കണ്ടനകത്ത് 3 ഏക്കർ സ്ഥലം വെറുതേ കിടക്കുന്നു; കെഎസ്ആർടിസി മോട്ടൽ ആരംഭിക്കും
Mail This Article
എടപ്പാൾ ∙ കണ്ടനകം കെഎസ്ആർടിസിയോട് ചേർന്ന് കിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തി വരുമാനം വർധിപ്പിക്കാനൊരുങ്ങി അധികൃതർ. സംസ്ഥാനപാതയോട് ചേർന്നു കിടക്കുന്ന 30 ഏക്കർ സ്ഥലമാണ് കെഎസ്ആർടിസിയുടെ ഉടമസ്ഥതയിൽ ഉള്ളത്. ഇതിൽ 5 ഏക്കർ സ്ഥലം ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച് സെന്ററിനായി വിട്ടുനൽകി.
കുറച്ചുസ്ഥലം മറ്റു ആവശ്യങ്ങൾക്കായും നീക്കി വച്ചിട്ടുണ്ട്. വർക്‌ഷോപ്പും സ്റ്റേഷൻ മാസ്റ്റർ ഓഫിസും ബോഡി ബിൽഡിങ് യൂണിറ്റും ടയർ റീ ട്രേഡിങ് സെന്ററും ക്വാർട്ടേഴ്സുകളും ഉൾപ്പെടെയുള്ള സ്ഥലം മാത്രമാണ് നിലവിൽ കെഎസ്ആർടിസി ഉപയോഗിച്ചു വരുന്നത്. ശേഷിക്കുന്ന സ്ഥലം കാടുമൂടി കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് റോഡിനോട് ചേർന്ന് കിടക്കുന്ന 3 ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തി വരുമാനമാർഗം ആക്കി മാറ്റാൻ നീക്കം തുടങ്ങിയത്.
ഇവിടെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിനോട് ചേർന്ന് മോട്ടൽ ആരംഭിക്കാനാണ് നീക്കം. ഇതിന് പുറമേ കുറിയർ ആൻഡ് ലോജിസ്റ്റിക്സും തുടങ്ങും.നിലവിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് കൂടുതൽ കാര്യക്ഷമമാക്കി ബസുകളുടെ സമയം ക്രമീകരിക്കുന്ന വിധത്തിൽ റിസർവേഷൻ കൗണ്ടറും ആരംഭിക്കും. കെഎസ്ആർടിസിയുടെ ഹബ് ആയി ഇതിനെ ഉയർത്തും. ടൂറിസം സെൽ ഇൻഫർമേഷൻ കൗണ്ടറും ആരംഭിക്കാൻ നീക്കമുണ്ട്. ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഇവിടം ഉപയോഗപ്പെടുത്തുന്നതോടെ കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
ഇതിന് പുറമേ വിവിധ പദ്ധതികളും പരിഗണനയിൽ ഉണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൂടി കാര്യക്ഷമമാക്കുന്നതോടെ ഇവിടെ വികസനമെത്തും എന്നതാണ് അധികൃതരുടെ വിലയിരുത്തൽ. ഇതിനായുള്ള രൂപരേഖ കെഎസ്ആർടിസി എംഡി ഉൾപ്പെടെയുള്ളവർക്ക് കൈമാറിയിട്ടുണ്ട്. അംഗീകാരം ലഭിക്കുന്നതോടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.