ADVERTISEMENT

തിരൂർ ∙ കടലലകളിൽ തെന്നിത്തെന്നി പറന്ന് കൈറ്റ് സർഫിങ് നടത്താൻ പടിഞ്ഞാറേക്കരയും അതിനു വേണ്ട പരിശീലനം നൽകാൻ വിദേശസംഘവും റെഡിയാണ്. ഇനി വേണ്ടത് പഠിക്കാനുള്ളവരും അധികൃതരുടെ സമ്മതവും തയാറെടുപ്പും മാത്രം. അടുത്ത ഒളിംപിക്സ് മുതൽ കായിക ഇനമാകുന്ന കൈറ്റ് സർഫിങ് പഠിപ്പിക്കാൻ ഫ്രാൻസ്, തുർക്കി, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള സംഘം ജില്ലയിലെത്തിയിട്ടുണ്ട്.

ഇവർ കലക്ടർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ, സ്പോർട്സ് കൗൺസിൽ എന്നിവരുമായി ചർച്ച നടത്തിക്കഴിഞ്ഞു. പടിഞ്ഞാറേക്കര ബീച്ച് സർഫിങ് നടത്താൻ പറ്റിയ ഇടമാണെന്നാണ് ഇവരുടെ കണ്ടെത്തൽ. വിശാലവും മനോഹരവുമായ ബീച്ചാണ് പടിഞ്ഞാറേക്കര. പാറകളില്ലാത്തതിനാൽ ഇവിടെ സർഫിങ് നടത്താൻ സാധിക്കുമെന്നാണ് സംഘം വിലയിരുത്തിയത്. നാലോ അഞ്ചോ കിലോമീറ്റർ കടലിലേക്കു പോയശേഷം തിരിച്ച് കരയിലേക്ക് ജലോപരിതലത്തിലെ സർഫ് ബോർഡിൽ നിന്ന് കാറ്റിൽ പറക്കുന്ന പട്ടത്തിന്റെ സഹായത്തോടെ എത്തുന്നതാണ് രീതി.

ഇങ്ങനെ കടലിൽനിന്ന് കരയിലേക്ക് എത്തുമ്പോൾ പെട്ടെന്നു നിൽക്കാൻ സാധിക്കില്ല. പകരം വെള്ളത്തിലൂടെ തന്നെ വേഗം കുറച്ചുകൊണ്ടുവന്ന് നിർത്തുകയാണു ചെയ്യുക. പടിഞ്ഞാറേക്കരയിൽ അഴിമുഖമുള്ളതിനാൽ പുഴയിലേക്കു കയറി വേഗം കുറച്ചു നിർത്താൻ സാധിക്കും.

നിലവിൽ കൈറ്റ് സർഫിങ് നടക്കുന്ന മൗറിഷ്യസിലെ മൊറോക്ക് ദ്വീപിനു സമാനമാണ് പടിഞ്ഞാറേക്കരയെന്നും സംഘം വിലയിരുത്തുന്നുണ്ട്. ഒരുപാട് മത്സരാർഥികൾക്ക് ഒരുമിച്ചു നിൽക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കൂടാതെ ഇവിടെ മുൻപ് പാരാമോട്ടറിങ് നടത്തി വിജയിച്ചിട്ടുമുണ്ട്. 

സംഘം അടുത്തയാഴ്ച മന്ത്രി വി.അബ്ദുറഹിമാനുമായി ചർച്ച നടത്തും. കാര്യങ്ങൾ അനുകൂലമായാൽ പടിഞ്ഞാറേക്കരയും ഫ്രാൻസിലെ റീയൂണിയൻ ഐലൻഡിലെ പോലെ കൈറ്റ് സർഫിങ് കേന്ദ്രമായി മാറും. ഇത് വിനോദസഞ്ചാര മേഖലയെ കൂടുതൽ ഉണർത്തും.

മത്സ്യത്തൊഴിലാളികൾക്ക് എളുപ്പമാകും
കൈറ്റ് സർഫിങ് മത്സ്യത്തൊഴിലാളികളായ യുവാക്കൾക്ക് എളുപ്പത്തിൽ വഴങ്ങുമെന്നാണ് വിദേശസംഘത്തിന്റെ അഭിപ്രായം. ബോട്ടിൽനിന്ന് വലയുമായി കടലിലേക്ക് ചാടി ഏറെ നേരം വെള്ളത്തിൽ പ്രത്യേക ബാലൻസുമായി നിൽക്കുന്നവരാണ് ഇവർ. മീറ്ററുകൾ നീളമുള്ള വല കടലിൽ ചുറ്റിയെറിഞ്ഞ് ബോട്ട് തിരിച്ചെത്തുന്നതു വരെ ഇവർക്ക് വെള്ളത്തിൽ ഇങ്ങനെ പിടിച്ചുനിൽക്കാനാകും. കൂടാതെ ഈ സമയം വലയെത്താത്ത ഭാഗം വഴി മത്സ്യം പുറത്തുപോകാതിരിക്കാൻ ഇവർ കടൽ വെള്ളത്തെ ഇളക്കി നിർത്തുകയും ചെയ്യും. ഈ മെയ്‌വഴക്കം കൈറ്റ് സർഫിങ്ങിന് സഹായിക്കുമെന്നാണു സംഘം പറയുന്നത്.

കൈറ്റ് സർഫിങ് എന്നാൽ?
ജലോപരിതലത്തിൽ നടത്തുന്ന ഒരു കായികവിനോദമാണ് കൈറ്റ് സർഫിങ്. സ്ഥിരമായ വേഗത്തിൽ കാറ്റുവീശുന്ന കടലിലാണ് കൈറ്റ് സർഫിങ് നടത്തുന്നത്. വെള്ളത്തിൽ തെന്നിനീങ്ങുന്ന ഒരു സർഫ് ബോർഡും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന കൈറ്റ് എന്നു വിളിക്കുന്ന ഒരു പായയുമാണ് ഇതിനാവശ്യമായ പ്രധാന ഭാഗങ്ങൾ. കാറ്റിന്റെ ദിശയ്ക്കും വേഗത്തിനും അനുസരിച്ച് പട്ടം പറപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടെ സർഫ് ബോർഡിൽ നിൽക്കുന്ന കായികതാരം വെള്ളത്തിൽ തെന്നിനീങ്ങിത്തുടങ്ങുന്നു. കാറ്റിന്റെ വേഗത്തിനനുസരിച്ച് ഇത്തരത്തിൽ തെന്നിനീങ്ങുന്നതിന്റെ വേഗവും കൂടും. സാധാരണ കടലിൽനിന്ന് കരയിലേക്കാണ് കൈറ്റ് സർഫിങ് നടത്താറുള്ളത്.

English Summary:

Expert Kite Surfing Training by International Pros Awaits in Tirur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com