ADVERTISEMENT

പെരിന്തൽമണ്ണ ∙ പ്രദർശനമേളയുടെ സമാപന ദിനത്തിലെ സംഗീത പരിപാടിക്കിടെ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് 2 കേസുകളിലായി പൊലീസ് 8 പേരെ അറസ്‌റ്റ് ചെയ്തു. ഇവരുൾപ്പെടെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഞായർ രാത്രിയാണ് സംഭവം. ബൈപാസ് റോഡിനടുത്തുള്ള പ്രദർശന മൈതാനത്താണ് അക്രമ സംഭവങ്ങൾ നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. 3 ദിവസങ്ങളിലായി നടന്ന മേളയുടെ സമാപനത്തോടനുബന്ധിച്ചാണ് ടിക്കറ്റ് വച്ച് സംഗീത പരിപാടി നടത്തിയത്. 

സംഗീത പരിപാടിക്കായി ആളുകൾ വലിയ തോതിൽ എത്തിയതോടെ താൽക്കാലിക ഹാളിൽ ഉൾക്കൊള്ളാനാവാത്തതിനാൽ ടിക്കറ്റ് വിൽപന നിർത്തി. ഇതോടെ ബഹളമായി. ഇതിനിടെ ചിലർ ഷീറ്റ് പൊളിച്ച് അകത്തു കടന്നു. മുൻപ് ടിക്കറ്റെടുത്ത ഒട്ടേറെപ്പേർ അകത്തു കയറാനാകാതെ പുറത്തായി. ഇതോടെയാണ് ബഹളവും സംഘർഷാവസ്ഥയും ഉണ്ടായത്. 

വേദിയിൽ സംഗീതപരിപാടി നിർത്തിയതോടെ ടിക്കറ്റിന്റെ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആളുകൾ ബഹളം വച്ചു. ഇതോടെ ജനം അക്രമാസക്തരാവുകയും ശബ്‌ദസംവിധാനങ്ങൾക്കും താൽക്കാലിക ഹാളിനും നാശനഷ്‌ടങ്ങൾ ഉണ്ടാക്കുകയും ചെയ്‌തു. ഇതിനിടെ പൊലീസ് എത്തി അക്രമം നടത്തിയവരെ വിരട്ടിയോടിച്ചു. സംഭവ സ്ഥലത്തുനിന്ന് 8 പേരെ കസ്‌റ്റഡിയിലെടുത്തു. ഇതോടെയാണ് സംഘർഷാവസ്ഥയ്‌ക്ക് അയവുവന്നത്. 

പരിപാടിക്കായി ഉപയോഗിച്ച സംഗീത സംവിധാനങ്ങൾ പൊലീസ് പിടിച്ചെടുത്തു. അടിപിടി, ലഹള, ഗതാഗതം തടസ്സപ്പെടുത്തൽ, നാശനഷ്‌ടമുണ്ടാക്കൽ എന്നീ വകുപ്പുകളിലായാണ് 20 പേർക്കെതിരെ കേസ്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ഒരു സ്‌റ്റാൾ നടത്തിപ്പുകാരനെ അറസ്‌റ്റ് ചെയ്‌തത്. 

സംഗീത പരിപാടിക്ക് അനുമതി തേടിയിരുന്നില്ലെന്ന് പൊലീസും നഗരസഭാധികൃതരും അറിയിച്ചു.  ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. വ്യാപാര മേളയാണെന്ന പേരിലാണ് നഗരസഭ അനുമതി നൽകിയതെന്നും സംഗീത പരിപാടിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും നഗരസഭാധ്യക്ഷൻ പി.ഷാജി പറഞ്ഞു. സ്വകാര്യ സംരംഭക കൂട്ടായ്മയാണ് 3 ദിവസത്തെ പ്രദർശന പരിപാടി സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com