ADVERTISEMENT

മഞ്ചേരി ∙ അപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുട്ടികൾക്ക് വീടു നിർമിക്കാൻ ബസുകൾ ‍ കാരുണ്യയാത്ര നടത്തി. ബസ് തൊഴിലാളികളും ഉടമകളും ദിവസത്തെ വേതനം മാറ്റിവച്ചും യാത്രക്കാരായ സുമനസ്സുകൾ സഹായം നൽകിയും കാരുണ്യം ചൊരിഞ്ഞു. 337 ബസുകൾ കാരുണ്യയാത്രയിൽ പങ്കെടുത്തു.ബസ് കണ്ടക്ടർ മുട്ടിപ്പാലം തറമണ്ണിൽ ജംഷീറിന്റെ കുട്ടികളെ സഹായിക്കാനായിരുന്നു യാത്ര. ജംഷീറിന്റെ ഫോട്ടോ പതിച്ച ബാനർ ബസിന്റെ മുൻഭാഗത്ത് കെട്ടിയായിരുന്നു സർവീസ്. 

ജില്ലയ്ക്കു പുറമേ, അയൽ ജില്ലയിൽനിന്നു ജില്ലയിലൂടെ സർവീസ് നടത്തുന്ന ബസുകൾ കാരുണ്യയാത്രയിൽ പങ്കാളിയായി. വിവിധ ബസ് സ്റ്റാൻഡിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സഹായം സ്വരൂപിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നൽകിയും നാട്ടുകാരും സുഹൃത്തുക്കളും സഹായം സ്വരൂപിച്ചു. ജന്മനാടായ മുട്ടിപ്പാലം, ആനക്കയം എന്നിവിടങ്ങളിൽ ജനകീയ കമ്മിറ്റിയുടെ കീഴിൽ നാട്ടുകാർ മുന്നിട്ടിറങ്ങി.അരീക്കോട്–തിരൂർ റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർ ആയിരുന്നു ജംഷീർ. നെല്ലിപ്പറമ്പിൽ റോഡിലെ ഗതാഗത തടസ്സം നീക്കുന്നതിനിടെ ലോറി ഇടിച്ച് ഡിസംബർ എട്ടിനായിരുന്നു മരണം. 

കാരുണ്യയാത്ര ആർടിഒ സി.വി.എം.ഷരീഫ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ ടി.നാസർ ആധ്യക്ഷ്യം വഹിച്ചു. കൺവീനർ വാക്കിയത്ത് കോയ, നഗരസഭാ ഉപാധ്യക്ഷൻ വി.പി.ഫിറോസ്, ബസ് ഉടമ സംഘം ഭാരവാഹികളായ പി.കെ.മൂസ, ഹംസ ഏരിക്കുന്നൻ, വിവിധ സംഘടനാ പ്രതിനിധികളായ വല്ലാഞ്ചിറ മജീദ്, കെ.ഫിറോസ് ബാബു, പാസ് മാനു, എം.സി.കുഞ്ഞിപ്പ, സുബൈർ ആനക്കയം, പിടിഎ നാണി, പക്കീസ കുഞ്ഞിപ്പ എന്നിവർ പ്രസംഗിച്ചു. സമാഹരിച്ച തുകയുടെ കൃത്യമായ കണക്ക് 2 ദിവസത്തിനകം ലഭിക്കുമെന്നും വീടിനു പുറമേ, കുട്ടികളെ സഹായിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com