സംസ്ഥാന സർക്കാരിന്റെ ബജറ്റ് അവതരണം പ്രതീക്ഷകളോടെ കണ്ണുനട്ട് തിരൂർ: വിവിധ പദ്ധതികൾക്കായി വേണ്ടത് 160 കോടി രൂപയെങ്കിലും
Mail This Article
തിരൂർ ∙ ഒട്ടേറെ ആവശ്യങ്ങളുമായി ഏറെ പ്രതീക്ഷകളോടെയാണ് തിരൂർ ഇത്തവണ സംസ്ഥാന ബജറ്റ് അവതരണത്തെ കാത്തിരിക്കുന്നത്. അത്യാവശ്യം നടപ്പാക്കേണ്ട വിവിധ പദ്ധതികൾക്കായി 160 കോടി രൂപയെങ്കിലും തിരൂരിലേക്ക് അനുവദിക്കേണ്ടതുണ്ട്. ജില്ലയിലെ കാൻസർ രോഗികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി ബ്ലോക്കിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ഇത്തവണയെങ്കിലും ബജറ്റ് കനിയുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
25 കോടി രൂപയെങ്കിലും ഇതിനായി അനുവദിക്കേണ്ടതുണ്ട്. ഉപകരണങ്ങൾ എത്തിയാൽ ആശുപത്രിയിലെ നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ കേന്ദ്രത്തിന് പ്രവർത്തനം തുടങ്ങാനാകും. സിവിൽ സ്റ്റേഷനോടു ചേർന്ന് പുതിയ കെട്ടിടം നിർമിക്കാനുള്ള പണവും അനുവദിക്കേണ്ടതുണ്ട്.
സർക്കാർ ഓഫിസുകൾക്ക് സ്ഥിരം കെട്ടിടം
∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം സർക്കാർ ഓഫിസുകളാണ് വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്. ഇവയ്ക്കു വേണ്ടിയാണ് പുതിയ കെട്ടിടം നിർമിക്കേണ്ടത്. പലയിടങ്ങളായി ചിതറിക്കിടക്കുന്ന ഓഫിസുകൾ തേടി ജനം അലയുന്നത് ഇതുവഴി ഒഴിവാക്കാനാകും.
20 കോടി രൂപയാണ് ഇതിനു വേണ്ടത്. ആതവനാട് കാവുങ്ങൽ, പട്ടയിൽ കടവ്, കോലൂപ്പാലം, കട്ടച്ചിറ, കോതപറമ്പ് എന്നിവിടങ്ങളിൽ പാലങ്ങൾ അത്യാവശ്യമാണ്. 84 കോടി രൂപയാണ് ഇതിനെല്ലാമായി വേണ്ടത്.
പറവണ്ണയിൽ ടൂറിസം ബീച്ച്
∙ വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതകളുള്ള പറവണ്ണയിൽ ടൂറിസം ബീച്ച് നിർമിക്കണമെന്നത് ഏറെ കാലങ്ങളായുള്ള ആവശ്യമാണ്. ഭിന്നശേഷി സൗഹൃദമായ ഒരു ടൂറിസം ബീച്ച് നിർമിക്കാൻ 2 കോടി രൂപ അനുവദിക്കേണ്ടതുണ്ട്. കൂടാതെ വിവിധ റോഡ് പ്രവൃത്തികൾ, സ്കൂൾ കെട്ടിട നിർമാണങ്ങൾ തുടങ്ങിയവയ്ക്കും തുക അനുവദിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം കുറുക്കോളി മൊയ്തീൻ എംഎൽഎ ബജറ്റിലേക്കുള്ള തിരൂരിൽ നിന്നുള്ള നിർദേശങ്ങളായി നൽകിയിട്ടുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജനം.
∙മലയാള സർവകലാശാലയുടെ ആസ്ഥാന മന്ദിരത്തിനും ബജറ്റിൽ പണം അനുവദിക്കുമെന്ന പ്രതീക്ഷയുണ്ട്. മുൻപ് 20 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നെങ്കിലും ഇതുവരെ പണമെത്തിയിട്ടില്ല. ഇതിനൊപ്പം കൂടുതൽ തുക അനുവദിച്ച് സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ബജറ്റ് സഹായിക്കുമെന്നാണ് പ്രതീക്ഷ.