കായികപ്രതിഭ(മിനി സൈസ് ) !
Mail This Article
തേഞ്ഞിപ്പലം ∙ ജില്ലാ കിഡ്സ് അത്‌ലറ്റിക്സ് ഭാവി കായികതാരങ്ങളെ വാർത്തെടുക്കാനുള്ള ആദ്യ ചുവടായി. വ്യക്തിഗത മത്സരമില്ലായിരുന്നു. 8 അംഗ ഗ്രൂപ്പുകൾക്കായിരുന്നു പങ്കെടുക്കാൻ അർഹത. മികവിന്റെ അടിസ്ഥാനത്തിൽ ടീമുകളെ തരംതിരിച്ച് ട്രോഫികൾ നൽകി. 1223 കുട്ടികളാണ് അത്‌ലറ്റിക്സിൽ പങ്കെടുത്തത്.
ലോക അത്‌ലറ്റിക്സ് മാർഗരേഖ അനുസരിച്ചാണ് കിഡ്സ് അത്‌ലറ്റിക്സ് നടത്തിയത്. 5–ാം തവണയാണ് ജില്ലയിൽ കിഡ്സ് അത്‍ലറ്റിക്സ് നടത്തുന്നത്. വിനോദം വഴി കുട്ടികളിലെ കായികക്ഷമത വളർത്താനാണ് കിഡ്സ് അത്‌ലറ്റിക്സ് നടത്തുന്നതെന്ന് സംഘാടക സമിതി ഭാരവാഹി ഷാഫി അമ്മായത്ത് പറഞ്ഞു.
സ്പോഞ്ചിന്റെ ഹർഡിൽസ്;പ്ലാസ്റ്റിക്കിന്റെ ജാവലിൻ
കിഡ്സ് അത്‌ലറ്റിക്സിൽ വിനിയോഗിച്ചത് സുരക്ഷിത ഉപകരണങ്ങൾ മാത്രം. ഹർഡിൽ സ്പോഞ്ച് നിറച്ചത്. ഇരുമ്പ് ഇല്ലാത്ത ഹർഡിൽ വേറിട്ട കാഴ്ച. ജാവലിൻ നിർമിച്ചത് പ്ലാസ്റ്റിക് വിനിയോഗിച്ച്. കുത്തി വീഴുന്ന ഭാഗം റബർ. ലോഹം ഉപയോഗിച്ചുള്ള ജാവലിൻ കുട്ടികളുടെ കളികളിൽ ഉപയോഗിക്കാനേ പാടില്ലെന്നത് സംഘാടകർ പാലിച്ചു. പ്ലാസ്റ്റിക് പന്തുകളും മറ്റും വിനിയോഗിക്കാനും ശ്രദ്ധിച്ചു.
സ്റ്റേഡിയത്തിലെ ചൂടിൽനിന്ന് കുട്ടിത്താരങ്ങളുടെ കാലുകൾക്ക് തണുപ്പേകാൻ സിന്തറ്റിക് ട്രാക്കിൽ പലതവണ വെള്ളം പമ്പ് ചെയ്തു. സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലും ചെറുപന്തലുകൾ ഒരുക്കാനും അധികൃതർ ശ്രദ്ധിച്ചു. 4 ലക്ഷത്തിലേറെ രൂപ മുടക്കിയാണ് മീറ്റ് നടത്തിയത്.