നാടിന്റെ ബുദ്ധിമുട്ട് അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ രാജ്യദ്രോഹിയായി ചിത്രീകരിച്ചു: ആയിഷ സുൽത്താന
Mail This Article
നിലമ്പൂർ∙ ലക്ഷദ്വീപിനു ബുദ്ധിമുട്ട് നേരിട്ടപ്പോൾ കേരള ജനതയാണ് ഒപ്പം നിന്നതെന്ന് ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താന പറഞ്ഞു. കേരള ജനത അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ അസൂയയോടെയാണ് ദ്വീപ് ജനത കാണുന്നത്. നാടിന്റെ ബുദ്ധിമുട്ട് അവതരിപ്പിക്കാൻ ശ്രമിച്ചതിനാണ് തന്നെ രാജ്യദ്രോഹിയായി ചിത്രീകരിച്ചത്. ദ്വീപിൽ നല്ല ഒരു ആശുപത്രി പോലുമില്ല. രോഗം ബാധിച്ചാൽ നേരെ കേരളത്തിലേക്കു കൊണ്ടുപോകും. മരിച്ചാൽ മൃതദേഹം കേരളത്തിൽത്തന്നെ കബറടക്കം നടത്തണം. തന്റെ നാടാന്റെ പ്രശ്നങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാനാണ് താൻ സിനിമ ചെയ്യുന്നതെന്നും അവർ പറഞ്ഞു.
ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി ദ്വീപിന്റെ സൗന്ദര്യത്തെ പുകഴ്ത്തിപ്പറഞ്ഞു. സൽമാൻ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയവർ പ്രധാനമന്ത്രിയെ പിന്തുടർന്ന് സമൂഹമാധ്യമത്തിൽ ദ്വീപിനെ സ്വർഗമായി വിശേഷിപ്പിച്ചു. അവരാരും ദ്വീപിലെ ജനതയുടെ ദുരിതം അറിയുന്നില്ലെന്ന് നിലമ്പൂരിൽ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന്റെ മെഗാസ്റ്റേജ് ഷോയുടെ ആദ്യ ദിനത്തിലെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ആയിഷ സുൽത്താന പറഞ്ഞു.
കമ്മിറ്റി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. പി.വി.സനിൽകുമാർ, യു.നരേന്ദ്രൻ, അനിൽ റോസ്, വിൻസന്റ് എ.ഗോൺസാഗ, എ.ഗോപിനാഥ്, വി.എ.കരീം, പാലോളി മെഹബൂബ്, ഷെറി ജോർജ്, ഡെയ്സി ചാക്കോ, എ.പി.റസിയ, കെ.രാജലക്ഷ്മി, സാലി ബിജു, ശ്രീജ വെട്ടത്തേഴത്ത്, ഗോകുലം ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് റഫി, ഷാജി കെ.തോമസ്, സി.കെ. മുഹമ്മദ് ഇക്ബാൽ, കെ.ഷബീറലി എന്നിവർ പ്രസംഗിച്ചു.
ഇന്ന് സാംസ്കാരിക സമ്മേളനം പി.വി.അബ്ദുൽ വഹാബ് എംപി ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തും. തുടർന്ന് കണ്ണൂർ ഷരീഫ് അവതരിപ്പിക്കുന്ന ഗോൾഡൻ നൈറ്റ്.
ആയിഷ സുൽത്താനുടെ ‘124 എ’യിൽ ഇർഷാദും എയ്ഞ്ചലും പാടും
ആയിഷ സുൽത്താനയുടെ അടുത്ത സിനിമ ‘124 എ’യിൽ നിലമ്പൂർ സ്വദേശികളായ ഇർഷാദും എയ്ഞ്ചൽ മരിയയും പാടും. നിലമ്പൂരിന് സമ്മാനമായി വേദിയിൽ എത്തുന്ന 2 ഗായകർക്ക് തന്റെ സിനിമയിൽ പാടാൻ അവസരം നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആയിഷ പ്രഖ്യാപിച്ചു.
മടികൂടാതെ എത്തിയ ഇർഷാദും എയ്ഞ്ചലും വേദിയിൽ മനോഹരമായി പാടുകയും ചെയ്തു. ആദ്യ സിനിമയുടെ പേരിൽ സെക്‌ഷൻ 124 എ പ്രകാരമാണ് ആയിഷയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സിനിമയുടെ പ്രാരംഭ പ്രവർ ത്തനങ്ങൾ ചെന്നൈയിൽ പുരോഗിമക്കുകയാണെന്ന് ആയിഷ പറഞ്ഞു.