കോഴിക്കോട് വഴിയുള്ള ഹജ് യാത്ര; മന്ത്രി പറഞ്ഞ തുക കുറച്ചാലും അധികം നൽകേണ്ടത് 34 കോടി
Mail This Article
കൊണ്ടോട്ടി ∙ ഹജ് വിമാന യാത്രാനിരക്കിൽ 40,000 രൂപ കുറച്ചാലും കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ അധികമായി നൽകേണ്ടത് 35,000 രൂപ. നിലവിൽ കേരളത്തിൽനിന്ന് അവസരം ലഭിച്ച 16,762 ഹജ് തീർഥാടകരിൽ 9,742 പേരും യാത്രയ്ക്ക് ആവശ്യപ്പെട്ടത് കോഴിക്കോട് വിമാനത്താവളമാണ്. ടെൻഡർ പ്രകാരം മറ്റു വിമാനത്താവളങ്ങളെക്കാൾ 75,000 രൂപയാണ് കോഴിക്കോട് വഴി യാത്ര ചെയ്യുന്നവർ നിലവിലുള്ള സാഹചര്യത്തിൽ അധികം നൽകേണ്ടത്.
40,000 രൂപയുടെ ഇളവ് പരിഗണിക്കാമെന്ന് എംപിമാരുടെ സംഘത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇളവ് പ്രാബല്യത്തിൽ വന്നാൽതന്നെ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെക്കാൾ 35,000 രൂപ കരിപ്പൂർ വഴിയുള്ള ഓരോരുത്തരും അധികമായി നൽകണം. 9,742 പേർ അത്രയും തുക അടയ്ക്കുമ്പോൾ അധികമായി നൽകേണ്ടത് 34 കോടിയിലേറെ രൂപയാണ്.
നിരക്ക് മറ്റു വിമാനത്താവളങ്ങൾക്കു സമാനമാക്കിയില്ലെങ്കിൽ കോഴിക്കോട് വഴി യാത്ര ചെയ്യാനാകില്ലെന്നാണ് അവസരം ലഭിച്ച തീർഥാടകർ പറയുന്നത്. കൊച്ചിയോ കണ്ണൂരോ ആണ് രണ്ടാമത്തെ ഓപ്ഷൻ ആയി ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടാം ഓപ്ഷനായ വിമാനത്താവളത്തിൽനിന്ന് യാത്രയ്ക്ക് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് ഹജ് കമ്മിറ്റിക്ക് രേഖാമൂലം കത്തുനൽകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിൽനിന്ന് 10,074 സ്ത്രീ തീർഥാടകർ
ഈ വർഷത്തെ ഹജ് യാത്രയ്ക്ക് കേരളത്തിൽനിന്ന് അവസരം ലഭിച്ചവരിൽ 10,074 സ്ത്രീകളും 6,688 പുരുഷന്മാരും. കേരളത്തിൽ അവസരം ലഭിച്ച 16,762 തീർഥാടകരിൽ 9,742 പേരും കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് യാത്ര ആവശ്യപ്പെട്ടവരാണ്.
മറ്റു മലയാളികൾ യാത്ര ചെയ്യുന്ന വിമാനത്താവളവും തീർഥാടകരുടെ എണ്ണവും: കൊച്ചി (4098), കണ്ണൂർ (2882), ബെംഗളൂരു (29), ചെന്നൈ (6), മുംബൈ (5). കേരളത്തിൽ അവസരം ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: ആലപ്പുഴ (287), എറണാകുളം (1359), ഇടുക്കി (147), കണ്ണൂർ (1815), കാസർകോട് (1005), കൊല്ലം (425), കോട്ടയം (229), കോഴിക്കോട് (3038), മലപ്പുറം (5805), പാലക്കാട് (1012), പത്തനംതിട്ട (76), തിരുവനന്തപുരം (496), തൃശൂർ (806), വയനാട് (262).