സുഹൃത്തിനെ പുഴയിൽ തള്ളിയിട്ടു കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്
Mail This Article
മഞ്ചേരി∙സുഹൃത്തിനെ തലയ്ക്കടിച്ചും പുഴയിലേക്ക് തള്ളിയിട്ടും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ തൈവിളാകത്ത് മജീഷിന് (ഷിജു 38) ആണ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (2) ജഡ്ജി എ.വി.ടെല്ലസ് ശിക്ഷ വിധിച്ചത്.
മൈസൂരു സ്വദേശി മുബാറക് (46) ആണ് കൊല്ലപ്പെട്ടത്. 2022 മാർച്ച് 10ന് ആണ് കേസിനാസ്പദമായ സംഭവം. 20 വർഷം മുൻപ് നിലമ്പൂരിലെത്തിയ മുബാറക് വടപുറം സ്വദേശിനിയെ വിവാഹം കഴിച്ച് ഇവിടെ താമസിച്ചുവരികയായിരുന്നു. പ്രതിയും സുഹൃത്തായ സ്ത്രീയും മുബാറക്കും ചാലിയാറിന്റെ തീരത്ത് മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ തർക്കമാണ് കൊലയ്ക്കിടയാക്കിയത്. വഴക്കിനിടെ പ്രതി മുബാറക്കിന്റെ തലയ്ക്കടിക്കുകയും അടിയേറ്റു വീണപ്പോൾ പുഴയിലേക്ക് തള്ളിയിടുകയും ചെയ്തെന്നാണു കേസ്.
നിലമ്പൂർ ഇൻസ്പെക്ടർ പി.വിഷ്ണു ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പി.പി.ബാലകൃഷ്ണൻ, കെ.പി.ഷാജു എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. 30 പേരെ കോടതി വിസ്തരിച്ചു. കേസിലെ ഏക ദൃക്സാക്ഷിയായ സ്ത്രീ വിചാരണയ്ക്കു മുൻപേ മരിച്ചു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.