വിമാനത്താവളത്തിൽ കസ്റ്റംസ് 55 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
Mail This Article
കരിപ്പൂർ ∙ കളിപ്പാട്ട റിമോട്ടിൽ ഒളിപ്പിച്ചും പൊടിച്ച് ട്രോളി ബാഗിലെ ഷീറ്റുകളിൽ തേച്ചുപിടിപ്പിച്ചും കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വർണം 2 കേസുകളിലായി കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.
ദുബായിൽനിന്നെത്തിയ വേങ്ങര സ്വദേശി മുഹമ്മദ് ലുഖുമാൻ (33) ആണ് ട്രോളി ബാഗിൽ ഒളിപ്പിച്ച സ്വർണവുമായി പിടിയിലായത്. ചെക്ക് ഇൻ ബാഗേജുകൾ സംശയംതോന്നി വീണ്ടും പരിശോധിക്കുകയായിരുന്നു. 2 ട്രോളി ബാഗുകളുടെ അടിത്തട്ടിൽ ഒളിപ്പിച്ച സ്വർണപ്പൊടി തേച്ചുപിടിപ്പിച്ച ഷീറ്റുകൾ കണ്ടെടുത്തു.
ഇതിൽനിന്ന് 50 ലക്ഷം രൂപയുടെ 24 കാരറ്റിന്റെ 796 ഗ്രാം സ്വർണം ലഭിച്ചതായി കസ്റ്റംസ് അറിയിച്ചു. ജിദ്ദയിൽനിന്നെത്തിയ മണ്ണാർക്കാട് സ്വദേശി ഷബീബ് അലി (25) ആണ് കളിപ്പാട്ട റിമോട്ടുമായി പിടിയിലായത്. സംശയത്തെത്തുടർന്നു വീണ്ടും നടത്തിയ പരിശോധനയിലാണു സ്വർണം കണ്ടെടുത്തത്. റിമോട്ടിനുള്ളിൽ ബാറ്ററിയുടെ ഭാഗത്തായിരുന്നു സിലിണ്ടർ രൂപത്തിലുള്ള സ്വർണം. 5 ലക്ഷം രൂപയുടെ 79 ഗ്രാം സ്വർണം കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു.