ഒന്നുകിൽ നന്നാക്കണം, അല്ലെങ്കിൽ പൊളിക്കണം: പതിറ്റാണ്ടുകൾ പിന്നിട്ട പേവാർഡ് തകർച്ചയിൽ
Mail This Article
തിരൂരങ്ങാടി ∙ ഒന്നുകിൽ നന്നാക്കുക, അല്ലെങ്കിൽ പൊളിച്ചു ഒഴിവാക്കി നൽകുക,, ഈ ആവശ്യമുന്നയിച്ച് പത്തിലേറെ തവണ കത്തു നൽകിയിട്ടും ഒരു മറുപടിയും നൽകാതെ കെഎച്ച്ആർഡബ്യുഎസ്. താലൂക്ക് ആശുപത്രിയിൽ ജീർണാവസ്ഥയിലുളള 2 പേവാർഡ് കെട്ടിടങ്ങൾ സംബന്ധിച്ച കത്തുകൾക്കാണ് അധികൃതരിൽ നിന്നു ഒരു മറുപടിയും ലഭിക്കാത്തത്. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്ല്യുഎസ്) യുടെ കീഴിലുള്ളതാണ് താലൂക്ക് ആശുപത്രിയിലെ 2 പേവാർഡ് കെട്ടിടങ്ങൾ. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച 2 കെട്ടിടങ്ങളും ജീർണാവസ്ഥയിലാണ്. 6 മുറികളുള്ള ഡീലക്സും കെട്ടിടവും 14 മുറികളുള്ള ഇരുനില കെട്ടിടവുമാണുള്ളത്. ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ളവർക്ക് നിശ്ചിത ഫീസ് ഈടാക്കി മുറി നൽകുന്നതിനായി നിർമിച്ചതാണ്.
കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്ന് മുൻപ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ 2016 ൽ 14 മുറികളുള്ള കെട്ടിടത്തിന്റെ 10 മുറികൾ നന്നാക്കിയിരുന്നു. എന്നാൽ ഇതുൾപ്പെടെ ഒരു മുറിയും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. രോഗികൾക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും അപകട ഭീഷണിയായ കെട്ടിടം പൊളിച്ചു മാറ്റുകയോ അല്ലെങ്കിൽ പുതുക്കി പണിയുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പത്തിലേറെ തവണ ആശുപത്രിയിൽ നിന്നും അധികൃതർക്ക് കത്തു നൽകിയിട്ടുണ്ട്.
എന്നാൽ ഒന്നിനു പോലും മറുപടി അയക്കുകയോ തുടർ നടപടി എന്താണെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല. ആശുപത്രിയിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ പോകുകയാണ്. കൂടാതെ മലിനജല പ്ലാന്റും നിർമാണത്തിലാണ്. സ്ഥലംമുടക്കിയായി കിടക്കുന്ന പേവാർഡ് കെട്ടിടങ്ങൾ ഒഴിവാക്കി കിട്ടിയാൽ ആശുപത്രിക്ക് വലിയ ഉപകാരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആർക്കും പ്രയോജനമില്ലാതെ ഉപയോഗ ശൂന്യമായി കിടക്കുന്നതിനേക്കാൾ ഒഴിവാക്കി നൽകുകയാണ് അഭികാമ്യമെന്ന് ഇവർ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് വീണ്ടും കത്തെഴുതിയിരിക്കുയാണ്.