കണ്ടനകത്ത് കെഎസ്ആർടിസിയുടെ സ്ഥലത്ത് പെട്രോൾ പമ്പ് വരുന്നു
Mail This Article
എടപ്പാൾ ∙ കണ്ടനകം കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്രോൾ പമ്പ് ആരംഭിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. സംസ്ഥാനപാതയിൽ എടപ്പാളിനും കുറ്റിപ്പുറത്തിനു ഇടയിൽ റോഡരികിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർസിയുടെ സ്ഥലത്താണ് സ്വകാര്യ ഉടമസ്ഥതയിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ നീക്കം ആരംഭിച്ചത്. ഇതിന് മുന്നോടിയായി ഇവിടത്തെ മരങ്ങൾ മുറിച്ചു മാറ്റുന്ന ജോലി ആരംഭിച്ചു.
കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിനോട് ചേർന്ന ബോഡി ബിൽഡിങ് യൂണിറ്റിന് മുൻവശത്തെ 30 സെന്റ് സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. നിലവിൽ 25 ഏക്കർ സ്ഥലമാണ് കെഎസ്ആർസിയുടെ ഉടമസ്ഥതയിൽ ഉള്ളത്. ഇതിൽ 5 ഏക്കർ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനായി നേരത്തേ വിട്ടു നൽകിയിരുന്നു. ശേഷിക്കുന്ന സ്ഥലത്തുനിന്ന് മേഖലയിലെ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ടാങ്ക് സ്ഥാപിക്കാനും സ്ഥലം നൽകിയിട്ടുണ്ട്.
പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് തൊട്ടടുത്തുള്ള 5 സെന്റ് സ്ഥലം പതിറ്റാണ്ടുകൾക്ക് മുൻപ് കാലടി പോസ്റ്റ് ഓഫിസിന് കെട്ടിടം നിർമിക്കാനും വിട്ടു നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ കെട്ടിട നിർമാണം ആരംഭിച്ചിട്ടില്ല. 30 വർഷത്തെ വാടകയ്ക്കാണ് പെട്രോൾ പമ്പിന് സ്ഥലം വിട്ടു നൽകിയതെന്നാണ് സൂചന. കെഎസ്ആർടിസിയുമായുള്ള ധാരണാപത്രം ഒപ്പുവച്ചാൽ ജോലികൾ ആരംഭിക്കാനാണ് നീക്കം. എതിർവശത്ത് സ്കൂൾ പ്രവർത്തിക്കുന്നതിനാൽ പെട്രോൾ പമ്പ് ഇവിടെ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്.