ADVERTISEMENT

കുറ്റിപ്പുറം∙ ഷൊർണൂർ–മംഗളൂരു റെയിൽവേ ട്രാക്കിലെ കുറ്റിപ്പുറം ‘റ’വളവ് ഒഴിവാക്കാനായി പുതിയ റെയിൽപാത വരുമ്പോൾ കരിയന്നൂരിനും രാങ്ങാട്ടൂരിനും ഇടയിൽ നിർമിക്കേണ്ടിവരുന്നത് കുറഞ്ഞത് 5 റെയിൽവേ ഗേറ്റുകൾ. നിലവിലെ ട്രാക്കിലുള്ള ചെമ്പിക്കൽ റെയിൽവേ ഗേറ്റിന് 500 മീറ്ററിനുള്ളിൽ മറ്റൊരു റെയിൽവേ ഗേറ്റ് കൂടി വരും. 

ഇതോടെ ഈ ചെമ്പിക്കൽ–പാഴൂർ പാതയിൽ റെയിൽവേ മേൽപാലത്തിന്റെ സാധ്യതയും ഏറും. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലുള്ള ട്രെയിനുകൾ കടന്നുപോകുന്നതിനായാണ് പാലക്കാട് ജില്ലാ അതിർത്തിയായ കരിയന്നൂർ പാലത്തിനും പേരശ്ശനൂർ അഞ്ചുകണ്ണ് പാലത്തിനും ഇടയിൽ നിന്ന് പുതിയ റെയിൽപാത നിർമിക്കുന്നത്. 

പുതിയ പാത എടച്ചലംപാടം വഴി കൊളക്കാട് എത്തിച്ചേർന്ന് ചെല്ലൂർക്കുന്നിന് അടിയിലൂടെ തുരങ്കപാതയായി കടന്നുപോകും. കിൻഫ്ര വ്യവസായ പാർക്ക് സ്ഥിതിചെയ്യുന്ന കുന്നിന്  അടിയിലൂടെയാകും തുരങ്കപാത നിർമിക്കുക.   പേരശ്ശനൂർ അ‍ഞ്ചുകണ്ണ് പാലം കഴിഞ്ഞാൽ പുതിയപാത കടന്നുപോകുന്നത് 2 ഗ്രാമീണ റോഡുകൾക്ക് കുറുകെയാണ്. 

ഇതിനുപുറമേ കുറ്റിപ്പുറം–പേരശ്ശനൂർ റോഡിനുകുറുകെയും പുതിയ ട്രാക്ക് കടന്നുപോകും. ഇത്തരത്തിൽ കുറഞ്ഞത് 5 റെയിൽവേ ഗേറ്റുകൾ പുതിയ പാതയുടെ ഭാഗമായി നിർമിക്കേണ്ടിവരുമെന്നാണ് സൂചന. പുതിയ പാതയുടെ അന്തിമ സർവേ റിപ്പോർട്ട് ഉടൻ സമർപ്പിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉണ്ടാകും. 

കുറ്റിപ്പുറത്തിനും രാങ്ങാട്ടൂരിനും ഇടയിലുള്ള ചെമ്പിക്കൽ റെയിൽവേ ഗേറ്റ്. പുതിയ റെയിൽപാത വരുന്നതോടെ ഈ ഗേറ്റിന് 500 മീറ്ററിനുള്ളിൽ മറ്റൊരു റെയിൽവേ ഗേറ്റ് കൂടി വരും.
കുറ്റിപ്പുറത്തിനും രാങ്ങാട്ടൂരിനും ഇടയിലുള്ള ചെമ്പിക്കൽ റെയിൽവേ ഗേറ്റ്. പുതിയ റെയിൽപാത വരുന്നതോടെ ഈ ഗേറ്റിന് 500 മീറ്ററിനുള്ളിൽ മറ്റൊരു റെയിൽവേ ഗേറ്റ് കൂടി വരും.

 രാങ്ങാട്ടൂർ പ്രദേശത്ത് ഇരു ട്രാക്കുകൾക്കും ഇടയിൽ കൃഷി സ്ഥലവും വീടുകളും ഉൾപ്പെടും എന്നത് പ്രതിസന്ധിയുണ്ടാക്കും. നിലവിലെ ട്രാക്കിനും പുതിയ ട്രാക്കിനും ഇടയിലുള്ള സ്ഥലത്തേക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനെക്കുറിച്ചാണ് ആശങ്ക. ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ചെമ്പിക്കൽ റെയിൽവേ ഗേറ്റും പുതിയ റെയിൽവേ ഗേറ്റും ഉൾപ്പെടുത്തി ഈ ഭാഗത്ത് റെയിൽവേ മേൽപാലം നിർമിക്കാനുള്ള സാധ്യതയും ഉണ്ട്. ഇല്ലെങ്കിൽ 2 റെയിൽവേ ഗേറ്റുകളിലുമായി ഒട്ടേറെ വാഹനങ്ങൾ കുടുങ്ങിക്കിടക്കും.

malappuram-kuttippuram-railway

പുതിയ മേൽപാത
ചെമ്പിക്കൽ റെയിൽവേ ഗേറ്റിൽ റെയിൽവേ മേൽപാലം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ ഈ ഭാഗത്ത് പാലം നിർമിക്കാനുള്ള സ്ഥലസൗകര്യമില്ല. ചെമ്പിക്കൽ ഗേറ്റിന് സമീപത്തായി പുതിയ പാതയിൽ മറ്റൊരു ഗേറ്റ് കൂടി വന്നാൽ ഈ ഭാഗത്ത് റെയിൽവേ മേൽപാലം നിർമിക്കാനുള്ള സാധ്യത ഏറെയാണ്. നിലവിലുള്ള പാതയിൽ നിന്ന് വ്യത്യസ്തമായി പുതിയ മേൽപാതയ്ക്കാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com