വയലേലകളിൽ കൊയ്ത്തുപാട്ട്; കാട്ടിപ്പരുത്തി പാടശേഖരങ്ങളിൽ രണ്ടാംവിള മുണ്ടകൻ കൊയ്ത്ത്
Mail This Article
വളാഞ്ചേരി ∙ വയലുകളിൽ മകരക്കൊയ്ത്തിനു തുടക്കം. രണ്ടാംവിള മുണ്ടകൻ കൊയ്ത്തിന് പരമ്പരാഗത കർഷകത്തൊഴിലാളികളാണ് തുടക്കമിട്ടത്. തൊഴിലുറപ്പു തൊഴിലാളികളാണ് കൊയ്ത്തിനായി വയലിൽ സജീവമായത്. കൊയ്ത്തു യന്ത്രങ്ങളും എത്തുന്നതോടെ വയലേലകൾ കൂടുതൽ സജീവമാകും. ഇത്തവണ മോശമല്ലാത്ത വിളവെടുപ്പിനു സാധ്യതയുണ്ടെങ്കിലും കാലം തെറ്റി പെയ്ത മഴ മിക്കയിടങ്ങളിലും കർഷകർക്ക് പ്രയാസം സൃഷ്ടിച്ചു. ചില ഭാഗങ്ങളിൽ പുഴുക്കേട് കണ്ടെത്തിയെങ്കിലും കർഷകർ അതിനെയും തരണം ചെയ്തു. ജലസേചന സൗകര്യം ഇല്ലാതെ മഴയെ മാത്രം ആശ്രയിച്ചു കൃഷിയിറക്കുന്ന പാടങ്ങളിലും ലിഫ്റ്റ് ഇറിഗേഷൻ സൗകര്യമുള്ള വയൽപ്പരപ്പുകളിലും വിളവെടുപ്പ് പ്രതീക്ഷിച്ച രീതിയിലില്ലെന്നാണ് കർഷകർ പറയുന്നത്.
കാട്ടിപ്പരുത്തി പാടശേഖരങ്ങളിലാണ് കൊയ്ത്ത് തുടങ്ങിയത്. പൊന്മണി നെൽവിത്താണ് വിളവിറക്കിയിരുന്നത്. കർഷകനായ ടി.എം.രാജഗോപാലന്റെ വയൽപ്പരപ്പിൽ ആരംഭിച്ച കൊയ്ത്തിന് പരമ്പരാഗത കർഷകത്തൊഴിലാളികളായ പി.പി.ഇയ്യത്തുട്ടി, ദേവകി മുണ്ടുവാട്ടിൽ, രജനി, കുഞ്ഞുമോൾ പട്ടേരിപ്പറമ്പിൽ, ചക്കി അടിക്കാട്ടു പറമ്പിൽ, കുറുമ്പ പട്ടേരിപ്പറമ്പിൽ, സിന്ധു വെളിച്ചപ്പറമ്പിൽ, ലീല ഉള്ളാട്ടിൽ, ചക്കി തെക്കുമ്പാട്ടുപടി, സുകുമാരി, തങ്കം, ജലജ വെളിച്ചപ്പറമ്പിൽ, സൗദാമിനി മാക്കണ്ടത്തിൽ തുടങ്ങിയവരാണ് നേതൃത്വം. കൊയ്ത്തിനൊപ്പം മെതിയും പാടശേഖരത്തിൽ നടത്തുകയാണ്. മേഖലയിൽ തൊഴുവാനൂർ, വെണ്ടല്ലൂർ, കോട്ടപ്പുറം, ഇരിമ്പിളിയം, പുറമണ്ണൂർ വയലേലകളിലും വരുംദിവസങ്ങളിൽ കൊയ്ത്ത് ആരംഭിക്കും. കൊയ്ത്തുയന്ത്രം അടുത്ത ദിവസം എത്തും.