കോൺക്രീറ്റ്, പെയിന്റ് സമംചേരലിൽ ശ്രീബുദ്ധന്റെ ശിൽപത്തിന് പരിപൂർണത; ജീവൻ തുളുമ്പും ശിൽപങ്ങൾ
Mail This Article
മലപ്പുറം ∙ കോൺക്രീറ്റ്, പെയിന്റ് സമംചേരലിൽ ശ്രീബുദ്ധന്റെ ശിൽപത്തിന് പരിപൂർണത. പാണ്ഡമംഗലം അമരിയിൽ വിജയനാണ് രണ്ടര അടിയിൽ അധികം ഉയരമുള്ള രൂപമുണ്ടാക്കിയത്. സിമന്റ്, കമ്പി, മെറ്റൽ, മണൽ എന്നിവയെല്ലാം ശരിയായ അനുപാതത്തിൽ ചേർത്താണ് 40 കിലോ തൂക്കം വരുന്ന ശിൽപത്തിന്റെ രൂപകൽപന. പണി പൂർത്തിയാകാൻ ഒരു മാസത്തോളമെടുത്തു. സ്വർണനിറം നൽകിയത് ശിൽപത്തിന്റെ ഭംഗി വർധിപ്പിച്ചു.
ആനക്കൊമ്പിന്റെയും മാനുകളുടെയും മറ്റും രൂപങ്ങൾ നേരത്തേ വിജയൻ കോൺക്രീറ്റിൽ തീർത്തിട്ടുണ്ട്. ഇരട്ടക്കുതിരകൾ പായുന്നതിന്റെ മാതൃക പുട്ടിയിലും മറ്റും വീടുകളുടെ ചുമരുകളിൽ ആവിഷ്ക്കരിച്ചിട്ടുമുണ്ട്. വിജയൻ വരച്ച ചിത്രങ്ങളും ആസ്വാദകശ്രദ്ധ നേടിയവയാണ്. തീർക്കുന്ന ശിൽപങ്ങളും ചിത്രങ്ങളുമെല്ലാം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കുകയാണ് പതിവ്. ചെറുപ്പം മുതലേ ചിത്ര, ശിൽപ കലകളെ ഇഷ്ടപ്പെടുന്ന വിജയൻ (53) കോട്ടയ്ക്കൽ ആര്യവൈദ്യശാല ജീവനക്കാരൻ കൂടിയാണ്.