മഞ്ചേരിയിൽ ജില്ലാ കോടതി സമുച്ചയം ഉദ്ഘാടനം 18ന്
Mail This Article
മഞ്ചേരി ∙ ജില്ലാ കോടതിയുടെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങി. ഫെബ്രുവരി 18നു ഹൈക്കോടതി ജഡ്ജി ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന കോടതികൾ ഒരു സമുച്ചയത്തിൽ കേന്ദ്രീകരിക്കുന്നത് കക്ഷികൾക്കും അഭിഭാഷകർക്കും സൗകര്യമാകും.
കച്ചേരിപ്പടിയിൽ 14 കോടി രൂപ ചെലവിൽ 7 നിലകളിലാണ് പുതിയ കെട്ടിട സമുച്ചയം. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എസ്‌സി എസ്ടി സ്പെഷൽ കോടതി, അഡീഷനൽ ജില്ലാ സെഷൻസ് കോടതികൾ ഉൾപ്പെടെ 10 കോടതികൾ പുതിയ കെട്ടിടത്തിലാണു പ്രവർത്തിക്കുക. ലീഗൽ സർവീസ് അതോറിറ്റി ഓഫിസ്, റിക്കാർഡ് മുറികൾ, ലൈബ്രറി, ബാർ അസോസിയേഷൻ ഹാൾ, കോൺഫറൻസ് ഹാൾ, വനിതാ അഭിഭാഷക ഹാൾ, അഭിഭാഷക ഗുമസ്തൻമാരുടെ മുറി തുടങ്ങിയവ സമുച്ചയത്തിലുണ്ടാകും. അവസാന മിനുക്കുപണിയും കോടതി സാധനങ്ങൾ മാറ്റുന്നതുമാണ് ബാക്കിയുള്ളത്.
2016 ഡിസംബർ 22ന് ഹൈക്കോടതി ജഡ്ജി പി.ചിദംബരേഷ് ആണ് ശിലാസ്ഥാപനം നിർവഹിച്ചത്. പഴയ മുന്നാം അതിവേഗ കോടതി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി, തൊണ്ടിമുതൽ സൂക്ഷിപ്പുകേന്ദ്രം, പാർക്കിങ് കേന്ദ്രം എന്നിവയുടെ സ്ഥാനത്താണ് പുതിയ കെട്ടിടം. ബ്രിട്ടിഷ് കാലത്തോളം പഴക്കമുണ്ട് മഞ്ചേരിയുടെ ജുഡീഷ്യൽ ആസ്ഥാന പദവിക്ക്. പുതിയ കോടതി സമുച്ചയം ഉയരുമ്പോൾ അത് ജുഡീഷ്യൽ ആസ്ഥാനത്തിനു തലയെടുപ്പാകും.