ADVERTISEMENT

കുറ്റിപ്പുറം ∙ ഷൊർണൂർ–മംഗളൂരു റെയിൽവേ ട്രാക്കിൽ കുറ്റിപ്പുറത്തുള്ള ‘റ’ വളവ് ഒഴിവാക്കാൻ മലപ്പുറം ജില്ലയിൽ പുതിയ റെയിൽപാത നിർമിക്കും. പാലക്കാട് ജില്ലാ അതിർത്തിയിലെ കരിയന്നൂർ റെയിൽവേ പാലത്തിനും പേരശ്ശനൂർ അഞ്ചുകന്ന് പാലത്തിനും ഇടയിൽ ആരംഭിക്കുന്ന പുതിയ പാത കുറ്റിപ്പുറം രാങ്ങാട്ടൂരി‍ൽ വന്നുചേരും. 97 വർഷത്തിനുശേഷമാണ് ജില്ലയിൽ പുതിയ റെയിൽപാത വരുന്നത്.

ദേശീയപാതയിലെ കിൻഫ്ര വ്യവസായ പാർക്ക് അടക്കം സ്ഥിതിചെയ്യുന്ന ചെല്ലൂർ കുന്നിന് അടിയിലൂടെ തുരങ്കപ്പാത നിർമിച്ചാണ് അതിവേഗ ട്രെയിനുകൾക്കായി പുതിയ ട്രാക്ക് ഒരുക്കുക. പുതിയ ഇരട്ട പാതയ്ക്കായി ജനവാസ കേന്ദ്രങ്ങളിലടക്കം സ്ഥലം ഏറ്റെടുക്കണ്ടിവരും.

കുറ്റിപ്പുറം സ്റ്റേഷനിലെ ‘റ’ വളവ് അടക്കമുള്ളവ ഒഴിവാക്കുന്നതിനായി പൂർത്തീകരിച്ച ലിഡാർ സർവേയുടെ ആദ്യ റിപ്പോർട്ട് ഹൈദരാബാദിലെ ആർ.വി.അസോഷ്യേറ്റ് റെയിൽവേക്കു മുന്നിൽ അവതരിപ്പിച്ചു. റിപ്പോർട്ടിൽ ചെറിയ തിരുത്തലുകൾ നടത്താൻ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.

നിർദേശിച്ച മാറ്റങ്ങൾ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. റിപ്പോർട്ട് ലഭിച്ചതിനുശേഷം ഷൊർണൂർ മുതൽ മംഗളൂരു വരെയുള്ള റെയിൽപാതയിലെ 288 വളവുകൾ നിവർത്തുന്ന ജോലികളുടെ എസ്റ്റിമേറ്റ് തയാറാക്കും. ഷൊർണൂർ മുതൽ മംഗളൂരു വരെയുള്ള 306.57 കിലോമീറ്റർ പാതയിലെ ഏറ്റവും വലിയ വളവാണ് കുറ്റിപ്പുറം സ്റ്റേഷനിലേത്. ട്രെയിനുകളുടെ വേഗം 110 മുതൽ 130 കിലോമീറ്റർ വരെയായി ഉയർത്തുന്നതിനാണ് ട്രാക്കിലെ വളവുകൾ നിവർത്തുന്നത്.

വളവുകൾ ഒഴിവാക്കി വേഗത 130ലേക്കും പിന്നീട് 160ലേക്കും ഉയർത്തും

കുറ്റിപ്പുറം ∙ 97 വർഷത്തിനുശേഷമാണ് മലപ്പുറം ജില്ലയിൽ പുതിയ ഒരു റെയിൽപാത വരുന്നത്.  ഒരുനൂറ്റാണ്ടിലേറെ പഴക്കമുളള കുറ്റിപ്പുറം സ്റ്റേഷനെ ഒഴിവാക്കി അതിവേഗ ട്രെയിനുകൾ കടന്നുപോകാനായി പുതിയ പ്രദേശത്തുകൂടിയാണ് റെയിൽപാത നിർമിക്കുന്നത്.  നിലവിൽ ഈ റൂട്ടിലെ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററാണ്.

ഇത് 130ലേക്കും പിന്നീട് 160ലേക്കും ഉയർത്തുന്നതിന്റെ ഭാഗമായാണ് വളവുകൾ ഒഴിവാക്കുന്നത്. ഷൊർണൂർ ഭാഗത്തുനിന്നുവരുമ്പോൾ കുറ്റിപ്പുറം സ്റ്റേഷൻ എത്തുന്നതിനു മുൻപായി ഒട്ടേറെ വളവുകൾ ഉണ്ട്. ഇതെല്ലാം പുതിയ പാത വരുന്നതോടെ ഒഴിവായിക്കിട്ടും. ഷൊർണൂർ മുതൽ മംഗളൂരുവരെയുള്ള 306.57 കിലോമീറ്റർ പാതയിൽ കുറ്റിപ്പുറത്തെ ‘റ’ വളവ് ഒഴിവാക്കുകയാണ് റെയിൽവേയ്ക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.

ഭാരതപ്പുഴയ്ക്ക് അരികിലൂടെ കടന്നുപോകുന്ന നിലവിലെ, വളഞ്ഞ റെയിൽപാത. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ 
‘റ’ ആകൃതിയിലാണ് ട്രാക്ക് കടന്നുപോകുന്നത്.
ഭാരതപ്പുഴയ്ക്ക് അരികിലൂടെ കടന്നുപോകുന്ന നിലവിലെ, വളഞ്ഞ റെയിൽപാത. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ‘റ’ ആകൃതിയിലാണ് ട്രാക്ക് കടന്നുപോകുന്നത്.

ദേശീയപാതയിലെ കിൻഫ്ര വ്യവസായ പാർക്ക് അടക്കം സ്ഥിതിചെയ്യുന്ന ചെല്ലൂർ കുന്നുകൾക്ക് അടിയിലൂടെ തുരങ്കം നിർമിച്ചാണ് പുതിയപാത യാഥാർഥ്യമാക്കുക.തുരങ്കത്തിനുപുറമേ വയലുകളിലൂടെയും ചെറിയ രീതിയിലുള്ള ജനവാസ കേന്ദ്രങ്ങളിലൂടെയുമാകും പാത നിർമിക്കുക. ഇതിനായി സ്ഥലം ഏറ്റെടുക്കും.  പുതിയ പാത യാഥാർഥ്യമായാൽ കുറ്റിപ്പുറത്ത് സ്റ്റോപ് ഇല്ലാത്ത ട്രെയിനുകളെ പുതിയ തുരങ്കപാതയിലൂടെ കടത്തിവിടും.

ജനശതാബ്ദി, വന്ദേഭാരത് അടക്കമുള്ള പതിനെട്ടോളം ട്രെയിനുകൾ ഇത്തരത്തിൽ പുതിയ തുരങ്കപാതയിലൂടെ കടന്നുപോകും. കരിയന്നൂർ പാലത്തിന് സമീപത്തുനിന്ന് പുതിയ പാത നിർമിക്കാൻ ആലോചനയുണ്ടെങ്കിലും മങ്കേരിക്കുന്ന് തടസ്സമാകുമെന്ന് സൂചനയുണ്ട്. കരിയന്നൂരിൽ നിന്നാണെങ്കിൽ മങ്കേരിക്കുന്നിൽ തുരങ്കം നിർമിക്കേണ്ടിവരും.

മങ്കേരിക്കുന്ന് ഒഴിവാക്കാൻ പേരശ്ശനൂർ അഞ്ചുകന്ന് റെയിൽവേ പാലത്തിന് സമീപത്തുനിന്ന് പുതിയ പാത ആരംഭിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. 1861ലാണ് കേരളത്തിലെ ആദ്യത്തെ റെയിൽപാതയായ ബേപ്പൂർ – തിരൂർ ട്രാക്ക് നിലവിൽ വന്നത്. ഇതിനുശേഷം കുറ്റിപ്പുറത്തേക്കും ഷൊർണൂരിലേക്കും നീട്ടുകയായിരുന്നു. ഷൊർണൂർ–നിലമ്പൂർ പാതയ്ക്കു ശേഷം ആദ്യമായാണ് ജില്ലയിൽ പുതിയതായി സ്ഥലം ഏറ്റെടുത്ത് റെയിൽപാത നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com