ADVERTISEMENT

കുറ്റിപ്പുറം ∙ പാചകക്കാരനും ശുചീകരണ ജീവനക്കാരനും ഇല്ലാത്തതിനാൽ ഭാഗികമായി അടച്ചുപൂട്ടിയ കുറ്റിപ്പുറം ഗവ.ഹോമിയോ ആശുപത്രിയിൽ ഉടൻ കിടത്തിച്ചികിത്സ പുനരാരംഭിക്കും. രോഗികൾക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്യുന്നതടക്കമുള്ള ജോലികൾക്കായി മൾട്ടി പർപ്പസ് വർക്കറെ ആശുപത്രിയിൽ നിയമിച്ചു. നാഷനൽ ആയുഷ് മിഷൻ വഴിയാണ് വർക്കറെ നിയമിച്ചത്. 

ഈ ജീവനക്കാരനെ ഉപയോഗിച്ച് ആശുപത്രിയിലെ ഐപി വാർഡിലേക്കുള്ള ഭക്ഷണം ഒരുക്കാനാണ് ശ്രമം. പാചകക്കാരൻ ഇല്ലാത്തതിനാൽ കുറ്റിപ്പുറം കാങ്കക്കടവിലെ ഗവ. ഹോമിയോ ആശുപത്രിയിലെ ഐപി വാർഡ് അടച്ചുപൂട്ടിയ വാർത്ത ഈമാസം 4ന് ‘മനോരമ’ പ്രസിദ്ധീകരിച്ചിരുന്നു. 10 കിടക്കകളുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന രോഗികൾക്ക് ഭക്ഷണം നൽകണം എന്നാണ് ചട്ടം. ഇതിനായി കുറ്റിപ്പുറം പഞ്ചായത്ത് നിയോഗിച്ച താൽക്കാലിക പാചകക്കാരി ശമ്പളം ലഭിക്കാതായതോടെ ജോലി ഉപേക്ഷിച്ചു. ഇതോടെയാണ് കിടത്തിച്ചികിത്സ നിർത്തിവച്ചത്. 

ആശുപത്രിക്ക് അനുയോജ്യമായ ജോലികൾക്ക് നിയോഗിക്കാൻ കഴിഞ്ഞ ദിവസമാണ് ആയുഷ് മിഷൻ മൾട്ടി പർപ്പസ് ജീവനക്കാരനെ നിയമിച്ചത്. ഇതിനുപുറമെ ശുചീകരണത്തിനായി ഉടൻ താൽക്കാലിക ജീവനക്കാരനെകൂടി നിയമിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ. നേരത്തെയുണ്ടായിരുന്ന താൽക്കാലിക പാചകക്കാരിക്ക് കുടിശ്ശികയുള്ള വേതനം നൽകാനുള്ള നടപടികളും പൂർത്തിയാകാറായി. 

എച്ച്എംസി യോഗം ഈയാഴ്ച
ഹോമിയോ ആശുപത്രിയിൽ ശുചീകരണ ജീവനക്കാരനെ നിയോഗിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഈയാഴ്ച എച്ച്എംസി യോഗം ചേരും. നിലവിൽ ഒപി ടിക്കറ്റിന് ഒരുമാസത്തേക്ക് 5 രൂപയാണ്. ഇത് ഒരുമാസത്തേക്ക് 10രൂപയാക്കാനുള്ള ആലോചനയുണ്ട്. കിടത്തിച്ചികിത്സ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാനാണ് യോഗം ചേരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com