പിന്നീട് ഇഎഫ്എലിൽ (എക്കോളജിക്കലി ഫ്രജൈൽ ലാൻഡ്) ഉൾപ്പെടുത്തിയും വനം വകുപ്പ് ഏറ്റെടുത്തു. തുടർന്ന് വ്യക്തി ഇഎഫ്എൽ ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി നേടി. ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വനം വകുപ്പ് തോറ്റു.
കഴിഞ്ഞ മാർച്ചിലാണ് സംഭവം. വിധി നടപ്പാക്കി ഭൂമി വിട്ടു കിട്ടാൻ വ്യക്തി പലതവണ നോട്ടിസ് നൽകിയെങ്കിലും വനം വകുപ്പ് അനങ്ങിയില്ല. ഒടുവിൽ വകുപ്പിനെതിരെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തപ്പാേൾ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. സുപ്രീം കോടതിയിൽ അപ്പീലിന് സാധ്യതയുണ്ടെന്ന് അദ്ദേഹം മറുപടി നൽകി. എജിയുടെ ഓഫിസിനെ അപ്പീൽ നൽകാൻ ചുമതലപ്പെടുത്തിയതായി ഡിഎഫ്ഒ ടി. അശ്വിൻ കുമാർ പറഞ്ഞു.