ADVERTISEMENT

തേ‍ഞ്ഞിപ്പലം ∙ ചേലേമ്പ്ര പൈങ്ങോട്ടൂർമാട്ടിൽ ആറുവരിപ്പാത നി‍ർമാണം പൊലീസ് കാവലിൽ പുനഃരാരംഭിച്ചു. അടിപ്പാത നി‍ർമിക്കാതെ ഉയരപ്പാത അനുവദിക്കില്ലെന്ന ജനകീയ നിലപാടിനെ തുടർന്ന് ഒന്നര മാസമായി നിർമാണം മുടങ്ങിയതായിരുന്നു. പൊലീസുകാർക്ക് ഒപ്പമാണ് ഇന്നലെ കരാർ കമ്പനി തൊഴിലാളികൾ എത്തിയത്. ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി ചർച്ച ഉണ്ടെന്നും അതനുസരിച്ച് സാവകാശം വേണമെന്നും പൈങ്ങോട്ടൂർ ജനസൗഹൃദ ദേശീയപാതാ കർമസമിതി ഭാരവാഹികൾ അഭ്യർഥിച്ചെങ്കിലും പൊലീസ് വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. കലക്ടറുടെ ഉത്തരവ് അനുസരിച്ചാണ് കാവലെന്ന വാദമാണ് പൊലീസ് ഉന്നയിച്ചത്. 

മന്ത്രിതല ചർച്ചയിൽ ജനങ്ങളുടെ ആവശ്യം അംഗീകരിക്കുന്നപക്ഷം ആകാശപ്പാത പൊളിക്കാമെന്നും അതുവരെ പണികൾ നിർത്തി വയ്ക്കാൻ കഴിയിയില്ലെന്നുമുള്ള നിലപാടാണ് കരാർ കമ്പനി പ്രതിനിധികൾ ചർച്ചയിലുടനീളം സ്വീകരിച്ചത്. പാതയ്ക്ക് കുറുകെ ഇരുവശങ്ങളിലെയും സർവീസ് റോഡുകളുമായി ബന്ധപ്പെടാൻ വിനിയോഗിച്ചിരുന്ന ഭാഗം മതിലുയർത്തി അടച്ചു. 

പാതയിൽ മണ്ണ് നിറയ്ക്കലും പുനഃരാരംഭിച്ചു. പൈങ്ങോട്ടൂർമാട്ടിൽ ഇരുവശങ്ങളിലുമുള്ളവർ പരസ്പരം കാണാൻ 2 കിലോമീറ്ററിലേറെ ഇനിയെന്നും അധികം ചുറ്റണം. കോടതിയി‍ൽ കേസുള്ളതും പൊലീസിനെ അറിയിച്ചെങ്കിലും കലക്ടറുടെ ഉത്തരവ് പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരെന്ന നിലപാടാണ് പൊലീസ് ആവർത്തിച്ചത്. 

പൊലീസും കർമ സമിതി ഭാരവാഹികളും തമ്മിലുള്ള ആശയ വിനിമയം പലപ്പോഴും ശബ്ദ മുഖരിതമായി. അടിപ്പാത വേണമന്ന പൈങ്ങോട്ടൂർമാട് നിവാസികളുടെ ആവശ്യം അടഞ്ഞ അധ്യായമെന്ന് തോന്നാമെങ്കിലും അവസാന നിമിഷം വരെ നീതിക്ക് വേണ്ടി ഉറച്ച് നിൽക്കണമെന്ന നിലപാടിലാണ് പൊതു സമൂഹം.

മേൽപാലവും അടിപ്പാതയും അടച്ചു;‌ഗതാഗതക്കുരുക്ക് രൂക്ഷമായി
മേലെ ചേളാരി മേൽപാലവും പാണമ്പ്രയിലെ അടിപ്പാതയും അനുബന്ധ ജോലികൾക്കായി താൽക്കാലികമായി അടച്ചതിനെ തുടർന്ന് ദേശീയപാതയിൽ പടിഞ്ഞാറ് വശത്തെ സർവീസ് റോഡിൽ ഇന്നലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. രാവിലെ കോഹിനൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ താഴെ ചേളാരിയിലെ അടിപ്പാത ചുറ്റി മേലെ ചേളാരി, പാണമ്പ്ര എന്നിവിടങ്ങളിൽ എത്തേണ്ടി വന്നത് പലരെയും വലച്ചു. എ‍ൻഎച്ചിന് പടി‍‍ഞ്ഞാറ് വശത്തെ സർവീസ് റോഡ് വഴി എത്തിയ വാഹനങ്ങൾക്ക് പാണമ്പ്ര മേലേ വളവ് ചുറ്റി എത്തേണ്ടിയും വന്നു. 

എ‍ൻഎച്ചിൽ പടി‍ഞ്ഞാറ്  വശത്തെ സർവീസ് റോഡിൽ‌ താഴെ ചേളാരിക്കും മേലേ ചേളാരിക്കും ഇടയിൽ പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. രാത്രി തിരക്ക് ഒഴിഞ്ഞ ശേഷം നടത്താവുന്ന ജോലികൾ പകൽ വെളിച്ചത്തിൽ നടത്താൻ പാലം അടച്ചതാണ് വിനയായത്. 2 ചേളാരികളിലും പടിഞ്ഞാറ് വശത്തെ സർവീസ് റോഡിൽ ഗതാഗതതടസ്സം പതിവാണ്.

ഇന്നലെ അത് പാരമ്യത്തിലെത്തി. ഓട നിർമിക്കാനുള്ള സ്ഥലത്തെ പൊടി മണ്ണ് വാഹനങ്ങളുടെ കുതിപ്പിനിടെ പാറിപ്പറന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടായി. ആറുവരിപ്പാത താൽക്കാലികമായി തുറന്ന ശേഷം പാലവും അടിപ്പാതയും അടച്ചിരുന്നെങ്കിൽ ഗതാഗതതടസ്സം ഒഴിവാക്കാമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com