പുതുവത്സര ആഘോഷം, നിയമം പാലിച്ച്
Mail This Article
മലപ്പുറം ∙ പുതുവത്സരം ആഘോഷിക്കാൻ വണ്ടിയുമെടുത്തിറങ്ങുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. പുതുവത്സര രാത്രിയിലടക്കം പരിശോധന കർശനമാക്കാൻ ആർടിഒ സി.വി.എം.ഷരീഫ് ജില്ലയിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഡിസംബർ 30നും 31നും ജില്ലയിലെ ദേശീയ,സംസ്ഥാന,ഗ്രാമീണ പാതകളിലും പ്രധാന നഗരങ്ങളിലും മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും വിവിധ ആർടി ഓഫിസുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് രാത്രികാല പരിശോധന ശക്തമാക്കും.
മദ്യപിച്ചോ മൊബൈൽ ഫോൺ ഉപയോഗിച്ചോ വണ്ടിയോടിക്കൽ, അമിതവേഗം, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം എന്നിവയ്ക്ക് പിഴ ചുമത്തുന്നതിനു പുറമേ ലൈസൻസും റദ്ദാക്കും.രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിലുള്ള സൈലൻസർ ഘടിപ്പിച്ച വാഹനങ്ങൾ എന്നിവയുടെ റജിസ്ട്രേഷൻ റദ്ദാക്കും.മറ്റുള്ളവരുടെ ഡ്രൈവിങ്ങിനെ ബാധിക്കുന്ന രീതിയിൽ വർണ ലൈറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെയും ഗതാഗത തടസ്സമുണ്ടാക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.
‘അപകടരഹിത മലപ്പുറം’ ലക്ഷ്യം
പുതുവർഷത്തിൽ ‘അപകടരഹിത മലപ്പുറം’ യാഥാർഥ്യമാക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമാനുശാസനകൾ ജീവിതത്തിന്റെ ഭാഗമാക്കിയാലേ അതു നേടാനാകൂ. മക്കളും മറ്റുള്ളവരും അപകടത്തിൽപെടാതിരിക്കാൻ കുട്ടികൾക്ക് വാഹനം കൊടുക്കാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം.