വൃക്കരോഗികൾക്കു ദുരിതം: ജില്ലാ ആശുപത്രിയിലെ മരുന്നും ലാബ് പരിശോധനയും നിലച്ചു
Mail This Article
പെരിന്തൽമണ്ണ ∙ കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന മരുന്നും ലാബ് പരിശോധനകളുമെല്ലാം നിലച്ചതോടെ അതിജീവനത്തിന് വഴി തേടി വൃക്കരോഗികൾ. ജില്ലാ ആശുപത്രിയിൽ ദിനേന രണ്ട് ഷിഫ്‌റ്റുകളിലായി 9 ഡയാലിസിസ് മെഷീൻ ഉപയോഗപ്പെടുത്തി ഡയാലിസിസ് ചെയ്യുന്നുണ്ട്.
ലഭിച്ച അപേക്ഷകരിൽനിന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി കണ്ടെത്തിയ ഏറെ പാവപ്പെട്ട രോഗികളാണ് ഇവിടെ ഡയാലിസിസ് നടത്തുന്നവരിലേറെയും. മുൻപ് ഈ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ കാരുണ്യ പദ്ധതി വഴിയും മറ്റുമായി സമീപത്തെ സ്വകാര്യ മെഡിക്കൽ സ്‌റ്റോറുകൾ വഴി ആശുപത്രി അധികൃതർ ലഭ്യമാക്കിയിരുന്നു.
ഡയാലിസിസ് രോഗികൾക്ക് മാസത്തിലൊരിക്കൽ ലാബ് പരിശോധനകളും ആവശ്യമാണ്. ജില്ലാ ആശുപത്രിയിലില്ലാത്ത ലാബ് ടെസ്‌റ്റുകൾക്കുള്ള സംവിധാനങ്ങളും ഇവിടത്തെ സ്വകാര്യ ലാബുകൾ വഴിയാണ് ചെയ്‌തിരുന്നത്. ആദ്യം ഒരു മാസത്തേക്ക് നൽകിയിരുന്ന മരുന്നുകൾ പിന്നീട് ഒരാഴ്‌ചത്തേക്കും 5 ദിവസത്തേക്കുമാക്കി.
പിന്നീട് നൽകാതായി. അധികൃതരിൽ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്നറിയിച്ച് മരുന്ന് നൽകുന്നതും ലാബ് പരിശോധനയും ബന്ധപ്പെട്ട മെഡിക്കൽ സ്‌റ്റോറുകളും ലാബുകളും പൂർണമായി നിർത്തി. ആശുപത്രിയിൽ ലഭ്യമായ ചുരുക്കം ലാബ് പരിശോധനകളും മരുന്നുകളുമാണ് ഇപ്പോഴുള്ള ആശ്വാസം.
ബാക്കി വേണ്ട ലാബ് പരിശോധനയ്‌ക്കും മരുന്നുകൾക്കും കൂടി പണം കണ്ടെത്തേണ്ട ഗതികേടിലാണ് പട്ടിണിയകറ്റാൻ വഴി അന്വേഷിക്കുന്ന ഈ രോഗികൾ. ലാബ് പരിശോധനകൾക്ക് പ്രതിമാസം കുറഞ്ഞത് 1500 രൂപയെങ്കിലും വേണം. മരുന്നുകൾക്കും വേണം വലിയൊരു സംഖ്യ.
ജില്ലാ ആശുപത്രിയിൽ പ്രതിവർഷം ഒരു കോടി രൂപയോളം രൂപ ജില്ലാ പഞ്ചായത്ത് മരുന്നിനു വേണ്ടി ചെലവഴിക്കുന്നുണ്ട്. വിപുലമായ ലാബ് സൗകര്യവും ഉണ്ട്. എന്നാൽ വൃക്കരോഗികൾക്ക് ആവശ്യമായ മരുന്ന് ലഭ്യമാക്കാനും ലാബ് പരിശോധനകൾക്കും ആവശ്യമായ സൗകര്യമൊരുക്കണമെന്നതാണ് ആവശ്യം.