പുഴയോരവും തോടുകളും കയ്യേറി പറമ്പാക്കുന്നു; കയ്യേറ്റം നടത്താൻ കരാറേറ്റെടുക്കുന്ന സംഘങ്ങൾ
Mail This Article
തിരൂർ ∙ പുഴയോരവും പൊതുതോടുകളുമെല്ലാം കയ്യേറി പറമ്പാക്കി മാറ്റുന്ന രീതി കൂടിവരുന്നു. തിരൂർ പുഴയോരം, ഭാരതപ്പുഴയോരം, കനോലി കനാൽ, ഇവയിലേക്കെല്ലാമെത്തുന്ന തോടുകൾ എന്നിവയെല്ലാം ഇത്തരത്തിൽ പലയിടത്തും കയ്യേറിയിട്ടുണ്ട്. കയ്യേറ്റം നടത്താൻ കരാറേറ്റെടുക്കുന്ന സംഘങ്ങളുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളെ ഉപയോഗിച്ച് മതിൽ കെട്ടിയാണ് കയ്യേറ്റം നടത്തുന്നത്. മതിലിനുള്ളിൽ പുഴയിലെയും തോട്ടിലെയും മണ്ണ് തന്നെയെടുത്ത് നിറയ്ക്കുകയും ചെയ്യുന്നു. തുടർന്ന് ഇങ്ങനെ കയ്യേറിയ സ്ഥലങ്ങളിൽ വലിയ തെങ്ങുകളും മരങ്ങളും വേരോടെ പിഴുത് കൊണ്ടുവന്ന് നടുകയാണ് ചെയ്യുന്നത്. ഇതോടെ സ്വാഭാവിക പറമ്പാടി ഇതുമാറുകയും ചെയ്യും. പിന്നീട് ഈ സ്ഥലം പറമ്പാണെന്നു കാട്ടി മറിച്ചു വിൽക്കുകയാണ് ചെയ്യുന്നത്. തിരൂർ പുഴയോരത്ത് പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള കയ്യേറ്റം വ്യാപകമായി നടക്കുന്നുണ്ട്. ഇതൊന്നും അധികൃതരുടെ ശ്രദ്ധയിൽപെടുന്നില്ല, അല്ലെങ്കിൽ ശ്രദ്ധിക്കുന്നില്ല. ഭാരതപ്പുഴയിലും ഇത്തരത്തിലുള്ള കയ്യേറ്റം നടക്കുന്നതായി പരാതികളുണ്ട്. പാടങ്ങൾ വിൽക്കുന്ന നടത്തുന്ന സംഘങ്ങൾ തന്നെയാണ് ഇതിനു പിന്നിലുമെന്നാണ് വിവരം.